ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം ലക്ഷ്യമിട്ട് ബി.ജെ.പി.യുടെ കര്‍മപരിപാടികള്‍ക്ക് ദേശീയ അധ്യക്ഷന്‍ അമിത് ഷാ അന്തിമരൂപം നല്‍കി. എല്‍.ഡി.എഫ്.-യു.ഡി.എഫ്. മാതൃകയില്‍ പഞ്ചായത്തുതലംമുതല്‍ എന്‍.ഡി.എ. കെട്ടിപ്പടുക്കാനും കൂടുതല്‍ പാര്‍ട്ടികളെ ചേര്‍ത്ത് വിപുലീകരിക്കാനും ഷാ സംസ്ഥാനനേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. ജൂലായ് 25, 26, 27 തീയതികളില്‍ അമിത് ഷാ കേരളത്തില്‍ ക്യാമ്പുചെയ്ത് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, നേതാക്കളായ വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ്, എം. ഗണേശന്‍, എന്‍.ഡി.എ. കേരളഘടകം ഉപാധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അമിത്ഷാ നിര്‍ദേശം നല്‍കിയത്. കേരളമടക്കമുള്ള പാര്‍ട്ടിസ്വാധീനം കുറവുള്ള സംസ്ഥാനങ്ങളില്‍നിന്ന് 120 സീറ്റുകള്‍ ലക്ഷ്യംവെച്ചുള്ള വിപുല പദ്ധതിയുടെ ഭാഗമായാണ് കര്‍മപരിപാടിക്ക് രൂപം നല്‍കിയിരിക്കുന്നത്. കേരളത്തില്‍ പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുള്ള പതിനൊന്ന് മണ്ഡലങ്ങളിലായിരിക്കും ശ്രദ്ധയൂന്നുക.

ദേശീയ നിര്‍വാഹകസമിതി യോഗം കൈക്കൊണ്ട തീരുമാനങ്ങളുടെ ചുവടുപിടിച്ചാണ് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. സ്ഥാനങ്ങളെയും പദവികളെയും ചൊല്ലി ഇടഞ്ഞുനില്‍ക്കുന്ന എന്‍.ഡി.എ. ഘടകകക്ഷികളുടെ ആവശ്യങ്ങള്‍ സംസ്ഥാനനേതാക്കള്‍ അവതരിപ്പിച്ചു. അതൃപ്തരായ ഘടകകക്ഷികളെ അനുനയിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് നേതാക്കള്‍ അറിയിച്ചു. ഇവര്‍ക്കുള്ള ബോര്‍ഡ്, കോര്‍പ്പറേഷന്‍ അംഗത്വവും പദവികളും സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകുമെന്ന് ഷാ മറുപടി നല്‍കി. ഭരണപരമായ കാലതാമസമാണ് ഇക്കാര്യത്തില്‍ ഉണ്ടാകുന്നതെന്ന് ഷാ പറഞ്ഞു.

അകന്നുനില്‍ക്കുന്ന സമുദായങ്ങളെയും വിഭാഗങ്ങളെയും എന്‍.ഡി.എ.യുമായി അടുപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്താന്‍ അമിത് ഷാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്‍.ഡി.എ.യുടെ പ്രവര്‍ത്തനപരിപാടി അംഗീകരിക്കുന്ന മറ്റ് പാര്‍ട്ടികളെ എന്‍.ഡി.എ.യിലേക്കും ജനസ്വാധീനമുള്ള നേതാക്കളെ ബി.ജെ.പി.യിലേക്കും ആകര്‍ഷിക്കാനുള്ള പരിപാടികള്‍ക്കും രൂപംനല്‍കിയിട്ടുണ്ട്. ജൂലായില്‍ കേരളത്തില്‍ മൂന്നുദിവസം തങ്ങുന്ന അമിത് ഷാ ബൂത്തുതലംമുതലുള്ള പ്രവര്‍ത്തകരുടെ യോഗങ്ങളില്‍ പങ്കെടുക്കും.


മലപ്പുറം തിരഞ്ഞെടുപ്പ് ചര്‍ച്ചചെയ്തില്ലെന്ന് കുമ്മനം


ന്യൂഡല്‍ഹി: അമിത് ഷാ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മലപ്പുറം ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചയായില്ലെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു. മലപ്പുറത്ത് പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്ന് ബി.ജെ.പി. സംസ്ഥാന നേതാക്കളെ അമിത് ഷാ വിളിച്ചുവരുത്തിയെന്ന പ്രചാരണം മാധ്യമസൃഷ്ടിയാണെന്ന് കുമ്മനം ആരോപിച്ചു.