സംസ്ഥാന പുരസ്‌കാരം നേടിയതിന്റെ സന്തോഷം അറിയിക്കാന്‍ വിളിച്ചപ്പോള്‍ സുരഭി സ്വതസ്സിദ്ധമായ ചിരിയില്‍ മുക്കിയെടുത്തുതന്ന ഒരു കമന്റുണ്ട്, യോദ്ധയിലെ അപ്പുക്കുട്ടന്റെ മാസ്റ്റര്‍പീസ് ഹോര്‍ലിക്സ് ഡയലോഗ്- 'കലങ്ങീലാ.... അടുത്തത് കലക്കും. ങ്ങള് തലക്കെട്ട് ഇങ്ങനെ കൊടുത്തോളീ.' അടുത്തത് കലക്കാന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല സുരഭിക്ക്. പോരാത്ത മധുരം ചേര്‍ത്ത് ദേശീയ പുരസ്‌കാരം സുരഭിയുടേത് ഒരു 'കലക്കന്‍' വിജയമാക്കി. 
മിന്നാമിനുങ്ങിലെ പേരില്ലാത്ത കഥാപാത്രം തേടിയെത്തുമ്പോള്‍ പുരസ്‌കാരമൊന്നും സുരഭിയുടെ മനസ്സിന്റെ കോണില്‍പോലുമുണ്ടായിരുന്നില്ല. അത്തരം കണക്കുകൂട്ടലുകളുമായി നടക്കുന്ന ഒരു കലാകാരിയല്ല സുരഭിയെന്ന് പ്രേക്ഷകര്‍ക്കറിയാം. അവരുടെ കണക്കുകൂട്ടലുകള്‍ പെര്‍ഫോമന്‍സിലാണ്. അത് വേദിയിലായാലും സിനിമയിലായാലും. സംസ്ഥാന പുരസ്‌കാരം സുരഭിയുടെ പ്രകടനത്തെ പ്രത്യേക പരാമര്‍ശത്തിലൊതുക്കിയപ്പോഴും അവരായിരുന്നു മികച്ച നടി ആകേണ്ടിയിരുന്നതെന്ന് എതിരഭിപ്രായമുയര്‍ന്നപ്പോഴും സുരഭി പരിഭവിച്ചില്ല. എന്നെയിപ്പോള്‍ എല്ലാവരും പരാമര്‍ശം സുരഭി എന്നാണ് വിളിക്കുന്നതെന്നു പറഞ്ഞ് സ്വയം തമാശയാക്കി. ദേശീയ പുരസ്‌കാരം പക്ഷേ, പിശുക്കു കാണിച്ചില്ല. സുരഭി പോയവര്‍ഷത്തെ ഏറ്റവും മികച്ച നടിയായി. 
ദേശീയപുരസ്‌കാരം കൈകളിലേയ്ക്കെത്തുമ്പോഴും അതേ തമാശയോടെ അതേ നാട്ടുഭാഷയില്‍ ജീവിതത്തിന് തിളക്കമേറ്റിയ ആ 'മിന്നാമിനുങ്ങി'നെപ്പറ്റി സംസാരിക്കുന്നു സുരഭി. ജീവിതത്തിലാദ്യമായി വായിക്കാന്‍ കിട്ടിയ തിരക്കഥയുടെ കഥ പറയുന്നു. ''ഈ ചിത്രം എടുക്കുമ്പോള്‍ ഒന്നും വിചാരിച്ചില്ല. പക്ഷേ, ആര്‍ട്ട്ഫിലിമാണ് എന്നറിയാമായിരുന്നു. ആര്‍ട്ട് ഫിലിമിന് അവാര്‍ഡ് പടം എന്നാണല്ലോ വിളിപ്പേര്. അവാര്‍ഡ് കിട്ടിയാലും ഇല്ലെങ്കിലും അവാര്‍ഡ് പടത്തില്‍ അഭിനയിച്ചു എന്ന് പറയാം. 
