ബെംഗളൂരു: ബെംഗളൂരുവില്‍ റെയില്‍പ്പാളത്തില്‍നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ മൂന്നു വിദ്യാര്‍ഥികള്‍ തീവണ്ടി തട്ടി മരിച്ചു.

ജയനഗര്‍ നാഷണല്‍ കോളേജ് വിദ്യാര്‍ഥികളായ പ്രഭു ആനന്ദ് (18), രോഹിത്ത് (16), പ്രതേക് റയകാര്‍(20) എന്നിവരാണ് മരിച്ചത്. ബിഡദി റെയില്‍വേ സ്റ്റേഷനും ഹെജ്ജാല സ്റ്റേഷനും ഇടയില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. ബെംഗളൂരുവില്‍നിന്ന് മൈസൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ഗോള്‍ഗുമ്പാസ് എക്‌സ്​പ്രസ്സാണ് വിദ്യാര്‍ഥികളെ ഇടിച്ചത്.

തീവണ്ടി അടുത്തെത്തിയിട്ടും പാളത്തില്‍നിന്ന് മാറാതിരുന്ന ഇവരുടെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. മൃതദേഹങ്ങള്‍ അരക്കിലോമീറ്ററോളം വലിച്ചുകൊണ്ടു പോയതായി പോലീസ് പറഞ്ഞു. തിരിച്ചറിയാന്‍ സാധിക്കാത്തവിധം മൃതദേഹങ്ങള്‍ ചിന്നിച്ചിതറി. കെങ്കേരിയിലെ സര്‍ക്കാര്‍ ആസ്​പത്രിയിലേക്കു മാറ്റിയ മൃതദേഹങ്ങള്‍ ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത്.

സുഹൃത്തുക്കള്‍ക്കൊപ്പം വണ്ടര്‍ലാ അമ്യൂസ്!മെന്റ് പാര്‍ക്കില്‍ പോയതായിരുന്നു ഇവര്‍. ബൈക്കുകളില്‍ മടങ്ങവെയാണ് സെല്‍ഫിയെടുക്കാന്‍ ഇറങ്ങിയത്.

കഴിഞ്ഞ മാസം ഇതേ കോളേജില്‍നിന്നു എന്‍.സി.സി. ക്യാമ്പിനു പോയ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചിരുന്നു. ക്യാമ്പിനു ശേഷം കുളത്തിലിറങ്ങിയ വിദ്യാര്‍ഥികള്‍ സെല്‍ഫിയെടുക്കുന്നതിനിടെ ഏറ്റവും പിറകില്‍ നിന്നിരുന്ന വിശ്വാസ് (17) കയത്തില്‍ മുങ്ങിപ്പോവുകയായിരുന്നു.