ബെംഗളൂരു: കര്‍ണാടകത്തിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെ ജനതാദള്‍ (എസ്), കോണ്‍ഗ്രസ് എം.എല്‍.എ.മാരെ രണ്ട് പ്രത്യേക വിമാനങ്ങളിലായി കൊച്ചിയിലെത്തിക്കാനുള്ള നീക്കം പാളി. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ ഇവരെ കൊച്ചിയിലേക്കു കൊണ്ടുപോകാനായിരുന്നു പദ്ധതി. എന്നാല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ രാത്രി അനുമതി നിഷേധിച്ചു. ഇതേത്തുടര്‍ന്ന് കൊച്ചിയിലേക്ക് ഇവരെ എത്തിക്കാനായി ബദല്‍മാര്‍ഗം തേടുന്നുണ്ട്.

എം.എല്‍.എ.മാരെ കേരളത്തിലെത്തിക്കാനുള്ള ശ്രമത്തിന് കേന്ദ്രസര്‍ക്കാര്‍ തടസ്സം നിന്നതായി രാത്രിനടത്തിയ പത്രസമ്മേളനത്തില്‍ ജെ.ഡി.എസ്. നേതാവ് കുമാരസ്വാമി പറഞ്ഞു. കേരളത്തില്‍ ബി.ജെ.പി.വിരുദ്ധ സര്‍ക്കാരാണെന്നതും ജെ.ഡി.എസിന്റെ പങ്കാളിത്തവുമാണ് എം.എല്‍.എ.മാരെ കേരളത്തിലെത്തിക്കാനുള്ള നീക്കത്തിനുപിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി.

അതിനിടെ കോണ്‍ഗ്രസ് എം.എല്‍.എ.മാരെ പാര്‍പ്പിച്ച ബിഡദിയിലെ ഈഗിള്‍ ടണ്‍ റിസോര്‍ട്ടിന്റെ സുരക്ഷ കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു. റിസോര്‍ട്ടിലുണ്ടായിരുന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരെയാണ് പിന്‍വലിച്ചത്. ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉടനെയാണ് സുരക്ഷ റദ്ദാക്കാനുള്ള തീരുമാനമെടുത്തത്.

സുരക്ഷാ സംവിധാനമില്ലാത്തതിനാലാണ് എം.എല്‍.എ.മാരെ കേരളത്തിലേക്കു കടത്താന്‍ ജെ.ഡി.എസും കോണ്‍ഗ്രസും ശ്രമം തുടങ്ങിയത്. എം.എല്‍.എ.മാരെ മാറ്റാന്‍ തീരുമാനമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ വ്യക്തമാക്കിയിരുന്നു. റിസോര്‍ട്ടിലെ ജനപ്രതിനിധികളുടെ സുരക്ഷ ശിവകുമാറിനെയാണ് കോണ്‍ഗ്രസ് നേതൃത്വം ഏല്‍പ്പിച്ചത്. വിശാഖപട്ടണം, പഞ്ചാബ്, ഡല്‍ഹി, കേരളം എന്നീ സ്ഥലങ്ങളാണ് പരിഗണനയിലെന്നും അദ്ദേഹം അറിയിച്ചിരുന്നു.