കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? ബിഗ് സ്‌ക്രീനില്‍ രാജമൗലി തീര്‍ക്കുന്ന ദൃശ്യവിസ്മയം കാണാനുള്ള കൊതിക്കപ്പുറം കൊലയുടെ കാരണം തേടുന്ന ഒരാകാംക്ഷകൂടിയുണ്ട് ഈ കാത്തിരിപ്പിന്. ഏപ്രില്‍ 28-ന് ബഹുഭാഷകളില്‍ ബാഹുബലി ഇറങ്ങുകയാണ്. രണ്ടാംവരവിന് മുന്നോടിയായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ ആദ്യ ഏഴുമണിക്കൂറിനുള്ളില്‍തന്നെ ഒരുകോടിയിലധികം പേര്‍ കണ്ടുകഴിഞ്ഞു. ഇന്ത്യന്‍ സിനിമയില്‍ ഇത് പുതിയ ചരിത്രമാണ്.

രാജവംശങ്ങളുടെ പോരിന്റെ കഥപറയുന്ന സിനിമ ചിത്രീകരണത്തിനുമുന്‍പുതന്നെ വാര്‍ത്തകളിലിടം നേടിയിരുന്നു. ബാഹുബലിയുടെ പടയോട്ടത്തെക്കുറിച്ച് രാജമൗലിക്ക് ഇന്ന് ആശങ്കകളില്ല. ഒന്നാംഭാഗത്തിന്റെ ഗംഭീരവിജയവും മുള്‍മുനയില്‍നിര്‍ത്തി അവസാനിപ്പിച്ച കഥ കേള്‍ക്കാന്‍ പ്രേക്ഷകര്‍ കാണിക്കുന്ന തിടുക്കവുമാണ് രണ്ടാംവരവിന് കരുത്തുപകരുന്നതെന്ന് സംവിധായകന്‍ പറയുന്നു.

ഇതിഹാസങ്ങളോടും പുരാണങ്ങളോടും താത്പര്യംനിറഞ്ഞ ബാല്യമായിരുന്നു രാജമൗലിയുടേത്. ഒന്നാംക്ലാസില്‍ പഠിക്കുമ്പോള്‍മുതല്‍ അമര്‍ചിത്രകഥകള്‍ വായിച്ചുതുടങ്ങിയതായി അദ്ദേഹം ഓര്‍ക്കുന്നു. അച്ഛനൊപ്പം ലൈബ്രറിയില്‍ പോകുമ്പോഴെല്ലാം പുരാണകഥകളിലേക്കായിരുന്നു കണ്ണുചെന്നെത്താറ്. വായിച്ചകഥകള്‍ പൊടിപ്പും തൊങ്ങലും വെച്ച് സുഹൃത്തുക്കള്‍ക്കുമുന്‍പില്‍ അവതരിപ്പിക്കുന്നതായിരുന്നു കുട്ടിക്കാലത്തെ ശീലം. ചെറുപ്പത്തിലെ ഓര്‍മകളിലേക്കിറങ്ങിപ്പോയ രാജമൗലി പെട്ടെന്നുതന്നെ തിരിച്ചുവന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു, 'സിനിമയിലേക്കിറങ്ങുമ്പോഴും ഭാരതചരിത്രവും മിത്തുകളും ഇതിഹാസങ്ങളുമെല്ലാമായിരുന്നു മനസ്സുനിറയെ. അത്തരം കഥകള്‍ പറയാനാണ് എന്നും താത്പര്യം. എന്നാല്‍, തുടക്കക്കാരനായ ഒരാളെ വിശ്വസിച്ച്  അങ്ങിനെയുള്ള സിനിമകളെടുക്കാന്‍ നിര്‍മാതാക്കളാരും വരില്ലെന്നുറപ്പായിരുന്നു. അതിനാല്‍ നിലയുറപ്പിക്കാനായി മറ്റുചില ശ്രമങ്ങള്‍ നടത്തി. ഛത്രപതി, മഗധീര, നാന്‍ ഈ (ഈച്ച) പോലുള്ള ചിത്രങ്ങളെല്ലാം അങ്ങനെ പിറന്നതാണ്. ഇപ്പോള്‍ എന്നെ വിശ്വസിച്ച് കോടികള്‍ മുടക്കാന്‍ ആളുണ്ട്. അതുകൊണ്ടുതന്നെ മനസ്സുപറയുന്ന സിനിമകള്‍ ചെയ്യുന്നു.'

