Mathrubhumi Portal
Mathrubhumi Logo
MAKE HOMEPAGE   I    ARCHIVES   I    GOOD NEWS   I    E-PAPER   I    ASTROLOGY   I    ENTERTAINMENT   I    TOURISM   I    HEALTH   I    EDUCATION   I    EVES
 



3 Jul, 2009
റെയില്‍വേ പ്രതീക്ഷകളോടെ കേരളം

ഇത്തവണ പ്രതീക്ഷകളോടെയാണ്‌ റെയില്‍വേ ബജറ്റിനായി കേരളീയര്‍ കാത്തിരിക്കുന്നത്‌. നിരങ്ങിനീങ്ങുന്ന ട്രെയിനുകള്‍ വികസനമുരടിപ്പിന്റെ ദൃശ്യരൂപങ്ങളാണ്‌. അതിനെ മറികടക്കാന്‍ കേരളത്തിന്റെ ലോക്‌സഭാ പ്രതിനിധികള്‍ ഒരുമയോടെ മുന്നേറണം

ഡോ. മേരി ജോര്‍ജ്‌

കേരളം പോലെ ജനസാന്ദ്രമായൊരു സംസ്ഥാനത്ത്‌ റെയില്‍പ്പാതകള്‍ മുഖ്യഗതാഗതധമനിയാണ്‌, ജീവിതരേഖയാണ്‌. ദേശീയതലത്തിലും റെയില്‍വേക്ക്‌ പ്രാധാന്യം ഒട്ടും കുറവല്ല. അതുകൊണ്ടുതന്നെയാണ്‌ പൊതുബജറ്റിന്റെ ഒരു ഭാഗമാക്കി ഒതുക്കിക്കളയാതെ റെയില്‍വേ ബജറ്റ്‌ പ്രത്യേകമാക്കിയത്‌. ഭീഷണികളൊന്നുമില്ലാത്ത കേന്ദ്രഗവണ്മെന്റിനു വേണമെങ്കില്‍ ഇത്തവണ കടുത്തൊരു ബജറ്റ്‌ കൊണ്ടുവരാം; മനുഷ്യമുഖത്തിന്‌ കോട്ടംതട്ടാതെതന്നെ. എന്നാല്‍ ഡീസല്‍/പെട്രോള്‍ വിലവര്‍ധന പരത്തുന്ന ഭീതിയുടെ നിഴലില്‍നിന്നുവേണം പ്രതീക്ഷകളെ താലോലിക്കുന്നത്‌.

ഒരുവശത്ത്‌ നാണ്യച്ചുരുക്കം, മറുവശത്ത്‌ പണപ്പെരുപ്പം. ഈ വിരോധാഭാസത്തെ മെരുക്കുന്നതിനുള്ള വഴികള്‍ ഭാഗികമായിട്ടെങ്കിലും റെയില്‍വേ ബജറ്റിലുണ്ടാവണം. സാധാരണക്കാരിയില്‍ സാധാരണക്കാരിയായ റെയില്‍വേ മന്ത്രി മമത ബാനര്‍ജി തന്റെ ധിഷണയും തന്ത്രവും ചാലിച്ചുചേര്‍ത്ത്‌ എല്ലാത്തരം യാത്രക്കാരെയും ചരക്കുകളെയും മുമ്പില്‍ക്കണ്ട്‌ മികച്ച സേവനം, മികച്ച വരുമാനം എന്ന ലക്ഷ്യത്തോടെയാവും ബജറ്റ്‌ തയ്യാറാക്കുന്നത്‌. എന്‍.ഡി.എ. ഗവണ്മെന്റില്‍ റെയില്‍വേ മന്ത്രിയായിരുന്ന്‌ 2000-'01ല്‍ അവര്‍ അവതരിപ്പിച്ച ബജറ്റ്‌ രേഖതന്നെ അതിനു തെളിവാണ്‌.

'പുഞ്ചിരിയോടെ സേവനം' എന്ന ലക്ഷ്യവുമായി മുന്നേറുമ്പോഴും സാധാരണക്കാരില്‍ അധികഭാരം അടിച്ചേല്‌പിക്കാതെ റെയില്‍വേയുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള കര്‍മപദ്ധതികള്‍ ആ ബജറ്റിലുണ്ടായിരുന്നു.