തിരക്കഥയുടെ ആദ്യപകുതി മാത്രമാണ് ആദ്യം വായിക്കാന്‍ കിട്ടിയത്. വായിക്കുമ്പോള്‍ തന്നെ എന്റെ തല, എന്റെ ഫുള്‍ഫിഗര്‍ എന്നു പറയുന്നതുപോലെയാണ് എനിക്കുള്ള ക്യാരക്ടര്‍. ഒറ്റ സീനിലും റെസ്റ്റ് ചെയ്യാന്‍ സാധ്യതയില്ലല്ലോ എന്നൊക്കെ ആലോചിച്ചപ്പോള്‍ അതുവേണ്ട എന്ന് തോന്നി. ഒടുവില്‍ എന്റെ രണ്ടു സുഹൃത്തുക്കളുണ്ട്, ജിത്തുവും സിജോയും. അവരെ സ്‌ക്രിപ്റ്റ് കാണിച്ചു. എനിക്കാണെങ്കില്‍ തിരക്കഥയൊന്നും വായിച്ച് പരിചയമില്ല. നമുക്കാരും ഇന്നുവരെ തിരക്കഥ തന്നിട്ടുമില്ല. തിരക്കഥ വായിച്ച് ജീവിതത്തിലാദ്യമായി തിരഞ്ഞെടുക്കുന്ന ചിത്രമാണിത്. അവര്‍ അത് വായിച്ചിട്ടു പറഞ്ഞു, കേരളത്തിലെ വലിയ സംവിധായകര്‍ ആരെങ്കിലുമാണ് ഈ സിനിമയെടുക്കുന്നതെങ്കില്‍ നീയൊന്നുമായിരിക്കില്ല, മഞ്ജു വാര്യരൊ മറ്റോ ആണ് ഈ റോളില്‍ അഭിനയിക്കുക എന്ന്. ഇതിപ്പോ നിന്നെ വെച്ച് ഒരു പടം ചെയ്യാന്‍ അവര്‍ ആലോചിച്ചില്ലേ, അതുതന്നെ വലിയ കാര്യം, എന്തായാലും ചെയ്യ് എന്നു പറഞ്ഞു. ആളുകള്‍ കാണുമെന്ന് ഒരു ഉറപ്പുമില്ല. പക്ഷേ, ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ വ്യത്യസ്തമായ ഒരു കഥാപാത്രം ചെയ്തു എന്ന സംതൃപ്തിയുണ്ടാകുമല്ലോ. അങ്ങനെയാണ് ആ തീരുമാനത്തിലെത്തിയത്.'' 
''13 ദിവസത്തില്‍ 12 ദിവസവും എന്റെ ഷൂട്ട് ഉണ്ടായിരുന്നു. ഷൂട്ടിന് എത്തിയതിന് ശേഷമാണ് ബാക്കി സ്‌ക്രിപ്റ്റ് കേള്‍ക്കുന്നത്.  ബാക്കി തിരക്കഥകൂടി കേട്ടപ്പോള്‍ താല്‍പ്പര്യമായി. പിന്നെ തുടക്കംമുതല്‍ ഒടുക്കംവരെ തലേന്ന് രാത്രി ഒന്നു കൂടി വായിച്ചു. പെട്ടെന്ന് മനസ്സിലേക്ക് വന്നത് ശങ്കരാചാര്യ സര്‍വകലാശാലയിലെ എന്റെ മേട്രണ്‍ ആയ മീനമേഡത്തെയാണ്. അവര്‍ തിരുവനന്തപുരംകാരിയാണ്. ഈ കഥാപാത്രത്തിലെവിടെയൊക്കെയോ അവര്‍ ഉള്ളതുപോലെ. ഹോസ്റ്റലില്‍നിന്നു പഠിച്ചിരുന്ന സമയത്ത് അവരുമായി ഞങ്ങളെല്ലാവരും നല്ല അടുപ്പമായിരുന്നു. തിയേറ്ററുമായി ബന്ധപ്പെട്ടു തുടങ്ങിയപ്പോള്‍ ആളുകളെ നിരീക്ഷിക്കുന്ന ഒരു രീതി വന്നു. അത്തരത്തില്‍ മനസ്സില്‍ രജിസ്റ്റര്‍ ചെയ്തുപോയതാണ് അവരുടെ രീതികളും സംസാരവുമൊക്കെ. അവിടെനിന്നാണ് മിന്നാമിനുങ്ങിലെ പേരില്ലാത്ത നായികയിലേയ്ക്കുള്ള വഴി തുറക്കുന്നത്.''
