ന്യൂഡല്‍ഹി: ചരക്കു-സേവന നികുതി ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് പാസാക്കേണ്ട നാലു ബില്ലുകള്‍ക്ക് കേന്ദ്രമന്ത്രിസഭ തിങ്കളാഴ്ച അനുമതി നല്‍കി. പണബില്ലുകളായി കൊണ്ടുവരുന്ന ഇവ ഈയാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കും.

കേന്ദ്ര ജി.എസ്.ടി. (സി.ജി.എസ്.ടി), സംയോജിത ജി.എസ്.ടി.(ഐ.ജി.എസ്.ടി),യൂണിയന്‍ ടെറിറ്ററി ജി.എസ്.ടി(യു.ജി.എസ്.ടി), ജി.എസ്.ടി(സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം) എന്നീ ബില്ലുകള്‍ക്കാണ് മന്ത്രിസഭ അനുമതി നല്‍കിയത്. കഴിഞ്ഞ ജി.എസ്.ടി. കൗണ്‍സില്‍ യോഗങ്ങള്‍ അംഗീകരിച്ച ബില്ലുകളാണ് ഇവ.

സംസ്ഥാന ജി.എസ്.ടി.(എസ്.ടി.ജി.എസ്.ടി) ബില്ലുകള്‍ എല്ലാ സംസ്ഥാന നിയമസഭകളിലുമാണ് അവതരിപ്പിച്ച് പാസാക്കേണ്ടത്. ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന ജി.എസ്.ടി. ബില്ലുകള്‍ ഒന്നിച്ചാണ് ചര്‍ച്ചയ്‌ക്കെടുക്കുക.

ജി.എസ്.ടി. കൗണ്‍സിലിന്റെ അടുത്തയോഗം ചട്ടങ്ങള്‍ക്കും വിവിധ നികുതി സ്ലാബുകളില്‍ ഉള്‍പ്പെടുത്തേണ്ട ഉത്പന്നങ്ങളുടെ പട്ടികയ്ക്കും രൂപംനല്‍കും. ആഡംബര കാറുകള്‍, കോള, പുകയില ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് ജി.എസ്.ടി.ക്കു പുറമേ സെസ് ചുമത്താന്‍ നേരത്തേ തീരുമാനിച്ചിട്ടുണ്ട്. പരമാവധി സെസ് 15 ശതമാനമായിരിക്കും.