ഉയര്‍ന്ന വരുമാനക്കാരെ റെയില്‍വേയുടെ സേവന പരിധിയില്‍ കൊണ്ടുവരുന്നതിനായി 'ചക്രങ്ങളില്‍ ചലിക്കുന്ന കൊട്ടാരം' എന്ന നൂതനാശയം മമതയുടെ സംഭാവനയായിരുന്നു. പില്‍ക്കാലത്ത്‌ ലാലുപ്രസാദ്‌ യാദവ്‌ ആ ആശയം ഫലപ്രദമായി നടപ്പിലാക്കി കൈയടി വാങ്ങുകയും ചെയ്‌തു. റെയില്‍വേയുടെ സേവനം കുറ്റമറ്റതും സുരക്ഷിതവും ഭദ്രവുമാക്കുക, കാര്യക്ഷമതയും ഉത്‌പാദനക്ഷമതയും വളര്‍ത്തിയെടുത്ത്‌ കേന്ദ്ര ഖജനാവിലേക്ക്‌ ഏറ്റവും വരുമാനം ലഭ്യമാക്കുന്ന വകുപ്പാക്കി റെയില്‍വേയെ മാറ്റുക എന്നൊക്കെയാണ്‌ ആഗോളമാന്ദ്യകാലഘട്ടത്തില്‍ മമതയും ആഗ്രഹിക്കുന്നത്‌. ഈ സാഹചര്യത്തില്‍ കേരളത്തിന്‌ നീതി ലഭിക്കുമോ?

ഇത്തവണ കേരളത്തെ പ്രതിനിധീകരിക്കുന്ന ലോക്‌സഭാംഗങ്ങളില്‍ നവതരംഗത്തിന്റെ ഉണര്‍വ്‌ കാണാം. അന്തര്‍ദേശീയവേദികളില്‍ കഴിവ്‌ തെളിയിച്ച്‌ കടന്നുവന്ന ശശി തരൂരിന്റെ വിപുലമായ അനുഭവജ്ഞാനം സംസ്ഥാനവികസനത്തിനായി പ്രയോജനപ്പെടുത്താന്‍ എല്ലാ ലോക്‌സഭാംഗങ്ങളും ഒരുമിക്കുന്ന കാഴ്‌ച പ്രതീക്ഷയ്‌ക്ക്‌ വക നല്‌കുന്നതാണ്‌. കേന്ദ്രത്തില്‍ കേരളത്തിന്റെ ജിഹ്വ ഈ ജനപ്രതിനിധികളാണ്‌. ഇവര്‍ കേരളത്തിന്റെ റെയില്‍വേ ആവശ്യങ്ങള്‍ എത്ര കൃത്യതയോടെയും വസ്‌തുനിഷ്‌ഠമായും പഠിച്ച്‌ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമോ അത്രകണ്ട്‌ നമുക്ക്‌ ലഭ്യമാവും. അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥ കൂടി നിലനി'ുന്നു എന്നതും ശ്രദ്ധേയം.

മമത ബാനര്‍ജിയുടെ 2000-01 ബജറ്റില്‍ 19 പുതിയ ട്രെയിനുകള്‍ അനുവദിച്ചതില്‍ ഒന്നുപോലും കേരളത്തിനുണ്ടായിരുന്നില്ല. കഴിഞ്ഞ ഗവണ്മെന്റ്‌ ഫിബ്രവരിയില്‍ അവതരിപ്പിച്ച ഇടക്കാല റെയില്‍വേ ബജറ്റില്‍ 43 പുതിയ ട്രെയിനുകള്‍ അനുവദിച്ചപ്പോള്‍ അതില്‍ രണ്ടെണ്ണം കേരളത്തിലൂടെ കടന്നുപോവുക മാത്രമാണ്‌ ചെയ്‌തത്‌. പുതിയ ലൈനുകള്‍, ലൈനുകളുടെ ഇരട്ടിപ്പിക്കല്‍, ഗേജ്‌മാറ്റം, വൈദ്യുതീകരണം ഇതിലൊക്കെ കേന്ദ്രം കേരളത്തോട്‌ ചിറ്റമ്മനയമാണ്‌ കാലാകാലങ്ങളില്‍ കാണിച്ചത്‌. റെയില്‍വേ സഹമന്ത്രിയായിരുന്ന തെന്നിന്ത്യക്കാരന്‍ വടക്കേ ഇന്ത്യക്കാരെക്കാള്‍ കടുത്ത ദ്രോഹമാണ്‌ കേരളത്തോടു കാട്ടിയത്‌.