മിന്നാമിനുങ്ങിലെത്തുമ്പോള്‍ ഒരൊറ്റ നിബന്ധന മാത്രമേ സുരഭിക്കുണ്ടായിരുന്നുള്ളൂ. കോഴിക്കോടന്‍ സ്ലാങ് വേണ്ട. ''ടിവി ഷോയിലെ പാത്തു എന്ന കഥാപാത്രം ഹിറ്റായതോടെ എന്നെ അങ്ങനൊരു സ്പേസില്‍ മാത്രമേ ആളുകള്‍ക്ക് സങ്കല്പിക്കാന്‍ പറ്റുന്നുണ്ടായിരുന്നുള്ളൂ.  പാത്തു കാരണം സന്തോഷവും സൗഭാഗ്യങ്ങളും കിട്ടിയിട്ടുണ്ട്. മുപ്പതോളം തവണ ദുബായ് പോലുള്ള സ്ഥലങ്ങളില്‍ ഷോ ചെയ്തു. കൊച്ചുകുട്ടികള്‍വരെ ആ കഥാപാത്രത്തെ അറിയും. സിനിമയിലേക്ക് അത്തരം കഥാപാത്രങ്ങള്‍ക്കായേ വിളിക്കുന്നുള്ളൂ എന്നായപ്പോഴാണ് പ്രശ്‌നം വന്നത്. അങ്ങനെ ഒരു മൂന്നുനാല് സിനിമയെങ്കിലും വേണ്ടെന്നുവെച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആ നിഴല്‍ ഒട്ടും വരാതെ കോഴിക്കോട് ഒഴിച്ച് മറ്റെവിടുത്തുകാരിയായിരുന്നാലും കുഴപ്പമില്ല എന്നായിരുന്നു. കൃഷ്ണന്‍ ബാലകൃഷ്ണന്‍ എന്ന എന്റെ സഹപ്രവര്‍ത്തകനാണ് തിരുവനന്തപുരം ഭാഷ കൈകാര്യം ചെയ്യാന്‍ സഹായിച്ചത്. ഈ ചിത്രം തീരുന്നതുവരെ പിറ്റേദിവസത്തെ സ്‌ക്രിപ്റ്റ് തിരുവനന്തപുരംകാരായ പല സുഹൃത്തുക്കളോടും ചോദിച്ച് ആ സ്ലാങ്ങിലേക്ക് മാറ്റി പഠിക്കുമായിരുന്നു. ഷൂട്ടില്ലാത്തപ്പോള്‍ പോലും കൃഷ്ണന്‍ സെറ്റിലെത്തി ഡയലോഗ് മാറ്റാന്‍ സഹായിക്കുമായിരുന്നു. അതുപോലെതന്നെ കലാഭവന്‍ സ്റ്റുഡിയോയിലെ റെക്കോര്‍ഡിസ്റ്റ് ഷിബു. പക്കാ തിരുവനന്തപുരം  സ്‌റ്റൈലിലേക്ക് എത്തി എന്ന് അവകാശപ്പെടുന്നില്ല. പക്ഷേ, ഒരു തിരുവനന്തപുരം തെന്നലടിച്ചു പോയിട്ടുണ്ട്.''
''ഷൂട്ട് തുടങ്ങി നാലാംദിവസമാണ് നോട്ടു നിരോധനം വന്നത്. അങ്ങനെ അതിലേക്ക് ഫണ്ട് ചെയ്യാം എന്നു സമ്മതിച്ചിരുന്ന പലര്‍ക്കും അത് സാധിക്കാതെ പോയി. സംവിധായകന്‍ തന്നെയായിരുന്നു നിര്‍മാതാവ്, അനില്‍ തോമസ്. ദേശീയ അവാര്‍ഡ് നേടിയ സഫലം എന്ന ചിത്രം നിര്‍മിച്ചത് അദ്ദേഹമാണ്. മനോജ് രാംസിങ്ങിന്റെതാണ് തിരക്കഥ. ഇത് തിയേറ്ററിലെത്തിക്കാനോ പ്രിവ്യൂ കാണിക്കുവാനോ ഉള്ള സാഹചര്യം ഇതുവരെ കിട്ടിയിട്ടില്ല. വളരെ ചെറി യ പ്രതിഫലത്തിനാണ് ഈ ചിത്രത്തിന് വേണ്ടി എല്ലാവരും വര്‍ക്ക് ചെയ്തത്. ഓരോരുത്തരും നന്നായി പണിയെടുത്തിട്ടാണ് 12 ദിവസം കൊണ്ട് പടം തീര്‍ത്തത്. പടം പൂര്‍ത്തിയായി വന്നപ്പോള്‍ ഒരു അവാര്‍ഡിനൊക്കെ പോകാം എന്നു തോന്നി. എങ്ങാനും ബിരിയാണി കിട്ടിയാലോ. സംസ്ഥാന പുരസ്‌കാ രത്തിന്റെ അവസാന റൗണ്ടില്‍ കാവ്യയുടെയും റിമയുടെയും കൂടെ സുരഭീന്നും ഒക്കെ കേട്ടപ്പോള്‍ എന്തെങ്കിലും ചിലപ്പോള്‍ കിട്ടിയാലോ എന്നൊരു ആഗ്രഹം.''
