ചെന്നൈ: കേരളാതിര്‍ത്തിയോടുചേര്‍ന്ന് തമിഴ്‌നാട്ടിലെ തേനിയിലൊരുങ്ങുന്ന കണികാപരീക്ഷണശാലയ്ക്കുള്ള കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന്റെ അനുമതി ദേശീയ ഹരിത ട്രിബ്യൂണല്‍ ചെന്നൈ ബെഞ്ച് റദ്ദാക്കി.

ഇതിനായി പാരിസ്ഥിതികപഠനം നടത്തിയ ഏജന്‍സിയുടെ കണ്ടെത്തലുകള്‍ ട്രിബ്യൂണല്‍ അംഗീകരിച്ചില്ല. അംഗീകൃത ഏജന്‍സിയല്ല പഠനം നടത്തിയതെന്നും പുതിയ ഏജന്‍സിയെക്കൊണ്ട് പഠനം നടത്തിക്കണമെന്നും ചെന്നൈ ബെഞ്ച് അധ്യക്ഷന്‍ ജസ്റ്റിസ് പി. ജ്യോതിമണി നിര്‍ദേശിച്ചു. പഠനത്തിന് വീണ്ടും അനുമതിതേടി അപേക്ഷ നല്‍കാവുന്നതാണെന്നും വ്യക്തമാക്കി. 'പൂവുലകിന്‍ നന്‍പര്‍കള്‍' എന്ന പരിസ്ഥിതിസംഘടന നല്‍കിയ ഹര്‍ജിയിലാണ് വിധി.

തേനി പോട്ടിപ്പുറം ഗ്രാമത്തിലാണ് 'ഇന്ത്യ ബേസ്ഡ് ന്യൂട്രീനോ ഒബ്‌സര്‍വേറ്ററി' എന്ന കണികാപരീക്ഷണപദ്ധതി ആരംഭിക്കാന്‍ തീരുമാനമായത്. ഇതിനായി ആദ്യം കണ്ടെത്തിയ സ്ഥലം നീലഗിരിയിലെ സിങ്കാരക്കുന്നുകളായിരുന്നു. എന്നാല്‍, അത് മുതുമല കടുവാസങ്കേതത്തില്‍പ്പെട്ട സ്ഥലമായതിനാല്‍ കേന്ദ്ര പരിസ്ഥിതിമന്ത്രാലയം അനുമതി നല്‍കിയില്ല.

2010-ലാണ് പരിസ്ഥിതിമന്ത്രാലയം തേനിയില്‍ കണികാപരീക്ഷണശാല സ്ഥാപിക്കാന്‍ അനുമതി നല്‍കിയത്. ഇതോടെ പ്രാരംഭപ്രവര്‍ത്തനങ്ങളും തുടങ്ങി. 1500 കോടി രൂപയാണു പദ്ധതിച്ചെലവു കണക്കാക്കിയത്. സംരക്ഷിതവനമേഖലയിലെ രണ്ടുകിലോമീറ്റര്‍ പരിധിയിലെ 63 ഏക്കര്‍ സ്ഥലമായിരുന്നു ഇതിനായി തിരഞ്ഞെടുത്തത്. 1.3 കിലോമീറ്റര്‍ ഉയരമുള്ള തരിശായ പൊട്ടിപ്പുറംമല പദ്ധതിക്കായി കണ്ടെത്തി. 4300 അടി താഴ്ചയില്‍ മലയില്‍ തുരങ്കമുണ്ടാക്കി കണികാപരീക്ഷണം നടത്താനായിരുന്നു പദ്ധതി.

നിര്‍മാണപ്രവൃത്തികള്‍ തുടങ്ങിയപ്പോഴാണ് വിവരം നാട്ടുകാരുള്‍പ്പെടെ പുറംലോകമറിഞ്ഞത്. ഇതേത്തുടര്‍ന്ന്, എം.ഡി.എം.കെ. നേതാവ് വൈകോയുടെ നേതൃത്വത്തില്‍ തേനിയില്‍ ജനകീയസമരം തുടങ്ങി. കേരളത്തില്‍ വി.എസ്. അച്യുതാനന്ദനടക്കമുള്ള നേതാക്കളുടെ പിന്തുണയും തേടി. പൊതുജനങ്ങളുടെ പ്രതിഷേധം നിലനില്‍ക്കെത്തന്നെ 2015-ലാണ് കണികാപരീക്ഷണശാലാ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.

തുടക്കത്തില്‍ത്തന്നെ പദ്ധതിയുടെ ദോഷവശങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. പരീക്ഷണശാല നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലം പശ്ചിമഘട്ടത്തിലെ സംരക്ഷിതവനമേഖലയാണ്. പദ്ധതിക്കായി എട്ടുലക്ഷം ടണ്‍ പാറ പൊട്ടിക്കേണ്ടിവരും. തേനിക്കടുത്തുള്ള മുല്ലപ്പെരിയാറടക്കമുള്ള അണക്കെട്ടുകള്‍ അപകടത്തിലാകാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെട്ടിരുന്നു. കേരളത്തിലെ സംരക്ഷിതവനമേഖലയായ മതികെട്ടാന്‍ചോലയ്ക്ക് പദ്ധതി ദോഷംവരുത്തുമെന്നും ഹര്‍ജിക്കാര്‍ ട്രിബ്യൂണലില്‍ ചൂണ്ടിക്കാട്ടി.

ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍, ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് എന്നിവയടക്കം ഏഴു പ്രഖ്യാത ഗവേഷണസ്ഥാപനങ്ങളുടെ സംയുക്തസംരംഭമാണ് 'ഇന്ത്യാ ബേസ്ഡ് ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി'.