കേരളം ഒരു മുന്‍ഗണനാപട്ടിക തയ്യാറാക്കിയാല്‍ ഒന്നാം സ്ഥാനത്ത്‌ ലൈന്‍ ഇരട്ടിപ്പിക്കല്‍ വരുമെന്ന്‌ തോന്നുന്നു. ട്രെയിനുകളുടെ താമസിച്ചോട്ടത്തില്‍ കേരളം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാംസ്ഥാനത്താണ്‌. തന്മൂലം ഉള്ള ട്രെയിനുകള്‍ പോലും ഉദ്ദേശിച്ച സേവനം ലഭ്യമാക്കുന്നില്ല. ലൈനുകള്‍ പൂര്‍ണമായും ഇരട്ടിപ്പിക്കുന്നതിലൂടെ വൈകിയോട്ടത്തിന്‌ പരിഹാരമാകും. എല്ലാ മേഖലകളിലും ഉത്‌പാദനക്ഷമത വര്‍ധിക്കുന്നതിന്‌ ഇതു സഹായകമാകും.

ട്രെയിനുകളുടെ എണ്ണത്തിലും സര്‍വീസുകളുടെ എണ്ണത്തിലും വര്‍ധന അനിവാര്യമാണ്‌. ഇതിനു മുന്നോടിയായി അടിസ്ഥാനസൗകര്യവികസനത്തില്‍ അടിയന്തരശ്രദ്ധ പതിയണം. ബജറ്റില്‍ വകകൊള്ളിച്ചിട്ടും പണി തുടങ്ങുകപോലും ചെയ്യാത്ത മേല്‍പ്പാലങ്ങള്‍ കേരളത്തിന്റെ മാത്രം കെടുകാര്യസ്ഥതയുടെ നേര്‍ക്കാഴ്‌ചകളാണ്‌. മികച്ച അടിസ്ഥാനസൗകര്യം ലഭ്യമാക്കിയാലേ കൂടുതല്‍ ട്രെയിനുകള്‍, കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ ബലപ്പെടൂ.

സംസ്ഥാനത്തിനകത്ത്‌ 'സ്വ-മധ്യദൂര യാത്രാസൗകര്യം ഗണ്യമായി വര്‍ധിപ്പിക്കുന്നതിനുതകുന്ന രീതിയിലുള്ള മാറ്റമാണ്‌ ആവശ്യം. സംസ്ഥാനത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച്‌ കൂടുതല്‍ ഇന്റര്‍സിറ്റി എക്‌സ്‌പ്രസ്‌ സര്‍വീസുകള്‍ വരണം. കേരളത്തിന്റെ സ്ഥലപരിമിതി, ജനസാന്ദ്രത, യാത്രാസാന്ദ്രത തുടങ്ങിയവ കണക്കിലെടുത്തുകൊണ്ട്‌ ഭൂഗര്‍ഭ റെയില്‍വേകള്‍ വരണം.

കൊച്ചി മെട്രോ റെയില്‍പ്പാത ഇത്തവണയെങ്കിലും യാഥാര്‍ഥ്യമാകുമെന്ന്‌ പ്രത്യാശിക്കാം. 2005 മുതല്‍ പ്രോജക്ട്‌ റിപ്പോര്‍ട്ടും തയ്യാറാക്കി കേരളം കാത്തിരിക്കുമ്പോള്‍ പിറകേ വന്നവര്‍ നിര്‍മാണവുമായി മുന്നേറുന്നു. അന്ന്‌ 1966 കോടി അടങ്കല്‍ കൊണ്ട്‌ തീരുമായിരുന്ന പദ്ധതിക്ക്‌ ഇപ്പോള്‍ 4300 കോടി വേണ്ടിവരുമത്രേ. കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകളും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനും ചേര്‍ന്ന സംയുക്തസംരംഭത്തിന്റെ സാരഥി മലയാളിയായ ഇ. ശ്രീധരനാണെന്നത്‌ ആശ്വാസപ്രദം.

മുന്‍ഗണനാക്രമത്തില്‍ അടുത്തത്‌ തിരുവനന്തപുരത്തെ (കൊച്ചുവേളി) രണ്ടാം ടെര്‍മിനല്‍ പദ്ധതിയാണ്‌. ഈ ടെര്‍മിനല്‍ പൂര്‍ത്തിയാവുന്നതോടെ ദീര്‍ഘദൂര ട്രെയിനുകളുടെ (സംസ്ഥാനാന്തര) ടെര്‍മിനലായി മാറും. ഇത്‌ കൂടുതല്‍ സംസ്ഥാനാന്തര സര്‍വീസുകളും തിരുവനന്തപുരം മെട്രോയും നേടിയെടുക്കുന്നതിന്‌ സഹായിക്കും.