ചിത്രീകരണം തുടങ്ങുന്നതിന് ആറുവര്‍ഷം മുന്‍പാണ് ബാഹുബലിയെന്ന കൂറ്റന്‍ പ്രോജക്ടിനെക്കുറിച്ച് സംവിധായകന്‍ ചിന്തിച്ചുതുടങ്ങുന്നത്. കഥയും തിരക്കഥയും ഒരുക്കിയശേഷം ഒരുവര്‍ഷത്തോളം ചിത്രത്തിനായുള്ള സജ്ജീകരണങ്ങള്‍ നടത്തി. ആദ്യഭാഗത്തിന്റെ ചിത്രീകരണം രണ്ടുവര്‍ഷം നീണ്ടുനിന്നു. ഹൈദരാബാദായിരുന്നു ബാഹുബലിയുടെ പ്രധാന ലൊക്കേഷന്‍. റാമോജി ഫിലിം സിറ്റിയിലും ഹിമാചല്‍പ്രദേശിലെ വനപ്രദേശത്തും കേരളത്തിലെ കണ്ണൂരിലുമായാണ് രണ്ടാംഭാഗം ചിത്രീകരിച്ചത്.

ബാഹുബലിയുടെയും ഭല്ലാലദേവയുടെയും പോരാട്ടമാണ് രണ്ടാംഭാഗത്തില്‍ പ്രധാനമായും കാണാനുള്ളത്. കഥാപരിസരത്തെക്കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്തുന്നില്ലെങ്കിലും, കഥാപാത്രങ്ങളുടെ പുറംച്ചട്ടമാത്രമാണ് ആദ്യഭാഗത്ത് കണ്ടതെന്നും രണ്ടാംഭാഗത്തിലെത്തുമ്പോള്‍ അവരുടെ സ്വഭാവരീതികളുടെ ഉള്ളറകള്‍ വെളിവാകുമെന്ന് സംവിധായകന്‍ പറയുന്നു. സാങ്കേതികവിദ്യക്കപ്പുറം വൈകാരികതനിറഞ്ഞ തീവ്രരംഗങ്ങളാണ് രണ്ടാംഭാഗത്തിന്റെ ഹൈലൈറ്റ്.

Rajamouliനായകനെ വെല്ലുന്ന വില്ലനെ സൃഷ്ടിക്കാനാണ് രാജമൗലി പലപ്പോഴും ശ്രമിക്കുന്നത്. എന്തുകൊണ്ടാണ് താങ്കളുടെ വില്ലന്‍മാര്‍ ഇത്രയും കരുത്തരായി മാറുന്നത് എന്ന സംശയം മുന്നോട്ടുവെച്ചപ്പോള്‍  ഉടന്‍ മറുപടിയെത്തി. നായകനെക്കാള്‍ ശക്തനാണ് വില്ലനെങ്കില്‍ നായകന്റെ വിജയത്തിന് മാറ്റുകൂടും. രാവണന്‍ കൂടുതല്‍ കരുത്തനാകുമ്പോഴാണ് രാമന്റെ വിജയത്തിന് തിളക്കമേറുന്നത്. പുഞ്ചിരിച്ച മുഖത്തോടെ രാജമൗലി കാഴ്ചപ്പാട് വ്യക്തമാക്കി.

