ഇന്നലെ ഉച്ചവരെ നിേക്ഷപിച്ചത് രണ്ടുലക്ഷംകോടിയെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: പിന്‍വലിച്ച നോട്ടുകള്‍ക്കുപകരം വേണ്ടത്ര കറന്‍സിനോട്ടുകള്‍ ലഭിക്കാതെ പൊതുജനം നെട്ടോട്ടം ഓടവേ, എ.ടി.എമ്മുകള്‍ പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാകാന്‍ രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്ന് കേന്ദ്രസര്‍ക്കാര്‍. ആദ്യദിവസങ്ങളില്‍ ജനങ്ങള്‍ക്ക് ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ നേരത്തേ കണക്കുകൂട്ടിയിരുന്നതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടക്കാല, ദീര്‍ഘകാല മെച്ചംനോക്കുമ്പോള്‍ താത്കാലിക പ്രയാസം ഗുരുതരമല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
500-ന്റെയും 2000-ത്തിന്റെയും നോട്ടുകള്‍ ലഭ്യമാക്കുന്നതിന് എ.ടി.എമ്മുകള്‍ പുനഃക്രമീകരിക്കുന്ന ജോലി തുടങ്ങിയത് നവംബര്‍ എട്ടാം തീയതിക്കുശേഷം മാത്രമാണ്. നോട്ടുകള്‍ അസാധുവാക്കുന്ന വിവരം രഹസ്യമായിസൂക്ഷിക്കാനാണത്. രണ്ടുലക്ഷം എ.ടി.എമ്മുകളിലും 'ടെക്‌നിക്കല്‍ ടീം' നേരിട്ടുചെന്നാണ് പുനഃക്രമീകരണം നടത്തുന്നത്. അതിന് സമയമെടുക്കും. പുതിയ 500 രൂപയുടെ കുറച്ചുനോട്ടുകള്‍ ഇറങ്ങിയിട്ടുണ്ട്. അച്ചടി പൂര്‍ത്തിയാകുന്നമുറയ്ക്ക് ബാക്കി പുറത്തിറക്കും.
കള്ളപ്പണം പുറത്തുകൊണ്ടുവരുന്നത് ഇഷ്ടപ്പെടാത്തവരാണ് പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത്. ആദ്യംദിവസം മുതലേ അത് തുടങ്ങിയിരുന്നു. പുതിയ നോട്ടില്‍ ചിപ്പ് ഉണ്ട്, ലോക്കറുകള്‍ ഡിജിറ്റല്‍വത്കരിക്കാന്‍ ആലോചിക്കുന്നു, ഉപ്പു കിട്ടാനില്ല, നോട്ടുകള്‍ അസാധുവാക്കുന്നത് ചിലര്‍ നേരത്തേ അറിഞ്ഞിരുന്നു തുടങ്ങിയവ ഇത്തരം അഭ്യൂഹങ്ങളാണ്.

ജന്‍ധന്‍ അക്കൗണ്ടുകള്‍ ചിലര്‍ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ ഏജന്‍സികള്‍ നടപടിയെടുക്കും. ശനിയാഴ്ച ഉച്ച 12 മണിവരെ രാജ്യത്തെ എല്ലാ ബാങ്കുകളിലുമായി രണ്ടുലക്ഷം കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. സ്റ്റേറ്റ് ബാങ്കില്‍ മാത്രം 47,868 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 14 ലക്ഷം കോടിയുടെ പഴയ നോട്ടുകളാണ് പ്രചാരത്തിലുള്ളത്.

വേതനവും മറ്റും പണമായി നല്‍കുന്നതിനാല്‍ ഇളവ് ആവശ്യപ്പെട്ട് ചായത്തോട്ട മേഖലയില്‍നിന്നുള്‍പ്പെടെ ഒട്ടേറെ നിവേദനങ്ങള്‍ സര്‍ക്കാറിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ അവയൊന്നും അംഗീകരിക്കാന്‍ നിര്‍വാഹമില്ല. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള കൂലി നല്‍കുന്നതുപോലും തൊഴിലാളികളുടെ അക്കൗണ്ടിലാണ്.

ആ നിലയ്ക്ക് എല്ലാവരും അതുപോലെ ചെയ്യണം. ഒഴിവ് ആവശ്യപ്പെടുന്നത് നിലവിലുള്ള നിയന്ത്രണത്തെ മറികടക്കാനാണ്. അത് അനുവദിക്കില്ല. സ്വകാര്യ ആസ്​പത്രികളില്‍ പഴയ നോട്ടുകള്‍ സ്വീകരിക്കണമെന്ന ആവശ്യവും അനുവദിക്കാനാവില്ല. ഒരു സ്വകാര്യ സ്ഥാപനവും പണംമാറ്റുന്ന കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കരുതെന്നും ധനമന്ത്രി പറഞ്ഞു.

എല്ലാവരും ഓടിപ്പിടിച്ച് ബാങ്കിലേക്ക് പോകേണ്ട

എ.ടി.എമ്മുകള്‍ക്കും ബാങ്കുകള്‍ക്കുംമുന്നിലുള്ള നീണ്ട വരിയെക്കുറിച്ചും ജനങ്ങളുടെ പ്രയാസത്തെക്കുറിച്ചും സര്‍ക്കാറിന് ബോധ്യമുണ്ട്. നോട്ടിന് ക്ഷാമമില്ല. ജനങ്ങള്‍ പരിഭ്രാന്തരാകുകയോ അഭ്യൂഹങ്ങള്‍ക്ക് അടിപ്പെടുകയോ ചെയ്യരുത്. പഴയ നോട്ടുകള്‍ തിരികെനിക്ഷേപിക്കാന്‍ എല്ലാവരും ഉടന്‍തന്നെ ഓടിപ്പിടിച്ച് ബാങ്കുകളിലേക്ക് പോകണമെന്നില്ല. ഡിസംബര്‍ 30 വരെ സമയമുണ്ട്. ബാങ്കുകളിലും പോസ്റ്റോഫീസുകളിലും പണമെടുക്കാന്‍ പോകുന്നവര്‍, ചെറിയ നോട്ടുകള്‍ക്ക് നിര്‍ബന്ധം പിടിക്കരുത്.