റെയില്‍ വൈദ്യുതീകരണമാണ്‌ അടുത്ത അടിയന്തരാവശ്യം. മറ്റു സംസ്ഥാനങ്ങള്‍ ലഭ്യമാക്കുന്ന നിരക്കിലും അളവിലും വൈദ്യുതി ലഭ്യമാകേണ്ട ചുമതലയില്‍നിന്ന്‌ സംസ്ഥാനസര്‍ക്കാര്‍ പിന്നാക്കം പോകുന്നത്‌ ജീവസന്ധാരണത്തിനായി അനുദിനം യാത്ര ചെയ്യേണ്ടിവരുന്ന സാധാരണക്കാരന്റെ ക്ലേശം മനസ്സിലാക്കാത്തതുകൊണ്ടാണ്‌. ഖജനാവിലെ പണം മുന്‍ഗണനയനുസരിച്ച്‌ ചെലവഴിക്കാന്‍ കൂട്ടാക്കാത്തതുകൊണ്ടാണിത്‌. വൈദ്യുതീകരണം സാധ്യമായാലേ മെമു സര്‍വീസ്‌ (മെയിന്‍ ലൈന്‍ ഇലക്‌ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ്‌) സാധ്യമാവുകയുള്ളൂ. തിരുവനന്തപുരം-കോട്ടയം, തൃശ്ശൂര്‍- കോട്ടയം, കോഴിക്കോട്‌-തൃശ്ശൂര്‍, കാസര്‍കോട്‌-കോഴിക്കോട്‌, പാലക്കാട്‌-കോഴിക്കോട്‌ എന്നീ പാതകളില്‍ മെമു സര്‍വീസ്‌ വന്നാല്‍ കേരളത്തിന്റെ ആളോഹരി യാത്രാസൗകര്യത്തില്‍ വന്‍കുതിച്ചുചാട്ടമുണ്ടാവും.

ടൂറിസവികസനത്തിന്‌ അനന്തസാധ്യതകളുള്ള കേരളത്തിന്‌ 'ചക്രങ്ങളില്‍ ചലിക്കുന്ന കൊട്ടാരങ്ങള്‍' ആവശ്യമാണ്‌. വിനോദസഞ്ചാരകേന്ദ്രങ്ങളെ തമ്മില്‍ ഇങ്ങനെ ബന്ധിപ്പിച്ചാല്‍ ടൂറിസവരുമാനത്തിലും റെയില്‍വരുമാനത്തിലും ഒരു കുതിച്ചുചാട്ടത്തിന്‌ ഇതുവഴിവെക്കും.

ഗേജ്‌ മാറ്റത്തിനും പുതിയ ലൈനുകളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കും ബജറ്റ്‌ വകയിരുത്തുമെന്ന്‌ പ്രതീക്ഷിക്കാം. ഗുരുവായൂര്‍- താനൂര്‍ തീരദേശ ലൈന്‍ മലബാറിന്റെ യാത്രാപ്രശ്‌നങ്ങള്‍ക്ക്‌ ഒരളവുവരെ പരിഹാരമാകും.

ചുരുക്കത്തില്‍ രാജ്യത്തുണ്ടാവുന്ന റെയില്‍വികസനത്തില്‍ ജനസംഖ്യാനുസൃതമായും വികസനാവശ്യങ്ങളുടെ തീവ്രതയനുസരിച്ചും കേരളം അര്‍ഹിക്കുന്നത്‌ കേരളത്തിന്‌ നല്‍കുകയെന്നത്‌ ഫെഡറല്‍ സംവിധാനത്തിന്റെ കെട്ടുറപ്പിനും ഭദ്രതയ്‌ക്കും അനിവാര്യമാണ്‌. അവഗണന പ്രതിഷേധാര്‍ഹമാണ്‌, അപലപനീയമാണ്‌. ഇത്തവണ പ്രതീക്ഷകളോടെയാണ്‌ റെയില്‍വേ ബജറ്റിനായി കേരളീയര്‍ കാത്തിരിക്കുന്നത്‌. നിരങ്ങിനീങ്ങുന്ന ട്രെയിനുകള്‍ വികസനമുരടിപ്പിന്റെ ദൃശ്യരൂപങ്ങളാണ്‌. അതിനെ മറികടക്കാന്‍ കേരളത്തിന്റെ ലോക്‌സഭാ പ്രതിനിധികള്‍ ഒരുമയോടെ മുന്നേറണം; 'ഐകമത്യം മഹാബലം' എന്ന പാഠം ഉള്‍ക്കൊണ്ടുകൊണ്ടുതന്നെ.

