ഗോരഖ്പുര്‍: ഓക്‌സിജന്‍ കിട്ടാതെ നവജാത ശിശുക്കള്‍ മരിച്ച സംഭവം ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കനത്ത തിരിച്ചടിയായി. പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ സ്വന്തം മേഖലയില്‍ നടന്ന ദുരന്തം എന്ന നിലയില്‍. മരണസംഖ്യ 64 ആണെന്നാണ് അനൗദ്യോഗിക വിവരം. 11 കുട്ടികളേ മരിച്ചിട്ടുള്ളൂവെന്നാണ് സര്‍ക്കാര്‍ വാദം.

ട്രോമാ സെന്റര്‍, ജപ്പാന്‍ ജ്വരം ബാധിച്ചവരുടെ വാര്‍ഡ്, നവജാത ശിശുക്കളെ കിടത്തിയ വാര്‍ഡ്, പകര്‍ച്ചവ്യാധി ഉള്ളവരുടെ വാര്‍ഡ്, പ്രസവവാര്‍ഡ് എന്നിവിടങ്ങളിലാണ് ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടത്. 90 ജംബോ സിലിന്‍ഡറുകള്‍ വഴിയാണ് ഈ വാര്‍ഡുകളില്‍ ഓക്‌സിജന്‍ വിതരണം. ഇവയില്‍ ഓക്‌സിജന്‍ തീര്‍ന്നതായി കണ്ടെത്താന്‍പോലും വൈകിയെന്നു പരാതി ഉയര്‍ന്നിട്ടുണ്ട്.

കണ്ടെത്തിയ ഉടന്‍ ഏജന്‍സിയെ അറിയിച്ചെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ അവര്‍ തയ്യാറായില്ല. തുടര്‍ന്ന് സമീപത്തെ എസ്.എസ്.ബി. ആസ്​പത്രിയില്‍നിന്ന് 10 സിലിന്‍ഡറുകള്‍ എത്തിച്ചെങ്കിലും അല്‍പ്പസമയത്തിനകം തീര്‍ന്നുപോയെന്നാണ് വിവരം. ഡ്യൂട്ടിഡോക്ടര്‍മാര്‍ കാര്യങ്ങള്‍ ഗുരുതരമാകുകയാണെന്ന് മേലധികാരികളെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നാണ് വിമര്‍ശം.

74 പേരാണ് ജപ്പാന്‍ ജ്വരം ബാധിച്ചവരുടെ വാര്‍ഡിലുണ്ടായിരുന്നത്. ഇതില്‍ 54 പേര്‍ വെന്റിലേറ്ററില്‍ ആയിരുന്നു. ഇവിടെ വെള്ളിയാഴ്ച രാവിലെ ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടു. പിന്നീട് പുനഃസ്ഥാപിച്ചു. എന്നാല്‍, കുട്ടികളുടെ വാര്‍ഡില്‍ വെന്റിലേറ്ററില്‍ കഴിയുന്ന നവജാത ശിശുക്കള്‍ ശ്വാസംകിട്ടാതെ മരിക്കുകയും ചെയ്തു.

പ്രിന്‍സിപ്പലിനു സസ്‌പെന്‍ഷന്‍

മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പല്‍ രാജീവ് മിശ്രയെ സസ്‌പെന്‍ഡ് ചെയ്തതായി ആസ്​പത്രി സന്ദര്‍ശിച്ച മന്ത്രി സിദ്ധാര്‍ഥനാഥ് സിങ്ങും മെഡിക്കല്‍ എജുക്കേഷന്‍ മന്ത്രി അശുതോഷ് ഠണ്ഡനും പറഞ്ഞു. മജിസ്റ്റീരിയല്‍ അന്വേഷണത്തിനു പുറമേ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സ്വതന്ത്ര ജുഡീഷ്യല്‍ അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചില്ല. കുട്ടികള്‍ മരിച്ചെന്നും ഇത് ഓക്‌സിജന്‍ കിട്ടാതെയാണ് എന്നുള്ള റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നുമാണ് മെഡിക്കല്‍ കോളേജ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. രവീന്ദ്ര കുമാര്‍ പറഞ്ഞത്.

ഓക്‌സിജന്‍ വിതരണം നിലച്ചിരുന്നില്ലെന്ന് ഏജന്‍സി

സിലിന്‍ഡര്‍ നല്കുന്ന ഏജന്‍സിയായ പുഷ്പ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഓക്‌സിജന്‍ സിലിന്‍ഡര്‍ വിതരണത്തില്‍ നിന്നു പിന്മാറിയെന്നത് നിഷേധിച്ചു. എന്നാല്‍, 68.5 ലക്ഷം രൂപ ലഭിക്കാന്‍ കത്തും നിവേദനവും നല്‍കിയിട്ടും ലഭിച്ചില്ലെന്നും വക്കീല്‍ നോട്ടീസുവരെ അയച്ചതായും മറുപടി ഉണ്ടായില്ലെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിരുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തും അയച്ചു. എന്നാല്‍, സിലിന്‍ഡര്‍ വിതരണം മുടക്കിയിട്ടില്ലെന്നാണ് ഇവരുടെ വാദം.

യോഗിയും പ്രതിക്കൂട്ടില്‍

വിഷയത്തില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടിലാക്കുന്ന കാര്യങ്ങള്‍ ഇവയാണ്:


* കഴിഞ്ഞ മേയില്‍ ഇതേ മെഡിക്കല്‍ കോളേജിന്റെ വികസനത്തിനും ചികിത്സാ സൗകര്യങ്ങളുടെ വിപുലീകരണത്തിനുമായി 37 കോടി രൂപയുടെ പദ്ധതി ആസ്​പത്രി സംസ്ഥാന സര്‍ക്കാരിന് അയച്ചിരുന്നു. ഈക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

* കേന്ദ്ര ഫണ്ട് ലഭിക്കാന്‍ അനുമതിക്കായി കാത്തിരിക്കുകയാണ് യോഗി സര്‍ക്കാര്‍ ചെയ്തത്. അഞ്ചുതവണ ഗോരഖ്പുര്‍ എം.പി. ആയ യോഗി മുഖ്യമന്ത്രി ആയിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് ഈ സ്ഥിതി എന്ന ചോദ്യവും ഉയരുന്നു.

* മൂന്നു ദിവസം മുമ്പ് യോഗി ആദിത്യനാഥ് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു വികസന പുരോഗതി വിലയിരുത്തിയിരുന്നു.

* ഗോരഖ്പുരിലെ ശിശുമരണ നിരക്ക് കുപ്രസിദ്ധമാണെന്ന് ഡോക്ടറും ആരോഗ്യമേഖലയിലെ സന്നദ്ധപ്രവര്‍ത്തകനുമായ എ.കെ. പ്രസാദ്. 2015-ല്‍ 491 കുട്ടികളും 2016-ല്‍ 641 കുട്ടികളും മരിച്ചു. ഈ വര്‍ഷം ഇതിനകം 124 കുട്ടികളും മരിച്ചെന്ന് സര്‍ക്കാരിന്റെ തന്നെ റിപ്പോര്‍ട്ടുണ്ടെന്ന് ഡോ. പ്രസാദ് പറയുന്നു.

* കിഴക്കന്‍ യു.പി.യില്‍ ഏറ്റവും കൂടുതല്‍ ശിശുമരണങ്ങള്‍ നടക്കുന്നതും യോഗിയുടെ മണ്ഡലത്തില്‍ത്തന്നെയെന്നുമാണ് ആരോപണം.