ന്യൂഡല്‍ഹി: മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇനിയുള്ള ഊന്നല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് വികസന വാഗ്ദാനം നടപ്പാക്കല്‍. അടുത്ത രണ്ടുവര്‍ഷം സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യംവെയ്ക്കുന്നത് അതിലേക്കായിരിക്കും. 

പുതിയനയങ്ങളുടെ രൂപവത്കരണം, തൊഴില്‍ മേഖലയില്‍ സമ്പൂര്‍ണ പരിഷ്‌കരണം, നീതി ആയോഗ് മുന്നോട്ടുവെച്ച പദ്ധതികള്‍ നടപ്പാക്കല്‍ മുതലായവയിലൂടെ കൂടുതല്‍ തൊഴിലുണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷ. മെയ്ക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളൊക്കെ ഉണ്ടെങ്കിലും അവയൊന്നും പ്രതീക്ഷിച്ചപോലെ പുതിയ തൊഴിലുകള്‍ സൃഷ്ടിച്ചിട്ടില്ല. മാത്രമല്ല, നോട്ട് അസാധുവാക്കലിനുശേഷം ചില രംഗങ്ങളിലുണ്ടായ മാന്ദ്യം അസംഘടിതമേഖലയില്‍ തൊഴില്‍നഷ്ടം ഉണ്ടാക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ വരുന്നമാസങ്ങളില്‍ ചില ഫലപ്രദമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നാണ് സൂചന. 

പുതിയ ഉത്പാദന നയം സെപ്റ്റംബറില്‍ പ്രഖ്യാപിക്കും. ഇതോടൊപ്പം ചെറുകിട, ഇടത്തരം മേഖലയ്ക്കുവേണ്ടിയുള്ള നയവും പുറത്തിറങ്ങും. അത് 'മെയ്ക്ക് ഇന്‍ ഇന്ത്യ'യ്ക്ക് ആക്കംകൂട്ടുകയും കൂടുതല്‍ തൊഴിലുകള്‍ ഉണ്ടാക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. സര്‍ക്കാരുകള്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ 'മെയ്ഡ് ഇന്‍ ഇന്ത്യ' ഉത്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് വ്യക്തമാക്കുന്ന പുതിയ 'സംഭരണ നയം' കഴിഞ്ഞദിവസം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിരുന്നു. പ്രതിരോധസാമഗ്രികള്‍ ആഭ്യന്തരമായി ഉത്പാദിപ്പിക്കാനുള്ള നയവും നടപ്പാക്കിത്തുടങ്ങി.  

തൊഴിലുമായി ബന്ധപ്പെട്ട യഥാര്‍ഥകണക്കുകള്‍ ലഭ്യമാക്കാന്‍ നീതി ആയോഗ് ഉപാധ്യക്ഷന്‍ അരവിന്ദ് പനഗരിയയുടെ നേതൃത്വത്തില്‍ ഒരു ദൗത്യസമിതി അടുത്തിടെ രൂപവത്കരിച്ചിട്ടുണ്ട്. തൊഴില്‍ മേഖലയുടെ ശരിയായ കണക്കുകള്‍ ഇപ്പോള്‍ ഇല്ലെന്നും ലേബര്‍ ബ്യൂറോ തയ്യാറാക്കുന്ന ഡേറ്റമാത്രം ആശ്രയിച്ചാല്‍ മതിയാവില്ലെന്നുമാണ് സര്‍ക്കാരിന്റെ പക്ഷം. ഓരോവര്‍ഷവും 1.80 കോടി പുതിയ ചെറുപ്പക്കാര്‍ തൊഴിലന്വേഷകരാവുന്നുണ്ടെന്നാണ് കണക്ക്. 2011-12 മുതല്‍ 2015-16 വരെ വര്‍ഷം 36 ലക്ഷം എന്ന തോതിലാണത്രേ പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടത്.  

വാഗ്ദാനം ഒരുകോടി; പാലിച്ചത് 3.86 ലക്ഷം

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മോദിസര്‍ക്കാര്‍ പരാജയമാണെന്ന് കണക്കുകള്‍. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടയില്‍ ഏറ്റവും താഴ്ന്നനിലയിലാണിത്.
ഒരുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു 2014-ല്‍ തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് മോദിയുടെ വാഗ്ദാനം. തൊഴില്‍മന്ത്രാലയത്തിന്റെ ലേബര്‍ ബ്യൂറോയില്‍നിന്നുള്ള ഔദ്യോഗികകണക്കനുസരിച്ച് 2015-ല്‍ 1.55 ലക്ഷവും 2016 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 2.31 ലക്ഷവുമാണ് സൃഷ്ടിച്ച തൊഴിലവസരങ്ങളുടെ എണ്ണം.

നീതി ആയോഗിന്റെ നിര്‍ദേശങ്ങള്‍

  • കയറ്റുമതിമേഖലയ്ക്ക് ഊന്നല്‍ നല്‍കി കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുക.
  • ചൈനയുടെ മാതൃകയില്‍ വലിയ 'തീരദേശ തൊഴില്‍മേഖല'കള്‍ ഉണ്ടാക്കുക. ഭൂമി, തൊഴില്‍ നിയമങ്ങള്‍ ബാധകമല്ലാത്ത ഈ മേഖലകള്‍ പ്രത്യേക സാമ്പത്തികമേഖലകളില്‍നിന്ന് വ്യത്യസ്തമായിരിക്കും. 500 ചതുരശ്ര കി.മീ. വരെ വ്യാപിച്ചുകിടക്കുന്ന മേഖലയാണിത്. ഇന്ത്യയില്‍ ഇത്തരത്തില്‍ രണ്ടുമേഖലകള്‍- ഒന്ന് പശ്ചിമതീരത്തും ഒന്ന് കിഴക്കന്‍ തീരത്തും സ്ഥാപിക്കണം.
  • ഇത്തരം മേഖലകളില്‍ വന്‍ നികുതിയിളവുകള്‍. മൂന്നു കൊല്ലത്തില്‍ 10,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തെ കോര്‍പ്പറേറ്റ് നികുതിയിളവ്. ഓരോവര്‍ഷവും കൂടുതലായി 2000 പേര്‍ക്ക് ജോലിനല്‍കുന്നുണ്ടെങ്കില്‍ വീണ്ടും നികുതിയിളവ്. 10,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് മൂന്നുകൊല്ലവും 20,000 പേര്‍ക്ക് ജോലിനല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ആറുകൊല്ലവും 'സീറോ' ജി.എസ്.ടി.

Read more
നേട്ടങ്ങള്‍, അവകാശവാദങ്ങള്‍
വിദേശനയത്തില്‍ വെല്ലുവിളികള്‍
മുന്നില്‍ കടമ്പകളേറെ
യു.പി.എ നയങ്ങള്‍ കൂടുതല്‍ മികവോടെ