ബെംഗളൂരു: ആഗോള ടെക് ഭീമനായ ആപ്പിളിന്റെ ഐ ഫോണുകള്‍ അടുത്ത മാസം മുതല്‍ ബെംഗളൂരുവില്‍ നിര്‍മിച്ചു തുടങ്ങും. ബെംഗളൂരുവിലെ പ്ലാന്റില്‍ ആപ്പിളിനു വേണ്ടി തയ് വാന്‍ കമ്പനി വിസ്‌ട്രോണാണ് ഇവിടെ ഐ ഫോണകളും മറ്റ് ഗാഡ്ജറ്റുകളും നിര്‍മിക്കുക.

ഇന്ത്യ, അതിവേഗം വളരുന്ന ഐ ഫോണ്‍ വിപണിയായി വളരുന്ന പശ്ചാത്തലത്തിലാണ് ഇവിടെ പ്ലാന്റ് തുറക്കാന്‍ ആപ്പിള്‍ ഒരുങ്ങിയത്. ഇതിനു മുന്നോടിയായി കേന്ദ്രത്തിനു മുന്നില്‍ ചില ഇളവുകള്‍ കമ്പനി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അനുകൂല തീരുമാനം വരുന്നതിനു മുമ്പുതന്നെയാണ് ട്രയല്‍ അസംബ്ലി തുടങ്ങുന്നതെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടേയും ഉപകരണങ്ങളുടേയും ഇറക്കുമതിയില്‍ 15 വര്‍ഷം നികുതി ഈടാക്കരുതെന്ന് ആവശ്യപ്പെട്ടു. ഡിവൈസുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമ്പോഴുള്ള നികുതിയിളവും കമ്പനി തേടിയിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചിട്ടില്ല.

വിദേശ നിക്ഷേപ നയത്തിനും കൂടുതല്‍ ആനുകൂല്യങ്ങള്‍ കമ്പനി തേടിയിരുന്നു. വാണിജ്യ, ധനകാര്യ, സാങ്കേതികവിദ്യ മന്ത്രാലയങ്ങള്‍ക്ക് ആപ്പിള്‍ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല.

നിര്‍ദിഷ്ട ചരക്ക്-സേവന നികുതി ജൂലൈ മുതല്‍ നടപ്പിലാകുമ്പോള്‍ നികുതി ഘടനയില്‍ മാറ്റം വരുമെന്നതിനാലാകാം കേന്ദ്രം ഇപ്പോള്‍ പ്രതികരിക്കാത്തതെന്നും പറയുന്നു.

ബെംഗളൂരു യൂണിറ്റില്‍ നിന്ന് കയറ്റുമതിയും കമ്പനി ലക്ഷ്യമിടുന്നുണ്ട്. യൂണിറ്റ് ബെംഗളൂരുവില്‍ സ്ഥാപിക്കുമെന്നും ഇവിടെ നിന്ന് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുമെന്നുമാണ് കരുതുന്നുത്. ബെംഗളൂരുവിനെ ഒരു ഉത്പാദന ഹബ്ബാക്കുകയാണ് ആപ്പിളിന്റെ ലക്ഷ്യം. ഇവിടെ അസംബ്ലി ആരംഭിക്കുന്നതോടെ ഇവിടെ ഉത്പാദിപ്പിക്കുന്ന മോഡലുകളുടെ വില ആഭ്യന്തര വിപണിയില്‍ കുറയുമെന്ന പ്രത്യേകതയുമുണ്ട്.