Mathrubhumi Portal
Mathrubhumi Logo
MAKE HOMEPAGE   I    ARCHIVES   I    GOOD NEWS   I    E-PAPER   I    ASTROLOGY   I    ENTERTAINMENT   I    TOURISM   I    HEALTH   I    EDUCATION   I    EVES

 
 
Date : February 01 2010
അനുഗ്രഹംതേടി പുതിയ മിലിട്ടറി സെക്രട്ടറി എത്തി
 

ഇളമ്പള്ളി (കോട്ടയം): അമ്മയുടെയും ഈശ്വരന്റെയും അനുഗ്രഹംതേടി പുതിയ മിലിട്ടറി സെക്രട്ടറി ലഫ്‌റ്റനന്റ്‌ ജനറല്‍ ജി.എം. നായര്‍ നാട്ടിലെത്തി. കോട്ടയം പള്ളിക്കത്തോട്‌ ഇളമ്പള്ളി സ്വദേശിയായ ജി.എം. നായര്‍ തിങ്കളാഴ്‌ചയാണ്‌ മിലിട്ടറി സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്‌.

ഇളമ്പള്ളി മണക്കാട്ട്‌ ഗൗരിനിലയത്തില്‍ എത്തി, അമ്മ കെ.കെ. ഗൗരിക്കുട്ടിയമ്മയുടെ ആശീര്‍വാദംനേടുമ്പോള്‍ സൈനിക മുഖത്തെ കാര്‍ക്കശ്യമെല്ലാം മാറിനിന്നു.

ഭാര്യ നിര്‍മ്മലാ നായര്‍, മകന്‍ അരുണ്‍നായര്‍ എന്നിവര്‍ക്കൊപ്പം ഞായറാഴ്‌ച രാവിലെ ഇളമ്പള്ളി ക്ഷേത്രത്തിലെത്തി ഇഷ്ടമൂര്‍ത്തിയായ ധര്‍മ്മശാസ്‌താവിനെ വണങ്ങി.

1972- ല്‍ സൈന്യത്തില്‍ച്ചേര്‍ന്ന ഗോവിന്ദ മോഹന്‍ നായര്‍ എന്ന ജി.എം നായര്‍ ജമ്മുകാശ്‌മീര്‍,അസം, മണിപ്പൂര്‍, രാജസ്ഥാന്‍, പഞ്ചാബ്‌, ഹിമാചല്‍പ്രദേശ്‌ എന്നിവിടങ്ങളില്‍ സൈന്യത്തില്‍ നിര്‍ണായകസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്‌.

മുംബൈയില്‍ പ്രോജക്ട്‌ മാനേജരായി ജോലി ചെയ്യുന്ന മകന്‍ അരുണിന്റെ വിവാഹനിശ്ചയച്ചടങ്ങ്‌ ഞായറാഴ്‌ചയായിരുന്നു. തൃപ്പൂണിത്തുറയില്‍ നടന്ന ഈ ചടങ്ങില്‍ പങ്കെടുത്ത്‌, വൈകീട്ട്‌ നെടുമ്പാശ്ശേരിയില്‍ നിന്ന്‌ ഇദ്ദേഹം ഡെല്‍ഹിക്കു തിരിച്ചു.

ഞായറാഴ്‌ച രാവിലെ ഇളമ്പള്ളിയിലെ തറവാട്ടില്‍ ജി.എം. നായര്‍ എത്തിയപ്പോള്‍, അഹമ്മദാബാദില്‍ എം.ബി.എ. വിദ്യാര്‍ത്ഥിനിയായ മകള്‍ നിതാഷ നായരും ജി.എം. നായരുടെ സഹോദരന്‍ പോണ്ടിച്ചേരിയില്‍ സ്‌പെഷല്‍ സെക്രട്ടറിയായ രാഗേഷ്‌ ചന്ദ്രയും മറ്റു ബന്ധുക്കളും ഉണ്ടായിരുന്നു. ഇളമ്പള്ളി മണക്കാട്ട്‌ എം.കെ. ഗോവിന്ദന്‍നായരുടെയും റിട്ട. അദ്ധ്യാപിക കെ.കെ.ഗൗരിക്കുട്ടിയമ്മയുടെയും മൂത്തമകനായ ഇദ്ദേഹം മിലിട്ടറി സെക്രട്ടറി പദവിയില്‍ പ്രവേശിക്കുമ്പോള്‍ ജന്മനാടും ആഹ്ല്‌ളാദത്തിലാണ്‌.

സജീവ്‌ പള്ളത്ത്‌
   
പ്രാദേശീക വാര്‍ത്തകള്‍

   
ഹോം
 വാരാന്തം
 മാതൃഭൂമി
 മുഖപ്രസംഗം
 ഫീച്ചറുകള്‍
 ആര്‍ക്കൈവ്‌സ്‌
 ലേഖനങ്ങള്‍
 
 

 
 
 
  About Us Contact Mathrubhumi Careers Feedback Advertisement Tariff