| |
|
|
ജി-5, ജി-8 ഉച്ചകോടി:കാലാവസ്ഥാ വ്യതിയാനം കീറാമുട്ടി
|
| |
More Photos
ലാ അക്വില:ഇറ്റലിയില്‍ നടക്കുന്ന വികസിത, വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക ഉച്ചകോടിയില്‍ കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുന്നത് കീറാമുട്ടിയായി തുടരുന്നു.
ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ജി-8, ജി-5 ഉച്ചകോടിയില്‍ മുഖ്യ ചര്‍ച്ചാ വിഷയം കാലാവസ്ഥാ വ്യതിയാനമാണ്. ഹരിതഗൃഹ വാതകം നിയന്ത്രിക്കുന്നത് സംബന്ധിച്ച വികസിത രാജ്യങ്ങളുടെ നിര്‍ദേശം അപ്പടി അംഗീകരിക്കാന്‍ ഇന്ത്യയുള്‍പ്പെടെ വികസ്വര രാജ്യങ്ങള്‍ ഒരുക്കമല്ല.
ആഗോള താപനം നിയന്ത്രിക്കാനായി തങ്ങളുടെ വികസനം ബലികഴിക്കാന്‍ തയ്യാറല്ല എന്നാണ് ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ, ബ്രസീല്‍ എന്നീ ജി-5 രാജ്യങ്ങളുടെ നിലപാട്.
ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ 2020 ഓടെ 40 ശതമാനമായി കുറയ്‌ക്കണമെന്ന ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ ആവശ്യം ജി-8ലെ വികസിത രാജ്യങ്ങള്‍ അംഗീകരിച്ചില്ല.
ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ സമ്പന്ന രാജ്യങ്ങള്‍ 2050 ഓടെ 80 ശതമാനമായി കുറക്കണമെന്നാണ് ജി-8 രാജ്യത്തലവന്മാരുടെ നിലപാട്. അതുവഴി 2050 ഓടെ ആഗോളതലത്തില്‍ ഇത് 50 ശതമാനമായി കുറക്കാം എന്നാണ് കരുതുന്നത്. എന്നാല്‍, ഇതംഗീകരിക്കാന്‍ വികസ്വര രാജ്യങ്ങള്‍ തയ്യാറല്ല. വാതകങ്ങളുടെ പുറന്തള്ളല്‍ 2020 ഓടെ 40 ശതമാനം കുറക്കുക എന്നതാണ് യാഥാര്‍ഥ്യബോധത്തോടെയുള്ള ലക്ഷ്യം എന്നാണ് ജി-5 രാജ്യങ്ങളുടെ നിലപാട്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യമെടുക്കുമ്പോള്‍ അന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തില്‍ വികസിത രാജ്യങ്ങള്‍ക്ക് ചരിത്രപരമായ ഉത്തരവാദിത്വമുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ശ്യാം സരണ്‍ പറഞ്ഞു.
ആഗോള സാമ്പത്തിക മാന്ദ്യം വികസിത രാജ്യങ്ങള്‍ക്ക് മാത്രമായി നേരിടാനാകില്ലെന്ന് ജി-5 യോഗത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. ആഗോള താപനം നിയന്ത്രിക്കുന്നതിന്റെ പേരില്‍ വികസ്വര രാജ്യങ്ങള്‍ക്ക് ദാരിദ്ര്യത്തില്‍ തുടരാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാന്‍ വികസിത രാജ്യങ്ങളുടെ ആഭ്യന്തര മൊത്ത ഉത്‌പാദനത്തിന്റെ ഒരു ശതമാനമെങ്കിലും നീക്കിവെക്കണമെന്നാണ് ജി-5 രാജ്യങ്ങളുടെ നിര്‍ദേശം.
എന്നാല്‍ 2020ഓടെ വാതക പുറന്തള്ളല്‍ 40 ശതമാനം കുറയ്‌ക്കുക എന്ന നിര്‍ദേശം യൂറോപ്യന്‍ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍റിയോ ബര്‍ലുസ്‌കോണി പറഞ്ഞു. 2050ലെ ലക്ഷ്യത്തില്‍ എല്ലാം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. കാലാവസ്ഥാ വ്യതിയാന നിയന്ത്രണ കാര്യത്തില്‍ ജി-8ന് ധാരണയിലെത്താനാവില്ലെന്ന സൂചനകളാണ് ഇത് നല്‍കുന്നത്.
അതേസമയം, ഭീകരതയ്‌ക്കെതിരെയുള്ള സഹകരണം ശക്തമാക്കുമെന്ന് ജി-8 പ്രഖ്യാപിച്ചു. ആശയ പ്രചാരണത്തിനായി ഭീകര സംഘടനകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് നിയന്ത്രിക്കുമെന്നും പ്രഖ്യാപനം വ്യക്തമാക്കി. ഭീകരവാദത്തിന്റെ ഇരകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് പ്രഖ്യാപനം ഊന്നിപ്പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ സംഘടനകളില്‍ കാര്യമായ അഴിച്ചുപണി വേണമെന്നാവശ്യപ്പെട്ട ചൈന രക്ഷാസമിതിയില്‍ ഇന്ത്യയ്‌ക്ക് സ്ഥിരാംഗത്വം നല്‍കുന്ന കാര്യത്തിലുള്ള എതിര്‍പ്പ് തുടരുകയാണ്.
|
| |
|
|
|
|
|
 |
|
|
|
|
|
|
|