''വിവാദങ്ങളുണ്ടായി. ഔസേപ്പച്ചന്‍ സാറും പ്രേംപ്രകാശ് സാറും ആണ് വാദം ഉന്നയിച്ചത്. അവര്‍ക്ക് ആ പടത്തോട് വല്ലാത്തൊരു അടുപ്പമുണ്ടായിട്ടുണ്ടെന്നു തോന്നുന്നു. ഔസേപ്പച്ചന്‍ സാര്‍ ഈ ചിത്രത്തിന് പ്രതിഫലം വാങ്ങിയിട്ടില്ല.   പ്രേംപ്രകാശ് സാര്‍ ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. അദ്ദേഹമാണ് ഔസേപ്പച്ചന്‍ സാറിനോട് പറയുന്നത് ഈ പടം ഒന്നു കണ്ടു നോക്കൂ എന്നിട്ട് തീരുമാനിക്കൂ എന്ന്. പടം കണ്ടിട്ട് എന്നെ വിളിച്ചു. എനിക്ക് അവാര്‍ഡ് കിട്ടും എന്ന് പറഞ്ഞു. അവരെപ്പോലുള്ളവര്‍ നന്നായി എന്നു പറയുമ്പോള്‍ അതിനേക്കാള്‍ വലിയ അവാര്‍ഡ് മറ്റേതാണ്. അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി. എനിക്ക് പേടിയായിരുന്നു, വിവാദമാകുമോ എന്നൊക്കെ. 
അക്കാര്യത്തില്‍ എനിക്ക് ഒരു പ്രതികരണവുമില്ല. അതൊക്കെ ഓരോ തീരുമാനങ്ങളാണ്. കഴിഞ്ഞു പോയതിനെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ല. ദേശീയ പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ 'മരണപ്രാര്‍ഥന'യായിരുന്നു. അതിലെവിടെയെങ്കിലും നമ്മുടെ പേരും വരണേ എന്ന്. കിട്ടിയപ്പോള്‍ വലിയ സന്തോഷം. ഈ പുരസ്‌കാരം എനിക്ക് കിട്ടിയതല്ല. ഈ സിനിമയ്ക്ക് ക്യാമറാമാന്‍ സ്വന്തം ക്യാമറയുമായാണ് വന്നത്. അങ്ങനെ ഓരോരുത്തരും. എന്റെ അമ്മ പറഞ്ഞ ഒരു കാര്യമുണ്ട്. നിന്നെ വിശ്വസിച്ച് അവര്‍ ഇത്രയും പൈസമുടക്കി ഒരു സിനിമ ചെയ്യുമ്പോള്‍ നൂറു ശതമാനം ആത്മാര്‍ഥതയോടും സത്യസന്ധതയോടും ചെയ്യുക. അത് ഞാന്‍ നിറവേറ്റിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ഒരുപാട് പേര്‍ അഭിനന്ദനങ്ങളുമായി വിളിച്ചിരുന്നു.''
''പ്രദീപ് ചൊക്ലി സംവിധാനം ചെയ്യുന്ന ചിപ്പി ആണ് പുതിയ ചിത്രം. പുതിയ പ്രോജക്ട് ഇതുമാത്രമേയുള്ളൂ. അവാര്‍ഡ് കിട്ടിയാല്‍ എന്തെങ്കിലുമൊക്കെ കിട്ടുമെന്ന് വിചാരിച്ചു. കിട്ടുന്നതും കൂടി ഇല്ലാതാകുമോ എന്നാ ഇപ്പോള്‍ പേടി.'' വിജയാഘോഷങ്ങളുടെ വിശേഷം ചോദിച്ചപ്പോള്‍ തന്നെ ഞെട്ടിച്ച ഒരു പ്രതികരണത്തിന്റെ വിശേഷം പറഞ്ഞു സുരഭി. 
'' സംസ്ഥാന അവാര്‍ഡ് കിട്ടിയപ്പാള്‍  എന്റെ വീട്ടുകാര്‍ക്ക് വലിയ ആവേശമൊന്നുമില്ല. അതുകാണുമ്പോഴാണ് ഞാന്‍ ഞെട്ടിപ്പോകുന്നത്. ഇവര്‍ക്കാര്‍ക്കും ഒരു വെലയില്ലേ. വേറാര്‍ക്കെങ്കിലും കിട്ടിയാല്‍, പടക്കം പൊട്ടിക്കുന്നു, അമ്മമാര്‍ ഉമ്മ തരുന്നു, ഇവിടൊന്നുമില്ല. കിട്ടിയാല്‍ കിട്ടി. ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ നാട്ടിലില്ലാത്തതുകൊണ്ട് ആ സന്തോഷം നേരില്‍ കാണാനും പറ്റിയില്ല.പക്ഷേ, കോഴിക്കോട്ടെ നരിക്കുനിക്കാര്‍ക്ക്, എന്റെ നാട്ടുകാര്‍ക്ക് ഇത് വലിയ സന്തോഷമാണ്, ആഘോഷവും.''