(യൂണിവേഴ്‌സിറ്റി കോളേജ്‌ സാമ്പത്തികശാസ്‌ത്ര വിഭാഗം മുന്‍ മേധാവിയാണ്‌ ലേഖിക)

------------------------------------------------------------------------------------------------------------------

പൊട്ടിച്ചിരിയും ഊറിച്ചിരിയും


കാലത്തിനൊപ്പം
ഉമ്മന്‍ചാണ്ടി

ലാവലിന്‍ വിഷയത്തില്‍ പ്രതികളെ നിയമവ്യവസ്ഥയ്‌ക്കു വിട്ടുകൊടുക്കാനും തീവ്രവാദ പ്രസ്ഥാനങ്ങളുമായുള്ള ബന്ധം പൂര്‍ണമായി വിച്ഛേദിക്കാനും വല്യേട്ടന്‍ മനോഭാവം ഉപേക്ഷിക്കാനും സി.പി.എം. തയ്യാറാകണം

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ ദയനീയ പരാജയത്തെക്കുറിച്ച്‌ സി.പി.എം. സംസ്ഥാന കമ്മിറ്റിയുടെയും കേന്ദ്ര കമ്മിറ്റിയുടെയും അവലോകനം ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. കേരളത്തിനു മാത്രമായി 4, 5 തീയതികളില്‍ പ്രത്യേക പൊളിറ്റ്‌ ബ്യൂറോ യോഗവും ചേരുകയാണ്‌. സംസ്ഥാന കമ്മിറ്റിയുടെയും കേന്ദ്രകമ്മിറ്റിയുടെയും വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ്‌ പൊളിറ്റ്‌ ബ്യൂറോ മുന്നോട്ടുനീങ്ങുന്നതെങ്കില്‍ അതു പരിതാപകരമായിരിക്കും.

ലാവലിന്‍ ഇടപാട്‌, മഅദനി ബന്ധം, വികസന പ്രവര്‍ത്തനങ്ങളുടെ സ്‌തംഭനം, എല്‍.ഡി.എഫ്‌. അനൈക്യം എന്നിവയാണ്‌ പ്രധാനമായും ഇടതുപക്ഷത്തിന്റെ പരാജയകാരണങ്ങളായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്‌. പരാജയകാരണങ്ങള്‍ക്ക്‌ നല്‌കിയിരിക്കുന്ന വ്യാഖ്യാനമാണ്‌ അമ്പരപ്പിക്കുന്നത്‌. തെറ്റു ചെയ്‌തവരല്ല തെറ്റുകാര്‍, മറിച്ച്‌ തെറ്റിനെക്കുറിച്ച്‌ സംസാരിച്ചവരാണ്‌ തെറ്റുകാര്‍ എന്നാണ്‌ സി.പി.എം. നിലപാട്‌. യു.ഡി.എഫ്‌., മീഡിയ, മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ എന്നിവരാണ്‌ സി.പി.എമ്മിന്റെ കണ്ണില്‍ വില്ലന്‍മാര്‍. യഥാര്‍ഥത്തില്‍ ഇതൊരു അവലോകന റിപ്പോര്‍ട്ടല്ല. സത്യവുമായി ഇതിന്‌ നൂല്‍ബന്ധം പോലുമില്ല. മറിച്ച്‌, വമ്പന്‍ പരാജയത്തെ പകരം വീട്ടാനുള്ള അവസരമാക്കി മാറ്റാനാണ്‌ ശ്രമം. തിരഞ്ഞെടുപ്പു പരാജയം കണ്ട്‌ വി. എസ്‌. പൊട്ടിച്ചിരിച്ചെങ്കില്‍ ചിലര്‍ ഊറിച്ചിരിക്കുകയാണ്‌.

മഅദനിയുമായി തിരഞ്ഞെടുപ്പു ബന്ധം ഉണ്ടാക്കിയതില്‍ സി.പി.എം. തെറ്റൊന്നും കാണുന്നില്ല. മഅദനിയുമായി വേദി പങ്കിട്ടതു മാത്രം തന്ത്രപരമായ പാളിച്ചയായിപ്പോയി എന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. എന്നാല്‍ അതാണോ ശരിയായ തെറ്റ്‌? തിരഞ്ഞെടുപ്പിനുശേഷം പോലും മഅദനിയെ തീവ്രവാദവിരുദ്ധ സ്‌ക്വാഡ്‌ ചോദ്യംചെയ്‌തിരുന്നു. കേന്ദ്ര ഏജന്‍സികള്‍ ഇടപെടുമെന്ന ഘട്ടമെത്തിയപ്പോള്‍ നടത്തിയ ആ ചോദ്യം ചെയ്യല്‍ മഅദനിയെ സംരക്ഷിക്കാന്‍ സി.പി.എം. നടത്തിയ ലഘുനാടകമായിരുന്നോ എന്ന സംശയം നിലനി'ുന്നു. കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷണവലയത്തിലിട്ടിരിക്കുന്നതും ജനങ്ങള്‍ സംശയത്തോടെ വീക്ഷിക്കുന്നതുമായ ഇത്തരം പ്രസ്ഥാനങ്ങളുമായുള്ള തുറന്ന ബന്ധം തന്നെയല്ലേ സി.പി.എം. ചെയ്‌ത തെറ്റ്‌?

