ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് ഭിന്നിച്ചുനില്‍ക്കുന്ന എ.ഐ.എ.ഡി.എം.കെ.യില്‍ ലയനം വീണ്ടും നീളുന്നു.

വെള്ളിയാഴ്ച ചര്‍ച്ച ചൂടുപിടിച്ചെങ്കിലും രാത്രിയോടെ എങ്ങുമെത്താതെ ഇരുവിഭാഗവും പിരിഞ്ഞു. രാത്രി മറീന ബീച്ചിലെ ജയലളിത സമാധിയില്‍വെച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും വിമതപക്ഷം നേതാവ് ഒ. പനീര്‍ശെല്‍വവും ലയനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. എന്നാല്‍ ഒ.പി.എസ്. പക്ഷത്തിന്റെ യോഗത്തില്‍ ചില വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയതോടെ ഇതിനുള്ള വഴി താത്കാലികമായി അടഞ്ഞു.

ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനുപകരം തങ്ങള്‍ ആവശ്യപ്പെട്ടതുപോലെ സി.ബി.ഐ. അന്വേഷണം നടത്തണമെന്ന് ഒ.പി.എസ്. പക്ഷത്തെ മുതിര്‍ന്ന നേതാവ് മുനിസ്വാമി ആവശ്യപ്പെട്ടതായറിയുന്നു. ശശികലയെ പാര്‍ട്ടി ജനറല്‍സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കണമെന്ന ആവശ്യത്തിലും ഇവര്‍ ഉറച്ചുനിന്നു. ലയനപ്രഖ്യാപനം നടക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നതിനാല്‍ ജയലളിത സമാധി പുഷ്പങ്ങള്‍ കൊണ്ടലങ്കരിച്ചിരുന്നു. എന്നാല്‍ ഇരുപക്ഷത്തെയും നേതാക്കള്‍ എത്താന്‍ വൈകിയതോടെ കൂടിനിന്ന പ്രവര്‍ത്തകര്‍ തിരിച്ചുപോയി.

ലയനത്തിനു മുന്നോടിയായി അത്യന്തം നാടകീയനീക്കങ്ങള്‍ക്ക് വെള്ളിയാഴ്ച ചെന്നൈ വേദിയായി. എടപ്പാടി പളനി സ്വാമിപക്ഷത്തുള്ള മന്ത്രിമാരായ തങ്കമണിയും എസ്.പി. വേലുമണിയും രാവിലെ പോരൂരില്‍ ഒ.പി.എസിനെക്കണ്ട് ചര്‍ച്ച നടത്തി. ഉച്ചയോടെ എടപ്പാടി പളനിസ്വാമി സെക്രട്ടേറിയറ്റില്‍ മന്ത്രിമാരുമായി യോഗം ചേര്‍ന്ന് ലയനകാര്യം ചര്‍ച്ച ചെയ്തു. ഇതിനിടയില്‍ ടി.ടി.വി. ദിനകരന്‍ അനുകൂലികള്‍ റോയപ്പേട്ടയിലെ ഹോട്ടലില്‍ യോഗം ചേര്‍ന്നു. വൈകീട്ട് അഞ്ചുമണിയോടെ പനീര്‍ശെല്‍വം അദ്ദേഹത്തിന്റെ വസതിയില്‍ പ്രത്യേക യോഗം വിളിച്ചുചേര്‍ത്തു. അതേസമയംതന്നെ എടപ്പാടിയും തന്റെ വീട്ടില്‍ മന്ത്രിമാരുമായി ചര്‍ച്ച നടത്തി. ചര്‍ച്ചകള്‍ ഏറെ നടന്നെങ്കിലും ഒന്നും ഫലപ്രാപ്തിയിലെത്തിയില്ല.