ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളായ ഐഡിയ സെല്ലുലാറും വോഡഫോണ്‍ ഇന്ത്യയും ലയിച്ച് ഒരൊറ്റക്കമ്പനിയായി മാറും. ഐഡിയ സെല്ലുലാറിന്റെ ഉടമകളായ ആദിത്യ ബിര്‍ള ഗ്രൂപ്പും വോഡഫോണ്‍ ഇന്ത്യയുടെ ബ്രിട്ടനിലെ മാതൃകമ്പനിയും സംയുക്തമായി അറിയിച്ചതാണ് ഇക്കാര്യം. ലയന നടപടികള്‍ എന്നത്തേക്കു പൂര്‍ത്തിയാകുമെന്നു വ്യക്തമല്ല.

ലയിച്ചൊന്നാകുന്ന കമ്പനിയില്‍ വോഡഫോണിന് 45.1 ശതമാനവും ആദിത്യ ബിര്‍ള ഗ്രൂപ്പിന് 26.1 ശതമാനവും ഓഹരി പങ്കാളിത്തമുണ്ടാവും. ശേഷിച്ച ഓഹരികള്‍ പൊതുജനങ്ങളുടെയും നിക്ഷേപക സ്ഥാപനങ്ങളുടെയും കൈകളിലായിരിക്കും. പൂര്‍ണമായും ഓഹരികളുടെ കൈമാറ്റത്തിലൂടെയായിരിക്കും ഇടപാട്. ലയനം പൂര്‍ത്തിയാകുന്നതോടെ 4.9 ശതമാനം ഓഹരികള്‍ വോഡഫോണ്‍ 3,874 കോടി രൂപയ്ക്ക് ആദിത്യ ബിര്‍ള ഗ്രൂപ്പിന് നല്‍കും. ഭാവിയില്‍ വോഡഫോണ്‍ ഓഹരികള്‍ വില്‍ക്കുമ്പോള്‍ അതു വാങ്ങാന്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിന് അവസരമുണ്ടാകും. ടെലികോം ടവര്‍ കമ്പനിയായ ഇന്‍ഡസ് ടവേഴ്‌സില്‍ വോഡഫോണിനുള്ള 42 ശതമാനം ഓഹരികള്‍ ലയനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല.

ആദിത്യ ബിര്‍ള ഗ്രൂപ്പ് മേധാവി കുമാര്‍ മംഗളം ബിര്‍ളയായിരിക്കും ലയിച്ചൊന്നാകുന്ന കമ്പനിയുടെ ചെയര്‍മാന്‍. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സി.ഇ.ഒ.), ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ (സി.ഒ.ഒ.) എന്നിവരെ കൂട്ടായി തീരുമാനിക്കും. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സി.എഫ്.ഒ.) വോഡഫോണിന്റെ പ്രതിനിധിയായിരിക്കും. ലയനം പൂര്‍ത്തിയാകുന്നതോടെ, വോഡഫോണ്‍ ഇന്ത്യ എന്ന കമ്പനി പിരിച്ചുവിടും.

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഗ്രൂപ്പ് ജിയോ എന്ന പേരില്‍ 4ജി ടെലികോം സേവനവുമായി എത്തിയതോടെയാണ് ടെലികോം രംഗത്തു മത്സരം ശക്തമായത്. ജിയോ പ്രത്യേക ഓഫറായി മാസങ്ങളോളം സൗജന്യ ഇന്റര്‍നെറ്റ്‌ േഡറ്റയും സൗജന്യ കോളുകളും ഒരുക്കി. ഇതോടെ, മറ്റു കമ്പനികളെല്ലാം നിരക്കുകള്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതരായി. ജിയോയില്‍ നിന്നുള്ള മത്സരം രൂക്ഷമായതോടെയാണ് ടെലികോം രംഗത്തു ലയന നീക്കങ്ങള്‍ ചൂടുപിടിച്ചത്. ടെലിനോറിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഭാരതി എയര്‍ടെല്‍ ഏറ്റെടുക്കുകയാണ്. അതുപോലെ, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്-എയര്‍സെല്‍-ടാറ്റ ടെലി സര്‍വീസസ് ലയനത്തിനും അരങ്ങൊരുങ്ങുകയാണ്.