ഇടതുപക്ഷ അനൈക്യത്തിനു കാരണം സി.പി.ഐ.യും ജനതാദളും മാത്രമാണെന്നാണ്‌ സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍. പൊന്നാനിയില്‍ സി.പി.ഐ. മുട്ടാപ്പോക്കു നയമാണ്‌ സ്വീകരിച്ചതെന്നും ജനതാദള്‍ രഹസ്യ അജന്‍ഡയുള്ള പാര്‍ട്ടിയാണെന്നും കുറ്റപ്പെടുത്തുന്നു. ഘടകകക്ഷികളുമായിട്ടുള്ള തര്‍ക്കങ്ങളുടെ അടിസ്ഥാനം അവരുടെ സങ്കുചിതമായ നിലപാടുകളും പിടിവാശിയും, ജനതാദളിന്റെ കാര്യത്തില്‍ ഗൂഢമായ രാഷ്ട്രീയ ലക്ഷ്യങ്ങളും ഒക്കെയായിരുന്നു എന്നാണ്‌ സി.പി.എം. സംസ്ഥാന കമ്മിറ്റി വിലയിരുത്തുന്നത്‌. എന്നാല്‍, സത്യമിതാണോ?

സി.പി.എം. കാലാകാലമായിവെച്ചുപുലര്‍ത്തുന്ന ഏകപക്ഷീയമായ നിലപാടുകളാണ്‌ ഇടതുമുന്നണിയെ ശിഥിലമാക്കുന്നത്‌. തിരഞ്ഞെടുപ്പിനു ശേഷവും സി.പി.എം. അതു തുടരുന്നതാണ്‌ കാണുന്നത്‌. തിരഞ്ഞെടുപ്പുഫലം വന്നിട്ട്‌ ഒന്നരമാസമാകുന്നു. ഇത്രയും വലിയ പരാജയം ഉണ്ടായിട്ടും അതേക്കുറിച്ചു ചര്‍ച്ചചെയ്യാന്‍ ഇടതുമുന്നണി ഇതുവരെ യോഗം ചേര്‍ന്നില്ല. സ്വാശ്രയപ്രശ്‌നത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനിരുന്ന മുന്നണിയോഗം ഘടകകക്ഷികളുടെ എതിര്‍പ്പിനെത്തുടര്‍ന്ന്‌ ഒരു വട്ടം മാറ്റി. ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രിയെയും സി.പി.ഐ.യെയും ഒഴിവാക്കി ഇടതുമുന്നണി യോഗം ചേര്‍ന്നു. സ്വാശ്രയ കരാര്‍ പോലുള്ള സുപ്രധാന വിഷയം ചര്‍ച്ച ചെയ്യാനാണ്‌ ഇവരില്ലാതെ ഇടതുമുന്നണി യോഗം ചേര്‍ന്നത്‌. ഇടതുമുന്നണിയില്‍ സി.പി.എം. പുതിയ കക്ഷിയെ ഉള്‍പ്പെടുത്തുമ്പോള്‍ അത്‌ ഘടകകക്ഷികള്‍ അറിയുന്നില്ല.എത്ര കൊണ്ടാലും സി.പി.എം. പഠിക്കില്ലെന്നു വ്യക്തം.

സി.പി.എം. സംസ്ഥാന അവലോകന റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന ചില വെളിപ്പെടുത്തലുകളുണ്ട്‌. 26,500 കോടി രൂപ മുടക്കുമുതലുള്ളതും 2.13 ലക്ഷം പേര്‍ക്ക്‌ നേരിട്ട്‌ തൊഴില്‍ നല്‌കുന്നതുമായ പദ്ധതികള്‍ക്കു മുഖ്യമന്ത്രി തടസ്സവാദം ഉന്നയിക്കുന്നു എന്നാണത്‌. 90,000 പേര്‍ക്കു തൊഴില്‍ നല്‌കുന്ന സ്‌മാര്‍ട്ട്‌ സിറ്റി, 75,000 പേര്‍ക്ക്‌ തൊഴില്‍ നല്‌കുന്ന ശോഭാ ഹൈടെക്‌സിറ്റി, സെലാര്‍പൂരിയ ഐ.ടി. പ്രോജക്‌ട്‌ എറണാകുളം, കിനാലൂര്‍ സി.ഐ.ഡി.ബി.- കെ.എസ്‌.ഐ.ഡി.സി. പ്രോജക്ട്‌, കോഴിക്കാട്‌, മാവൂര്‍ ഇന്‍കെല്‍ പ്രോജക്ടുകള്‍, സിഡ്‌കോ- ടെലികോം സിറ്റി എന്നിവയാണവ.

