ന്യൂഡല്‍ഹി: കേരളത്തില്‍ ബി.ജെ.പി. നടത്തുന്ന അക്രമങ്ങള്‍ തുറന്നുകാട്ടി ദേശവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി സി.പി.എം. ഇതിന്റെ മുന്നോടിയായി ഒമ്പതിന് രാജ്യവ്യാപകമായി പ്രതിഷേധദിനം സംഘടിപ്പിക്കുമെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേരളത്തിലെ യഥാര്‍ഥ അക്രമികള്‍ ബി.ജെ.പി.ക്കാരാണെന്ന് തുറന്നുകാട്ടാനാണ് പ്രക്ഷോഭമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ബി.ജെ.പി.യും ആര്‍.എസ്.എസ്സും നടത്തിയ അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും പട്ടികയും സി.പി.എം. പുറത്തുവിട്ടു.

തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ടു കേരളത്തെ പരീക്ഷണ ശാലയാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ക്കുകയാണ് ബി.ജെ.പി.യും ആര്‍.എസ്.എസ്സും. മുസ്ലിങ്ങള്‍ ഏറെയുള്ള ഉത്തര കേരളത്തില്‍ വര്‍ഗീയധ്രുവീകരണമുണ്ടാക്കി സംഘര്‍ഷമുണ്ടാക്കുകയാണ് സംഘപരിവാര്‍ അജന്‍ഡ -യെച്ചൂരി പറഞ്ഞു.

കേരളത്തില്‍ അക്രമങ്ങള്‍ക്ക് തുടക്കമിട്ടത് ബി.ജെ.പി.യാണ്. നിയമസഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനു പിന്നാലെ, വിജയാഘോഷത്തിനിടെ ബോംബാക്രമണം നടത്തി സി.പി.എം. പ്രവര്‍ത്തകനെ കൊലപ്പെടുത്തി. ആര്‍.എസ്.എസ്. കേന്ദ്രങ്ങളില്‍നിന്നും ബോംബുകളും ആയുധങ്ങളുമെല്ലാം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ജനങ്ങളില്‍ ഭയമുണ്ടാക്കിയും സാമുദായിക ധ്രുവീകരണമുണ്ടാക്കിയും വിദ്വേഷത്തിന്റെ ഹിന്ദുത്വരാഷ്ട്രീയം വളര്‍ത്തുകയാണ് സംഘപരിവാര്‍. ബംഗാളില്‍ ബി.ജെ.പി. ചെയ്യുന്നതും ഇതാണെന്ന് യെച്ചൂരി പറഞ്ഞു. വര്‍ഗീയ സംഘര്‍ഷങ്ങളില്‍ ആര്‍.എസ്.എസിനെ പ്രതിസ്ഥാനത്തു നിര്‍ത്താത്ത ഒരു അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടുമില്ലെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

പ്രതിപക്ഷപാര്‍ട്ടികളില്‍ പ്രത്യയശാസ്ത്ര പ്രതിബദ്ധതയുള്ളത് ഇടതുപക്ഷത്തിനായതിനാല്‍ ബി.ജെ.പി. തങ്ങളെ ലക്ഷ്യംവെയ്ക്കുന്നു. മോദി സര്‍ക്കാര്‍ രാജ്യത്തെ സര്‍വനാശത്തിലെത്തിച്ചു. ജനങ്ങളുടെ അസംതൃപ്തി തെളിയിക്കുന്നതാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍. അതില്‍ നിന്നു ശ്രദ്ധതിരിക്കാനാണ് ബി.ജെ.പി.യും ആര്‍.എസ്.എസ്സും അക്രമങ്ങള്‍ ആസൂത്രണം ചെയ്യുന്നതെന്നും സി.പി.എം. കുറ്റപ്പെടുത്തി. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ വൃന്ദാ കാരാട്ട്, എം.എ. ബേബി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.