ന്യൂഡല്‍ഹി: റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് അടിയന്തരചികിത്സ ലഭ്യമാക്കാന്‍ രാജ്യമൊട്ടുക്കും ദേശീയപാതകളോടുചേര്‍ന്ന് 1200 ട്രോമാസെന്ററുകള്‍ സ്ഥാപിക്കാന്‍ ഗതാഗതമന്ത്രാലയം തീരുമാനിച്ചു. അടുത്ത മൂന്നുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും.
 
ഇതിന് 3000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തുടര്‍ച്ചയായി അപകടങ്ങളുണ്ടാവുന്ന സ്ഥലങ്ങളാണ് ട്രോമാസെന്ററുകള്‍ക്കായി തിരഞ്ഞെടുത്തിട്ടുള്ളത്.
 
ദേശീയപാതകളിലെ അതി അപകടമേഖലകളായ 726 'കൊലനിലങ്ങള്‍' സുരക്ഷിതമാക്കാനുള്ള പദ്ധതി കഴിഞ്ഞയാഴ്ച മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചിരുന്നു. മൊത്തം 11,000 കോടി രൂപയാണ് ഇതിന് നീക്കിവെച്ചത്. കേരളത്തിലെ മൂന്ന് ദേശീയപാതകളിലും കൂടി 29 അതി അപകടമേഖലകളുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷത്തില്‍ ഈ കൊലനിലങ്ങളില്‍ മരിച്ചത് 806 പേരാണ്.
 
ഓരോ വര്‍ഷവും രാജ്യത്ത് അഞ്ചുലക്ഷത്തോളം റോഡപകടങ്ങളുണ്ടാവുന്നു. ഒന്നരലക്ഷം ആളുകള്‍ മരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ട്രോമാസെന്ററുകള്‍ സ്ഥാപിക്കുന്നത്. അപകടം നടന്നയുടന്‍ വിദഗ്ധചികിത്സ ലഭ്യമാക്കിയാല്‍ മരണസംഖ്യ കുറയുമെന്നാണ് പ്രതീക്ഷ.
 
സ്വകാര്യമേഖലയുടെയും സന്നദ്ധസ്ഥാപനങ്ങളുടെയും സഹായത്തോടെയാവും സെന്ററുകള്‍ സ്ഥാപിക്കുക. ആവശ്യമായ ഭൂമി സര്‍ക്കാര്‍ പാട്ടത്തിന് നല്‍കും. ഒരു ട്രോമാസെന്ററിന് ഏതാണ്ട് 15,000 ചതുരശ്ര അടിസ്ഥലം വേണം. ദേശീയപാതകളില്‍ ഓരോ 100 കിലോമീറ്ററിലും ഓരോ ട്രോമാസെന്റര്‍ വേണമെന്നാണ് ദേശീയപാതാ അതോറിറ്റിയുടെ മുന്‍ മാര്‍ഗനിര്‍ദേശം. എന്നാല്‍, ഫണ്ടും സ്ഥലവും ഇല്ലാത്തതിനാല്‍ ഈ നിര്‍ദേശം ഫലപ്രദമായി നടപ്പാക്കാന്‍ സാധിച്ചിട്ടില്ല.
 
1200 ട്രോമാസെന്ററുകളില്‍ എത്രയെണ്ണം കേരളത്തിന് ലഭിക്കുമെന്ന് ഈ ഘട്ടത്തില്‍ പറയാനാവില്ല. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ദേശീയപാതകള്‍ക്ക് സമീപം വേണ്ടത്ര സ്ഥലം കണ്ടെത്തുക തന്നെയാവും ഏറ്റവുംവലിയ വെല്ലുവിളി.