പ്രഭാസ്, റാണാ ദഗ്ഗുബട്ടി, അനുഷ്‌കാ ഷെട്ടി, തമന്നാ ഭാട്ടിയ, സത്യരാജ്, രമ്യാ കൃഷ്ണന്‍ എന്നിവര്‍തന്നെയാണ് രണ്ടാംഭാഗത്തിലെയും പ്രധാന താരങ്ങള്‍. കഥയുടെ കരുത്തിനോടൊപ്പം യുദ്ധരംഗങ്ങളും വിഷ്വല്‍ ഇഫക്ടുകളും ആദ്യഭാഗത്തിന്റെ വിജയത്തിനേറെ സഹായിച്ചിട്ടുണ്ടെന്ന് രാജമൗലി മനസ്സിലാക്കുന്നുണ്ട്, അതുകൊണ്ടുതന്നെ സിനിമയുടെ സാങ്കേതികമേഖലകളിലെല്ലാം ഇത്തവണ കൂടുതല്‍ കൃത്യത കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ആഴ്ചകളോളം എടുത്താണ് യുദ്ധരംഗങ്ങള്‍ ചിത്രീകരിച്ചത്.

യുദ്ധത്തിനായി  രണ്ടായിരത്തോളം ബോഡിബില്‍ഡര്‍മാര്‍ പതിനഞ്ചുദിവസത്തോളം ചായംപൂശി ക്യാമറയ്ക്കുമുന്നില്‍ നിന്നിട്ടുണ്ട്, ശാരീരിക പരീശീലനങ്ങളെല്ലാം ചിത്രീകരണത്തിനുമുന്‍പേ നടന്നിരുന്നു. സംഘട്ടനരംഗങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കെല്ലാം ആറുമാസത്തോളം ക്ലാസുകള്‍ നല്‍കി. ചിത്രത്തിന്റെ അണിയറയില്‍ എത്രപേര്‍ പ്രവര്‍ത്തിച്ചു എന്നുപറയാന്‍ കഴിയില്ല- എല്ലാവരെയും ഒന്നായി ചേര്‍ത്തുകൊണ്ടുപോകുക ഭാരിച്ചജോലിയായിരുന്നു, എങ്കിലും ഞാനതെല്ലാം ആസ്വദിച്ചതായി രാജമൗലി പറഞ്ഞു.

ആദ്യഭാഗം ചിത്രീകരിക്കുമ്പോള്‍ അലട്ടിയിരുന്ന പലതും രണ്ടാംഭാഗം ഒരുക്കുമ്പോള്‍ ഉണ്ടായില്ലെന്ന് സംവിധായകന്‍ പറയുന്നു. തമിഴിലേക്ക് മൊഴിമാറുമ്പോള്‍ എതുതരം തമിഴ് ഉപയോഗിക്കണമെന്ന് സംശയം ആദ്യഭാഗത്തില്‍ ശക്തമായിരുന്നു.

പഴയകാലത്തെ കൊടുംതമിഴില്‍ കഥാപാത്രങ്ങള്‍ സംസാരിക്കണോ പുതുതമിഴ് പിന്‍തുടരണോ തുടങ്ങിയ സംശയങ്ങളാണ് ആദ്യഘട്ടത്തില്‍ തലപൊക്കിയത്. അഭിപ്രായം തേടിയവരെല്ലാം വ്യത്യസ്തപക്ഷങ്ങളിലൂന്നിയാണ് വാദിച്ചത്. ഒരുരംഗത്തിലെ സംഭാഷണങ്ങള്‍ നാല് കാലഘട്ടങ്ങളിലുള്ള ഭാഷയിലെഴുതി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുമുന്‍പില്‍ വായിച്ചുകേള്‍പ്പിച്ചു. പ്രേക്ഷകര്‍ക്ക് എളുപ്പം പിന്‍ന്തുടരാന്‍ കഴിയുന്ന പഴമ നിലനിര്‍ത്തിയുള്ള ഭാഷയാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്.

രാജമൗലി തിരക്കഥ നിര്‍വഹിച്ച ചിത്രത്തിന്റെ കഥ വി. വിജയേന്ദ്ര പ്രസാദിന്റെതാണ്. ഛായാഗ്രഹണം കെ.കെ. സെന്തില്‍കുമാര്‍.
ഹിന്ദിയില്‍ ധര്‍മ പ്രൊഡക്ഷന്‍സും കേരളത്തില്‍ ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയുമാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.