സര്‍ക്കാരിനെ ബാധിച്ചിരിക്കുന്ന അടിസ്ഥാനപരമായ പ്രശ്‌നംമൂലമാണിതെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണനിര്‍വഹണത്തില്‍ പ്രധാന ചുമതലക്കാരനായ മുഖ്യമന്ത്രി പാടേ പരാജയപ്പെട്ടിരിക്കുന്നു. സഹപ്രവര്‍ത്തകരെ സംരക്ഷിച്ചും സ്വാഭാവികമായി സംഭവിക്കാവുന്ന വീഴ്‌ചകള്‍ തിരുത്തിയും ഭരണനിര്‍വഹണത്തിനു നേതൃത്വം കൊടുക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിക്ക്‌ വിജയിക്കാനായില്ല എന്നൊക്കെയാണ്‌ അതിനിശിതമായ വിമര്‍ശനം. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഉന്നയിച്ചിരിക്കുന്ന ഈ പുതിയ ആക്ഷേപത്തിനു മറുപടി പറയാന്‍ മുഖ്യമന്ത്രിക്കു ബാധ്യതയുണ്ട്‌. അതിന്‌ അദ്ദേഹം വൈകുന്തോറും അതു കുറ്റസമ്മതമായി കാണേണ്ടി വരും.

ലാവലിന്‍ ഇടപാട്‌ സംബന്ധിച്ചാണ്‌ സി.പി.എം. ഏറ്റവും വലിയ ഒളിച്ചുകളി നടത്തിയിരിക്കുന്നത്‌. സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ട്‌ പ്രകാരം ഇപ്പോള്‍ ലാവലിന്‍ ഇടപാടിലെ മുഖ്യപ്രതി വി. എസ്‌. അച്യുതാനന്ദനാണ്‌. ഇതുസംബന്ധിച്ച്‌ വി.എസ്‌. നടത്തിയിട്ടുള്ള ചില പ്രസ്‌താവനകളെ റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ചിട്ടുണ്ട്‌. എന്നാല്‍ കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ യു.ഡി.എഫും മീഡിയയുമാണ്‌ പ്രതികള്‍. ലാവലിന്‍ പ്രശ്‌നത്തില്‍ തെറ്റു സംഭവിച്ചെന്നു സി.പി.എം. കരുതുന്നില്ല. അതേസമയം ആ തെറ്റിനെക്കുറിച്ചു സംസാരിച്ചവരൊക്കെ തെറ്റുകാരാകുകയും ചെയ്‌തു.

ഇതൊരു അഴിമതിക്കേസാണെന്നും അതുകൊണ്ടുതന്നെ ആരോപണവിധേയരായ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ നീതിന്യായവ്യവസ്ഥയ്‌ക്കു വിധേയരാകണമെന്നും സാമാന്യബോധമുള്ള ആര്‍ക്കുമറിയാം. അതിനു പകരം സി.പി.എം. ഇവിടെ നടത്തിയത്‌ ബന്ദ്‌, ഹര്‍ത്താല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, രാജ്‌ഭവന്‍ മാര്‍ച്ചുകള്‍, ഫണ്ടുപിരിവ്‌ തുടങ്ങിയ ജനദ്രോഹ നടപടികള്‍ മാത്രമാണ്‌. ലാവലിന്‍ ഇടപാടിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും എന്നു പറയുകയും രാഷ്ട്രീയമായി മാത്രം നേരിടുകയും ചെയ്യുന്ന കൈയൂക്ക്‌ രാഷ്ട്രീയം കളിക്കുകയാണ്‌ സി.പി.എം. ചെയ്‌തത്‌. അതും ജനം നിരാകരിച്ചു. അതല്ലേ സത്യം? ആ സത്യമെന്തേ റിപ്പോര്‍ട്ടില്‍ ഇല്ലാത്തത്‌?

ലാവലിന്‍ വിഷയത്തില്‍ പിണറായി വിജയന്‍ യാതൊരു തെറ്റും ചെയ്‌തിട്ടില്ലെന്ന സംസ്ഥാന കമ്മിറ്റിയുടെ അതേ വാക്കുകളാണ്‌ കേന്ദ്ര കമ്മിറ്റിയും കടമെടുത്തിരിക്കുന്നത്‌. സി.പി.എം. സംസ്ഥാനഘടകം പൂര്‍ണമായും ഔദ്യോഗിക വിഭാഗത്തിന്റെ കൈയില്‍ അമര്‍ന്നിരിക്കെ, സംസ്ഥാന സെക്രട്ടറിയെ ന്യായീകരിക്കുന്നതു മനസ്സിലാക്കാം. പക്ഷേ, കേന്ദ്രകമ്മിറ്റിയും അതേ പാത പിന്തുടരുമ്പോഴാണ്‌ സംശയം ബലപ്പെടുന്നത്‌.

