ന്യൂഡല്‍ഹി: ഐ.ടി. അധിഷ്ഠിത സ്‌കൂള്‍ വിദ്യാഭ്യാസത്തിലും ഇ-സേവനം, ഫെയ്‌സ്ബുക്ക് ഉപയോഗം തുടങ്ങിയവയിലും രാജ്യത്ത് ഏറ്റവും മുന്നില്‍ കേരളമാണെന്ന് സര്‍വ്വേ. 'ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ' നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍. അതേസമയം, ഇന്റര്‍നെറ്റ് ഉപഭോഗത്തിലെ എല്ലാ ഘടകങ്ങളും കണക്കിലെടുത്താല്‍ ഇന്റര്‍നെറ്റ് സജ്ജ സംസ്ഥാനങ്ങളില്‍ മൂന്നാംസ്ഥാനത്താണ് കേരളം. മഹാരാഷ്ട്രയ്ക്കും കര്‍ണ്ണാടകയ്ക്കുമാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍.

ഇ-അടിസ്ഥാനസൗകര്യം, ഇ-പങ്കാളിത്തം, ഐ.ടി. പരിസരം, സര്‍ക്കാര്‍ ഇ-സേവനം എന്നീ നാലു ഘടകങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ് സൂചിക. ഐ.ടി. അധിഷ്ഠിത സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ മുന്‍പന്തിയിലാണ് കേരളം. 4071 സെക്കന്‍ഡറി-ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഐ.ടി. സൗകര്യമുണ്ട്. ബ്രോഡ്ബാന്‍ഡ് ശൃംഖലയോടെയുള്ള ക്ലാസ് മുറികളും 160 പരിശീലകരും 5600 സ്‌കൂള്‍തല കോ-ഓര്‍ഡിനേറ്റര്‍മാരും കേരളത്തിലുണ്ട്.

വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സമ്പൂര്‍ണ, സ്‌കൂളുകള്‍ തമ്മില്‍ വിവര വിനിമയത്തിനുള്ള സ്‌കൂള്‍ വിക്കി, അധ്യാപകരുടെ വിവരങ്ങളുള്ള സ്​പാര്‍ക്ക്, പാഠപുസ്തകങ്ങളുള്ള ടെക്സ്റ്റ്ബുക്ക് ഇന്‍ഡെന്‍ഡിങ് സംവിധാനം, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇ-സംവിധാനം, സ്‌കൂള്‍ ജി.ഐ.എസ്. മാപ്പിങ്, പരീക്ഷാസംവിധാനം, പഠനസഹായത്തിനുള്ള സൈറ്റ്‌സ് ഡിജിറ്റല്‍ ഉള്ളടക്ക സംവിധാനം എന്നിവ ഇ-വിദ്യാഭ്യാസത്തിന്റെ നേട്ടങ്ങളായി വിലയിരുത്തി. കംപ്യൂട്ടര്‍ സൗകര്യമുള്ളതാണ് സംസ്ഥാനത്തെ 93 ശതമാനം സ്‌കൂളുകളും.

മൊബൈല്‍ ഉപഭോക്താക്കളിലും ഒന്നാമതാണ് കേരളം. നൂറു പേരെടുത്താല്‍ അമ്പതിലേറെയും ഇന്റര്‍നെറ്റ് ലഭ്യതയുള്ള മൊബൈല്‍ വരിക്കാരാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. മൊബൈല്‍ വരിക്കാര്‍ വഴിയുള്ള വരുമാനം, ഇ-സേവനങ്ങള്‍, ഇ-ഇടപാടുകള്‍, പൗരസേവനത്തിനുള്ള ഇ-വാണിജ്യം, ഫെയ്‌സ്ബുക്ക് ഉപയോഗം എന്നിവ അടിസ്ഥാനമാക്കിയുള്ള ഇ-പങ്കാളിത്തത്തില്‍ രാജ്യത്ത് ഏറ്റവും മുന്നിലാണ് കേരളം.

ഒരു വ്യക്തിയില്‍ നിന്ന് ശരാശരി 199 രൂപ മൊബൈല്‍ ഉപയോഗത്തിലൂടെ വരുമാനമായി സംസ്ഥാനത്തു ലഭിക്കുന്നു. ഇ-സേവനങ്ങളില്‍ കേരളത്തില്‍ നടപ്പാക്കിയ സംസ്ഥാന ഡേറ്റ സെന്റര്‍, കേരള സ്റ്റേറ്റ് ഏരിയ നെറ്റ്വര്‍ക്ക്, അക്ഷയ തുടങ്ങിയവയുടെ പ്രവര്‍ത്തനം പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു.

ഇ-അടിസ്ഥാന സൗകര്യത്തില്‍ രണ്ടാം സ്ഥാനത്താണ് കേരളം. നൂറുപേരെടുത്താല്‍ 95 പേര്‍ക്ക് ടെലിഫോണ്‍ കണക്ഷനുണ്ട്. മൊബൈല്‍ വരിക്കാരില്‍ 57 ശതമാനവും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരാണെന്നും സര്‍വേ വിലയിരുത്തി. ഇന്റര്‍നെറ്റ് സൗകര്യത്തിനുള്ള തയ്യാറെടുപ്പു സൂചികയില്‍ ലോകത്തെ 144 രാജ്യങ്ങളില്‍ 89-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 2016-ല്‍ 91-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെന്ന് പഠനം ചൂണ്ടിക്കാട്ടി. 'ഡിജിറ്റല്‍ ഇന്ത്യ' എന്ന ലക്ഷ്യത്തെ പിന്നോട്ടടിപ്പിക്കുന്നതാണ് ഈ വീഴ്ച.