ചെന്നൈ: സിനിമയിലെ രംഗങ്ങള്‍ ഒളിച്ചോടാന്‍ പ്രേരിപ്പിച്ചെന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊഴിയില്‍ സെന്‍സര്‍ബോര്‍ഡ് അധ്യക്ഷന് മദ്രാസ് ഹൈക്കോടതിയുടെ സമന്‍സ്. സെന്‍സര്‍ബോര്‍ഡ് അധ്യക്ഷനോടും ഉദ്യോഗസ്ഥരോടും മാര്‍ച്ച് 27-ന് കോടതിയില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം.
 
പോക്‌സോ രംഗങ്ങളുള്ള ദൃശ്യങ്ങള്‍ വെട്ടിമാറ്റാതെ സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയതിന് ഇവര്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് എസ്. നാഗമുത്തു, ജസ്റ്റിസ് അനിത സുമന്ത് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശം നല്‍കി.

മയിലാടുതുറൈയിലുള്ള പ്‌ളസ് ടു വിദ്യാര്‍ഥിനി അയല്‍വാസിയായ 22-കാരനൊപ്പം കഴിഞ്ഞവര്‍ഷം മേയില്‍ ഒളിച്ചോടിയിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയപ്പോള്‍ നാലുമാസം ഗര്‍ഭിണിയായിരുന്നു. പല തമിഴ്‌സിനിമകളിലും കണ്ട ദൃശ്യങ്ങളാണ് തന്നെ ഒളിച്ചോടാന്‍ പ്രേരിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.