| |
|
|
| വികസനത്തിന് ഏകജാലകംവേണം-മന്ത്രി തോമസ്
|
| |
കോഴിക്കോട്: വികസനപദ്ധതികള്‍ കാലതാമസമില്ലാതെ നടപ്പാക്കാന്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രകൃഷി സഹമന്ത്രി കെ.വി. തോമസ് നിര്‍ദേശിച്ചു. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ 80-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 'അടിസ്ഥാന സൗകര്യവികസനം' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആരോഗ്യ, പൈതൃക, ഹരിത ടൂറിസം മേഖലയില്‍ മലബാറിന് ഏറെ സാധ്യതകള്‍ ഉണ്ട്. അവികസിതമായ തനിമയാണ് മലബാറിന്റെ ടൂറിസം രംഗത്തെ കരുത്ത്. ഇതുനഷ്ടപ്പെടാത്ത രീതിയില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണം. 25 വര്‍ഷം മുന്‍കൂട്ടിക്കണ്ട് നാലുവരി, ആറുവരി പാതകള്‍ നിര്‍മിക്കണമെന്നും മന്ത്രി തോമസ് പറഞ്ഞു.
ചേംബര്‍ മുന്‍പ്രസിഡന്റ് പി.കെ. അഹമ്മദ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് വിമാനത്താവളം, ബേപ്പൂര്‍ തുറുമഖം എന്നിവ ഉടന്‍ വികസിപ്പിക്കണമെന്ന് അഹമ്മദ് പറഞ്ഞു. 730 മെഗാവാട്ട് ശേഷിയുള്ള 30 ജലവൈദ്യുത പദ്ധതികളുടെ പ്രവൃത്തി ടെന്‍ഡറായിട്ടുണ്ടെന്ന് മുഖ്യപ്രഭാഷണത്തില്‍ വൈദ്യുതിമന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.
ജലഗതാഗതത്തിന് കേരളം ഇതുവരെ ഊന്നല്‍ നല്‍കിയിട്ടില്ലെന്നും വിദേശ മലയാളികളുടെ നേതൃത്വത്തില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പരിശ്രമിക്കണമെന്നും കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. എം.കെ. രാഘവന്‍ എം.പി., എം.എല്‍.എ.മാരായ എ. പ്രദീപ്‌കുമാര്‍, പി.എം.എ. സലാം, മുന്‍മന്ത്രി എം.കെ. മുനീര്‍ എന്നിവര്‍ സംസാരിച്ചു. ചേംബര്‍ മുന്‍ പ്രസിഡന്റ് പി. സക്കീര്‍ സ്വാഗതവും പി.എം. മുഹമ്മദ്‌കോയ നന്ദിയും പറഞ്ഞു.
ജി.സി. ഇന്‍കെല്‍ ചെയര്‍മാന്‍ ഡോ. ജി.സി. ഗോപാലപിള്ള, സി.ഡബ്ല്യു.ആര്‍.ഡി.എം. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.വി. ജയകുമാര്‍, ഡോ. ആഞ്‌ജനേയലു, സാബു ഫിലിപ്പ്, മുന്‍മന്ത്രി എം.കെ. മുനീര്‍, ഐ.ഐ.എമ്മിലെ പ്രൊഫ. പി. രമേശന്‍, മുന്‍. എം.എല്‍.എ. ടി.പി.എം. സാഹിര്‍, സി.സി.ഡി.യു. ഡയറക്ടര്‍ സി.ഇ. രതീഷ്, ആര്‍ക്കിടെക്ട് എന്‍.എം. സലിം, ജോസഫ് സേവ്യര്‍ എന്നിവര്‍ സെമിനാറില്‍ സംസാരിച്ചു. കടവ് റിസോര്‍ട്ട്‌സ് ഉടമ എന്‍.കെ. മുഹമ്മദിനെ ചടങ്ങില്‍ കേന്ദ്രസഹമന്ത്രി കെ.വി. തോമസ് പൊന്നാടയണിയിച്ച് ആദരിച്ചു.
|
| |
|
|
|
|
|
 |
|
|
|
|
|
|
|