ബെംഗളൂരുവില്‍ പ്രവാസി ഭാരതീയ ദിവസിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കള്ളപ്പണവും അഴിമതിയും നമ്മുടെ സമ്പദ്‌മേഖലയെയും ഭരണവ്യവസ്ഥയെയും സമൂഹത്തെയും രാജ്യത്തെത്തന്നെയും പൊള്ളയാക്കുകയാണ്. അതിനെതിരെ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയ യുദ്ധം ജനവിരുദ്ധമാണെന്നാണ് ചിലരുടെ വാദം. കള്ളപ്പണത്തെയും അഴിമതിയെയും ആരാധിക്കുന്ന രാഷ്ട്രീയ പൂജാരികളാണവര്‍. എന്നാല്‍ സര്‍ക്കാരിന്റെ നടപടികള്‍ക്ക് പ്രവാസിസമൂഹം വലിയ പിന്തുണയാണ് നല്‍കിയത് -മോദി പറഞ്ഞു.

മൂന്നുകോടിയിലേറെ വരുന്ന ഇന്ത്യന്‍ പ്രവാസിസമൂഹത്തിന് രാഷ്ട്രപുരോഗതിയില്‍ നിര്‍ണായക പങ്കുവഹിക്കാനുണ്ട്. എണ്ണത്തില്‍ മാത്രമല്ല, പ്രവാസികള്‍ നല്‍കിയ സംഭാവനകളിലും അവര്‍ ആദരിക്കപ്പെടേണ്ടതാണ്. പ്രവാസിസമൂഹം വഴി ഓരോ വര്‍ഷവും എത്തുന്ന 7000 കോടിയോളം ഡോളര്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ കരുത്താണ് പകരുന്നത്.

ഇതെല്ലാം കണക്കിലെടുത്താണ് പ്രവാസിക്ഷേമപദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മുന്തിയ പരിഗണനനല്‍കുന്നത്. വിദേശ റിക്രൂട്ട്‌മെന്റിലെ തട്ടിപ്പ് തടയാന്‍ കര്‍ക്കശനടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അനധികൃത റിക്രൂട്ടിങ് ഏജന്റുമാര്‍ക്കെതിരെ വിട്ടുവീഴ്ചയുണ്ടാവില്ല. അവര്‍ക്കെതിരെ കര്‍ക്കശ നിയമനടപടിക്ക് സി.ബി.ഐയ്ക്കും പോലീസിനും നിര്‍ദേശം നല്‍കും.

റിക്രൂട്ടിങ് ഏജന്‍സികളുടെ നിര്‍ബന്ധ ബാങ്ക് ഗ്യാരണ്ടി 20 ലക്ഷത്തില്‍നിന്ന് 50 ലക്ഷം രൂപയായി ഉയര്‍ത്തും. പ്രവാസികളുടെ ആവശ്യങ്ങള്‍ നടപ്പാക്കാനും പരാതികളില്‍ അടിയന്തര പരിഹാരമുണ്ടാക്കാനും എല്ലാ എംബസികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈനുകള്‍ ഏര്‍പ്പെടുത്തുന്നുണ്ട്.

പി.ഐ.ഒ. (പഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍) കാര്‍ഡുടമകളായ പ്രവാസികള്‍ അത് ഒ.സി.ഐ. (ഓവര്‍സീസ് ഇന്ത്യന്‍ സിറ്റിസന്‍സ്) കാര്‍ഡിലേക്ക് മാറ്റണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. പിഴകൂടാതെ കാര്‍ഡ് മാറ്റാനുള്ള അവസരം ഈ വര്‍ഷം ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. ഡല്‍ഹി, ബെംഗളൂരു വിമാനത്താവളങ്ങളില്‍ ഒ.സി.ഐ. കാര്‍ഡുടമകള്‍ക്കായി പ്രത്യേക ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ തുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍യുവാക്കള്‍ക്ക് വിദേശങ്ങളില്‍ മെച്ചപ്പെട്ട തൊഴില്‍ ലഭിക്കാന്‍ 'പ്രവാസി കൗശല്‍ യോജന' എന്ന പേരില്‍ നൈപുണ്യവികസനപദ്ധതി നടപ്പാക്കും.

പ്രവാസി ഭാരതീയ ദിവസിലെ മുഖ്യാതിഥിയായ പോര്‍ച്ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ കോസ്ത, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കേന്ദ്രമന്ത്രിമാരായ അനന്ത് കുമാര്‍, വി.കെ. സിങ്, കര്‍ണാടകമന്ത്രി ആര്‍.വി. ദേശ്പാണ്ഡെ തുടങ്ങിയവര്‍ പ്രസംഗിച്ചു.

14-ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം തിങ്കളാഴ്ച സമാപിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമ്മേളനത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സമാപനപ്രസംഗം നടത്തും. മികവുപ്രകടിപ്പിച്ച 30 പേര്‍ക്ക് പ്രവാസി ഭാരതീയ സമ്മാന്‍ അദ്ദേഹം വിതരണംചെയ്യും.