| |
|
|
| ഗ്രൂപ്പ്‌യുദ്ധം പരിസമാപ്‌തിയിലേക്ക് സി.പി.എം. അണികളില്‍ ഉത്‌കണു പടരുന്നു
|
| |
തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഒരുഭാഗത്തും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മറുഭാഗത്തുമായി സി.പി.എം. കേരള ഘടകത്തില്‍ വര്‍ഷങ്ങളായി അരങ്ങേറുന്ന ഗ്രൂപ്പ്‌യുദ്ധം പരിസമാപ്‌തിയിലേക്ക് അടുക്കവേ സി.പി.എം. അണികളില്‍ ഉത്‌കണു പടരുന്നു.
ജൂലായ് 11, 12 തീയതികളില്‍ ഡല്‍ഹിയിലാണ് സി.പി.എം. കേരള ഘടകത്തിലെ വിഭാഗീയതയ്‌ക്ക് അന്തിമ പരിഹാരം നിര്‍ദേശിക്കുന്നതിനുള്ള സി.പി.എം. കേന്ദ്രകമ്മിറ്റി യോഗം. മുന്‍ കേന്ദ്രകമ്മിറ്റി പ്രത്യേകം ചുമതലപ്പെടുത്തിയതനുസരിച്ച് കേരളത്തിലെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ജൂലായ് നാല്, അഞ്ച് തീയതികളില്‍ ചേര്‍ന്ന പൊളിറ്റ്‌ബ്യൂറോ യോഗത്തിനും പി.ബി. അംഗങ്ങള്‍ക്കിടയിലെ ഭിന്നത മൂലം കഴിയാത്ത സാഹചര്യത്തിലാണ് വീണ്ടും കേന്ദ്രകമ്മിറ്റി യോഗം ചേരുന്നത്.
പാര്‍ട്ടി അച്ചടക്കം തുടര്‍ച്ചയായി ലംഘിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെതിരെ നടപടി ഉറപ്പാണെന്ന് ഔദ്യോഗികപക്ഷം തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. പാര്‍ട്ടി ശുദ്ധീകരണം സംബന്ധിച്ച പി.ജയരാജന്റെ പരസ്യപ്രഖ്യാപനം തന്നെ ഔദ്യോഗികപക്ഷത്തിന്റെ ആത്മവിശ്വാസത്തിന്റെ തെളിവാണ്. അടുത്ത ദിവസങ്ങളില്‍ ചേരുന്ന പാര്‍ട്ടി കേന്ദ്രകമ്മിറ്റിക്ക് മുമ്പാകെ വി.എസും പിണറായി വിജയനും ഉള്‍പ്പെട്ട പാര്‍ട്ടി പ്രശ്‌നങ്ങള്‍ മാത്രമാണുള്ളതെന്നിരിക്കെ പി.ജയരാജന്റെ പ്രസ്‌താവന ആരെ ലക്ഷ്യം വെച്ചുള്ളതാണെന്ന് വ്യക്തമാണ്.
ഔദ്യോഗികപക്ഷത്തിന്റെ ആത്മവിശ്വാസമൊന്നും വി.എസ്.പക്ഷത്തെ ആശങ്കപ്പെടുത്തുന്നില്ല. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ കാട്ടുന്ന കൂസലില്ലായ്‌മയാണ് അവരുടെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം.
ഇരുപക്ഷത്തേയും നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പാര്‍ട്ടിയുടെ അടിത്തട്ടില്‍ ഭിന്നിപ്പിലേക്ക് നയിക്കുന്നതിന് സമാനമായ വിധത്തിലുള്ള സംഘര്‍ഷാവസ്ഥ ദൃശ്യമാണ്. എതിര്‍ഭാഗത്തുള്ളവരെ പരസ്‌പരം നിരീക്ഷിക്കുന്നതിന് ഇരുപക്ഷവും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലാ ഘടകങ്ങളുടെ നിയന്ത്രണം കൈവശമുള്ള ഔദ്യോഗികപക്ഷം ഇക്കാര്യത്തില്‍ ജില്ലാതലത്തില്‍ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. അതേസമയം, പാര്‍ട്ടി അണികള്‍ക്കിടയിലാണ് വി.എസ്.പക്ഷം ശ്രദ്ധ ഊന്നിയിരിക്കുന്നത്.
കഴിഞ്ഞ പി.ബി.യിലേതിന് സമാനമായ സ്ഥിതിതന്നെ ഈ വരുന്ന കേന്ദ്രകമ്മിറ്റിയിലും സംജാതമാകുമെന്നാണ് വി.എസ്.പക്ഷത്തിന്റെ പ്രതീക്ഷ. കഴിഞ്ഞ പി.ബി.യില്‍ തനിക്കെതിരെ പാര്‍ട്ടി അച്ചടക്കലംഘനമെന്ന ആരോപണം ഉയര്‍ന്നപ്പോള്‍, ലാവലിന്‍കരാര്‍ ഉണ്ടാക്കാന്‍ എന്ന് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റാണ് അനുമതി നല്‍കിയതെന്ന് സെക്രട്ടേറിയറ്റ് യോഗത്തിന്റെ മിനിട്ട്‌സ് ഹാജരാക്കി തെളിയിക്കണമെന്ന് വി.എസ്. ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം കേന്ദ്രകമ്മിറ്റിയിലും ഉയര്‍ത്താനാണ് വി.എസിന്റെ നീക്കം.
അതിനിടെ വി.എസ്. കണ്‍വീനറായിരുന്ന കാലത്തെ ലാവലിന്‍ ചര്‍ച്ചകള്‍ സംബന്ധിച്ച എല്‍.ഡി.എഫ്. യോഗത്തിന്റെ മിനിട്ട്‌സ് കാണാനില്ലെന്ന പ്രചാരണത്തേയും വി.എസ്. പക്ഷം ചോദ്യം ചെയ്യുന്നുണ്ട്. സി.പി.എം. സെക്രട്ടേറിയറ്റിന്റെ മിനിട്ട്‌സ് ഹാജരാക്കാനുള്ള പി.ബി.യിലെ വി.എസിന്റെ വെല്ലുവിളിക്ക് മറുപടിയാണ് ഈ പ്രചാരണമെന്നാണ് അവരുടെ പക്ഷം. സി.പി.എം. സെക്രട്ടേറിയറ്റില്‍ ചര്‍ച്ചചെയ്യാത്ത കാര്യം എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്യുമോയെന്നും അവര്‍ ചോദിക്കുന്നു. വി.എസ്. എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനമൊഴിഞ്ഞതിന് ശേഷം പാലോളി മുഹമ്മദ്‌കുട്ടിയും വൈക്കം വിശ്വനും കണ്‍വീനര്‍മാരായി. ലാവലിന്‍ കരാര്‍ സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ വി.എസ്. പോരാട്ടം തുടങ്ങിയിട്ടും വര്‍ഷങ്ങളായി. അന്നൊന്നും പരിശോധിക്കാതെ കഴിഞ്ഞ പി.ബി. യോഗത്തിനുശേഷമാണോ എല്‍.ഡി.എഫ്. യോഗത്തിന്റെ മിനിട്ട്‌സ് പരിശോധിച്ചതെന്നും വി.എസ്. പക്ഷം ചോദിക്കുന്നുണ്ട്.
|
| |
|
|
|
|
|
 |
|
|
|
|
|
|
|