ന്യൂഡല്‍ഹി: ടെലികോം കമ്പനികളായ വോഡഫോണ്‍ ഇന്ത്യയും ഐഡിയ സെല്ലുലാറും തമ്മിലുള്ള ലയനം 2018 മാര്‍ച്ചോടെ പൂര്‍ത്തിയാകുമെന്ന് സൂചന. റെഗുലേറ്ററി അനുമതികള്‍ കിട്ടാന്‍ അതുവരെ സമയമെടുക്കുമെന്ന വിലയിരുത്തലിലാണ് ഇത്.

ലയനത്തിനായി രണ്ട് അനുമതികള്‍ കൂടി ആവശ്യമാണ്. ഇത് ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ ലഭിക്കുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ ദേശീയ കമ്പനി നിയമ ട്രിബ്യൂണലിന്റെ പരിഗണനയിലാണ് ലയനം. ട്രിബ്യൂണലിന്റെ അനുമതി ലഭിച്ചുകഴിഞ്ഞാല്‍ ടെലികോം വകുപ്പിന്റെ അന്തിമ അനുമതി കൂടി ആവശ്യമാണ്.

ഇതിനിടെ, ലയനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം തേടാന്‍ ഐഡിയ സെല്ലുലാര്‍ ഒക്ടോബര്‍ 12-ന് യോഗം വിളിച്ചിട്ടുണ്ട്. കമ്പനിക്ക് വായ്പ നല്‍കിയവരുടെ അംഗീകാരവും ഇതോടൊപ്പം തേടും. കമ്പനി നിയമ ട്രിബ്യൂണലിന്റെ ആവശ്യപ്രകാരം ഗാന്ധിനഗറിലാണ് യോഗം വിളിച്ചിരിക്കുന്നത്.

ഈ വര്‍ഷം ആദ്യമാണ് വോഡഫോണിന്റെ ഇന്ത്യന്‍ സംരംഭവും ഐഡിയ സെല്ലുലാറും ലയനം പ്രഖ്യാപിച്ചത്. വിപണി വിഹിതത്തിന്റെ കാര്യത്തില്‍ നിലവില്‍ രാജ്യത്തെ രണ്ടാമത്തെയും മൂന്നാമത്തെയും വലിയ കമ്പനികളാണ് വോഡഫോണും ഐഡിയയും. രണ്ടും ലയിക്കുന്നതോടെ 35 ശതമാനം വിപണി വിഹിതമാകും.

ലയനശേഷമുണ്ടാകുന്ന കമ്പനിയില്‍ ബ്രിട്ടീഷ് കമ്പനിയായ വോഡഫോണിന് 45.1 ശതമാനം ഓഹരിയുണ്ടാകും. 3,874 കോടി രൂപ നല്‍കി 4.9 ശതമാനം ഓഹരികള്‍ ഐഡിയയുടെ ഉടമകളായ ആദിത്യ ബിര്‍ള ഗ്രൂപ്പ് സ്വന്തമാക്കും. ഇതോടെ അവരുടെ പങ്കാളിത്തം 26 ശതമാനമാകും. ശേഷിച്ച 28.9 ശതമാനം ഓഹരികള്‍ മറ്റ് ഓഹരിയുടമകളുടെ കൈവശമായിരിക്കും.