ന്യൂഡല്‍ഹി: ക്രിമിനല്‍, അഴിമതി കേസുകളില്‍ ശിക്ഷിക്കപ്പെട്ട നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ഇതേ ആവശ്യവുമായി ബി.ജെ.പി. നേതാവ് അശ്വിനി ഉപാധ്യായ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് കമ്മിഷന്‍ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം നല്‍കിയത്.

നിലവില്‍ ശിക്ഷപൂര്‍ത്തിയാക്കി ആറുവര്‍ഷംവരെയാണ് തിരഞ്ഞെടുപ്പില്‍ വിലക്ക്. രാഷ്ട്രീയനേതാക്കളുമായി ബന്ധപ്പെട്ട കേസുകളില്‍ വേഗം തീര്‍പ്പുണ്ടാക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.

കുറ്റം ചുമത്തപ്പെട്ട വ്യക്തിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാമോയെന്ന് വ്യക്തമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ജെ.എം. ലിങ്‌ദോ ഉള്‍പ്പെടെയുള്ളവരും ഇതേ ആവശ്യവുമായി ഹര്‍ജിനല്‍കിയിട്ടുണ്ട്. കേസ് പരിഗണിക്കാനുള്ള വിശാലബെഞ്ച് ഇതുവരെ രൂപവത്കരിച്ചിട്ടില്ല.