കുറഞ്ഞ മുതൽമുടക്കിൽ വജ്രത്തിൽ നിക്ഷേപം നടത്താൻ നിക്ഷേപകർക്ക് അവസരമൊരുക്കി ഇന്ത്യൻ കമോഡിറ്റി എക്സ്‌ചേഞ്ച് (ഐ.സി.ഇ.എക്സ്.). 150 രൂപയിൽ താഴെ ചെലവിൽ ‘ഡീബിയേഴ്‌സ്’ സർട്ടിഫിക്കേഷനുള്ള വജ്രം സ്വന്തമാക്കാൻ ഐ.സി.ഇ.എക്സിലൂടെ കഴിയും. വജ്രവ്യാപാരം നടത്തുന്ന ലോകത്തിലെ തന്നെ ആദ്യ ഉത്പന്ന അവധിവ്യാപാര എക്സ്‌ചേഞ്ചായി മാറിയിരിക്കുകയാണ് ഐ.സി.ഇ.എക്സ്. 
ഒരു സെന്റ് വജ്രത്തിന് വെള്ളിയാഴ്ചത്തെ വിലയനുസരിച്ച് ഏതാണ്ട് 3,200-3,215 രൂപയാണ്. നാലു ശതമാനമാണ് കുറഞ്ഞ മാർജിൻ. 3,200 രൂപയുടെ നാലു ശതമാനം മാർജിൻ നൽകി ഒരു ലോട്ട് സ്വന്തമാക്കാം. അതായത്, 128 രൂപയ്ക്ക് ഒരു സെന്റിന്റെ വ്യാപാരം നടത്താം. 
നിലവിൽ ഒരു കാരറ്റിന്റെ (100 സെന്റ്) കരാറാണ് ആരംഭിച്ചിരിക്കുന്നത്. വൈകാതെ, 30 സെന്റിന്റെയും 50 സെന്റിന്റെയും കരാറുകൾ ആരംഭിക്കുമെന്ന് ഐ.സി. ഇ.എക്സ്. അറിയിച്ചു.  
മൂന്നു മാസത്തെ കരാറാണ് നിലവിലുള്ളത്. കമോഡിറ്റി എക്സ്ചേഞ്ചിലൂടെ വ്യാപാരം നടത്തുന്ന ഡയമണ്ട് ഇലക്‌ട്രോണിക് (ഡീ മാറ്റ്) രൂപത്തിൽ സൂക്ഷിച്ചശേഷം മൊത്തം നിക്ഷേപശേഖരം 100 സെന്റ് ആകുന്നതോടെ ഡെലിവറി എടുക്കാൻ സൗകര്യമുണ്ടാവും.

എന്താണ് ഉത്പന്ന അവധി വ്യാപാരം?

ഭാവിയെ ലക്ഷ്യമാക്കി, മുൻകൂട്ടി നിശ്ചയിച്ച വിലയിൽ ഉത്പന്നങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന കരാറാണ് ‘ഉത്പന്ന അവധിവ്യാപാരം’ അഥവാ ‘കമോഡിറ്റി ഫ്യൂച്ചേഴ്‌സ്’. ഭാവിയിലുണ്ടായേക്കാവുന്ന നഷ്ടം ഒഴിവാക്കുകയാണ് ലക്ഷ്യം. 
റിയൽ എസ്റ്റേറ്റ് വില കുതിച്ചുയരുന്ന അവസരത്തിൽ അഡ്വാൻസ് തുക നൽകി, ഭൂമി ഇത്ര രൂപയ്ക്ക് വാങ്ങാമെന്ന് കരാർ ഉണ്ടാക്കുന്നതു പോലെയാണ് അവധി വ്യാപാരവും. മിക്കപ്പോഴും അഡ്വാൻസ് നൽകി,  മൂന്നു മാസത്തെയോ ആറു മാസത്തെയോ കരാർ കാലാവധി കഴിഞ്ഞ ശേഷമാണ് മുഴുവൻ തുകയും നൽകി ഭൂമി കൈപ്പറ്റുക. ഈ കാലയളവിനുള്ളിൽ വില ഉയരുകയാണെങ്കിൽ വാങ്ങിയയാളിന് ലാഭം. വില കുറയുകയാണെങ്കിൽ നഷ്ടം. ഇതുപോലെ തന്നെയാണ് അവധി വ്യാപാരവും. നിശ്ചിത തുക മാർജിൻ (അഡ്വാൻസ്) നൽകി ഉത്പന്നം വാങ്ങാം. വില കൂടിയാൽ ലാഭം, അല്ലെങ്കിൽ നഷ്ടം.