sudheeranന്യൂഡല്‍ഹി: ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ വിധി മറികടന്ന് ബാറുകളുടെ ലൈസന്‍സ് പുതുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ സുപ്രീംകോടതിയില്‍. സര്‍ക്കാര്‍ നീക്കം സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

വിധി ബാറുകള്‍ക്കും ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ക്കും ബാധകമല്ലെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി സംസ്ഥാനസര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നു. ഇത് വിചിത്രമാണ്. ബാറുകള്‍ക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറലാണ് സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനാണ് കോടതി പാതയോരങ്ങളിലെ മദ്യശാലകള്‍ നിരോധിച്ചതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഡി.ജി.പി.ക്കും അയച്ച വക്കീല്‍നോട്ടീസിന്റെ പകര്‍പ്പും സുധീരന്‍ സമര്‍പ്പിച്ചു.

പാതയോരങ്ങളിലെ മദ്യശാലകള്‍ നീക്കണമെന്ന ഉത്തരവ് നടപ്പാക്കാന്‍ കൂടുതല്‍ സമയംതേടി അസം, പുതുച്ചേരി സര്‍ക്കാരുകള്‍ നല്‍കിയ ഹര്‍ജികള്‍ തിങ്കളാഴ്ച ലിസ്റ്റ് ചെയ്തിരുന്നെങ്കിലും പരിഗണിച്ചില്ല.

സംസ്ഥാനത്ത് നിലവിലെ മദ്യ വില്പന ലൈസന്‍സ് മാര്‍ച്ച് 31 -ന് അവസാനിക്കും. പാതയോരത്തെ ബാര്‍ ഹോട്ടലുകള്‍ക്കും ബിയര്‍ പാര്‍ലറുകള്‍ക്കും ലൈസന്‍സ് പുതുക്കി നല്‍കാനാണ് ഇപ്പോഴത്തെ നീക്കമെന്ന് സുധീരന്റെ ഹര്‍ജിയില്‍ പറയുന്നു.