ബെംഗളൂരു: നഗരത്തിലെ ബെല്ലന്ദൂര്‍ തടാകം തുടര്‍ച്ചയായി പതഞ്ഞുപൊങ്ങുന്ന സംഭവത്തില്‍ സര്‍ക്കാരിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ രൂക്ഷവിമര്‍ശം. തടാകം പതഞ്ഞുപൊങ്ങുന്നത് തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാനാവശ്യപ്പെട്ട് ഹരിത ട്രിബ്യൂണല്‍ നോട്ടീസയച്ചു. ഏപ്രില്‍ 12-ന് മുമ്പ് നോട്ടീസിന് മറുപടിനല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നഗരത്തിലെ തടാകങ്ങള്‍ പതഞ്ഞുപൊങ്ങുന്നത് പതിവായിട്ടും സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന് ഹരിത ട്രിബ്യൂണല്‍ വിമര്‍ശിച്ചു.

സര്‍ക്കാര്‍, പരിസ്ഥിതിയെ പരിഹസിക്കുകയാണോയെന്നും ഇതൊഴിവാക്കാന്‍ ഇതുവരെ എന്തെല്ലാം ചെയ്തുവെന്നും ട്രിബ്യൂണല്‍ ചോദിച്ചു. ഈ വര്‍ഷം തടാകം പതഞ്ഞുപൊങ്ങിയതു മുതല്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ സര്‍ക്കാരിന്റെ നടപടികള്‍ നിരീക്ഷിച്ചുവരികയായിരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ കടുത്ത അലംഭാവമാണ് കാണിക്കുന്നതെന്ന് ഹരിത ട്രിബ്യൂണല്‍ വിലയിരുത്തി.

അതേസമയം, തടാകത്തില്‍ നിന്ന് തീ ഉയര്‍ന്ന സംഭവത്തില്‍ ചുമതലയുള്ള ബി.ബി.എം.പി., ബി.ഡി.എ., വാട്ടര്‍ അതോറിറ്റി എന്നിവയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ ലക്ഷ്മണ്‍ പറഞ്ഞു. തടാകത്തിന് സമീപം സ്വീവേജ് പ്ലാന്റ് നിര്‍മിക്കാന്‍ വാട്ടര്‍ അതോറിറ്റിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞമാസം തുടര്‍ച്ചയായി തടാകത്തില്‍ നിന്ന് അതിശക്തമായ പുകപടലങ്ങള്‍ ഉയരുകയും തീപടരുകയുമായിരുന്നു. തടാകത്തിന് സമീപ പ്രദേശങ്ങളിലേക്കും പുകപടലം വ്യാപിച്ചതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടായിരുന്നു. തടാകത്തിലും സമീപ പ്രദേശങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നതിനാലാണ് പതഞ്ഞുപൊങ്ങുന്നതെന്നും ഇത് തടയാന്‍ ബി.ബി.എം.പി. അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും പ്രദേശവാസികള്‍ ആരോപിച്ചിരുന്നു. തടാകങ്ങള്‍ തുടര്‍ച്ചയായി പതഞ്ഞുപൊങ്ങി തീപിടിക്കുന്നത് സമീപ വാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമോ എന്ന ഭീതിയിലാണ് ജനങ്ങള്‍.