ലാവലിന്‍ ഇടപാടില്‍ സി.പി.എം. കേന്ദ്രനേതൃത്വത്തിന്റെ പങ്കെന്ത്‌ ? ഈ ചോദ്യം ഇപ്പോള്‍ നാടൊട്ടുക്ക്‌ ഉയര്‍ന്നിരിക്കുകയാണ്‌. ആരോപണവിധേയനായ നേതാവിനെ നിയമവ്യവസ്ഥയ്‌ക്കു വിധേയനാക്കാതിരിക്കാന്‍ ഏതു ചരടുകളാണ്‌ കേന്ദ്രനേതൃത്വത്തെ കെട്ടിയിട്ടിരിക്കുന്നത്‌ ? ഈ ചോദ്യത്തിന്‌ അവര്‍ മറുപടി പറയുക തന്നെ വേണം.

സംസ്ഥാന കമ്മിറ്റിയുടെയും കേന്ദ്രകമ്മിറ്റിയുടെയും അബദ്ധജടിലമായ വിലയിരുത്തലുകള്‍ക്കു പച്ചക്കൊടി വീശാനാണ്‌ പൊളിറ്റ്‌ബ്യൂറോ യോഗം ചേരുന്നതെങ്കില്‍ അത്‌ ഈ നാടിനോടും ഈ പാര്‍ട്ടിയോടും ചെയ്യുന്ന ക്രൂരതയായിരിക്കും. സത്യസന്ധവും സുതാര്യവുമായ ഒരു വിലയിരുത്തലാണ്‌ കേരളവും പാര്‍ട്ടി സ്‌നേഹികളും പ്രതീക്ഷിക്കുന്നത്‌. ലാവലിന്‍ വിഷയത്തില്‍ പ്രതികളെ നിയമവ്യവസ്ഥയ്‌ക്കു വിട്ടുകൊടുക്കാനും തീവ്രവാദ പ്രസ്ഥാനങ്ങളുമായുള്ള ബന്ധം പൂര്‍ണമായി വിച്ഛേദിക്കാനും വല്യേട്ടന്‍ മനോഭാവം ഉപേക്ഷിക്കാനും സി.പി.എം. തയ്യാറാകണം. സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ യാതൊരു തടസ്സവും പാടില്ല. അതു സി.പി.എമ്മിന്റെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ കുടുങ്ങി തകരേണ്ട വിഷയമല്ല.

ഇടതുമുന്നണി ഒരു തല്ലിപ്പൊളിക്കൂട്ടമാണെന്നാണ്‌ സി.പി.എം. സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരിക്കുന്നത്‌. ഇതിനോട്‌ മുന്നണിയിലെ മറ്റു ഘടകകക്ഷികള്‍ക്ക്‌ യോജിപ്പുണ്ടോ എന്നറിയില്ല. എന്തായാലും സംസ്ഥാന കമ്മിറ്റിയുടെയും കേന്ദ്രകമ്മിറ്റിയുടെയും അവലോകന റിപ്പോര്‍ട്ട്‌ വായിക്കുന്ന ആര്‍ക്കും തല്ലിപ്പൊളി വിശേഷണം ആര്‍ക്കാണ്‌ കൂടുതല്‍ ഇണങ്ങുന്നതെന്ന്‌ പകല്‍പോലെ വ്യക്തമാണ്‌. അത്‌ അരക്കിട്ടുറപ്പിക്കുന്നതായിരിക്കുമോ പൊളിറ്റ്‌ ബ്യൂറോയുടെ വിലയിരുത്തല്‍ എന്നാണ്‌ അറിയാനുള്ളത്‌. ഒരു തല്ലിപ്പൊളിക്കൂട്ടത്തിന്റെ നാട്ടുനടപ്പുകളാണ്‌ ഇപ്പോള്‍ അരങ്ങുതകര്‍ക്കുന്നത്‌.





ഹോം
 വാരാന്തം
 മാതൃഭൂമി
 മുഖപ്രസംഗം
 ഫീച്ചറുകള്‍
 ആര്‍ക്കൈവ്‌സ്‌
 ലേഖനങ്ങള്‍
 
 
പ്രാദേശീക വാര്‍ത്തകള്‍
 
 
 

 
 
  About Us Contact Mathrubhumi Careers Feedback Advertisement Tariff