| |
|
|
| കേരളത്തിന് കൂടുതല്‍ തുക
|
| |
ന്യൂഡല്‍ഹി: മമത ബാനര്‍ജി അവതരിപ്പിച്ച റെയില്‍വേ ബജറ്റില്‍ കേരളത്തിന് മൊത്തം 320.62 കോടി രൂപയാണ് അുവദിച്ചിരിക്കുന്നത്. ഇത് അടുത്ത എട്ടുമാസത്തേക്കുള്ള വിഹിതമാണ്. കഴിഞ്ഞ വര്‍ഷം ഇത് 212 കോടി മാത്രമായിരുന്നെന്ന് റെയില്‍വേ സഹമന്ത്രി ഇ. അഹമ്മദ് അറിയിച്ചു.
സംസ്ഥാനത്ത് നിലവിലുള്ള വികസന പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ 256.63 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. തിരുവനന്തപുരം സ്റ്റേഷനില്‍ അത്യാധുനിക അലക്കുശാല നിര്‍മിക്കാനും നിലവില്‍ നിര്‍മാണം നടക്കുന്ന മേല്‍പ്പാലങ്ങള്‍ക്ക് കൂടുതല്‍ തുക അനുവദിക്കാനും ബജറ്റ് നിര്‍ദേശിക്കുന്നു. നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള അങ്കമാലി-ശബരിമല, ഗുരുവായൂര്‍- തിരുനാവായ പാതകള്‍ക്കായി 42 കോടി വകയിരുത്തിയിട്ടുണ്ട്. ഗേജ് മാറ്റത്തിനായി 91 കോടി രൂപയും പാതയിരട്ടിപ്പിനായി 104.5 കോടി രൂപയും വിവിധ മേല്‍പ്പാലങ്ങള്‍ക്കും ഭൂഗര്‍ഭ പാതകള്‍ക്കുമായി 32.14 കോടിയും പാതകളുടെ വൈദ്യുതീകരണത്തിനായി 51.24 കോടിയും നീക്കിവെച്ചിട്ടുണ്ട്. പൊതു-സ്വാകാര്യ പങ്കാളിത്തത്തോടെയായിരിക്കും തിരുവനന്തപുരവും എറണാകുളവുമടക്കമുള്ള 50 സ്റ്റേഷനുകള്‍ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുക. അതുപൊലെ ഷോപ്പിങ് കോംപ്ലക്‌സ്, ഫുഡ് സ്റ്റാളുകള്‍, സാധാരണക്കാര്‍ക്ക് താമസിക്കാവുന്ന ഹോട്ടലുകള്‍, ഭൂഗര്‍ഭ പാര്‍ക്കിങ് തുടങ്ങിയ സൗകര്യങ്ങളോടെയാണ് റെയില്‍വേസ്റ്റേഷനോട് ചേര്‍ന്ന വാണിജ്യ സമുച്ചയം ആവിഷ്‌കരിച്ചിരിക്കുന്നത്.
എറണാകുളം-ഡല്‍ഹി നോണ്‍സ്റ്റോപ്പ് തീവണ്ടിക്ക് ഇടയ്‌ക്ക് യാതൊരു സ്റ്റോപ്പുകളും ഉണ്ടാകില്ല. യാത്ര തുടങ്ങുന്ന സ്റ്റേഷന്‍ മുതല്‍ അവസാനസ്റ്റേഷന്‍ വരെ നിര്‍ത്താതെ ഓടുന്ന ഈ സര്‍വീസ് ആദ്യമായാണ് . ഇത്തരം മൊത്തം 12 വണ്ടികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
എറണാകുളം- തിരുച്ചിറപ്പിള്ളി വണ്ടി നാഗൂരുവരെ നീട്ടാനും ബിലാസ്‌പുര്‍- തിരുനെല്‍വേലി, ഹാപ-തിരുനെല്‍വേലി തീവണ്ടികളും ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതാണ്. ആവശ്യത്തിന് കോച്ചുകളില്ലാത്തതിനാല്‍ ഈ തീവണ്ടികള്‍ ഇതുവരെ സര്‍വീസ് ആരംഭിച്ചിരുന്നില്ല. തിരുച്ചിറപ്പിള്ളി വണ്ടി നാഗൂര്‍ വരെ നീട്ടാനുള്ള തീരുമാനം വേളാങ്കണ്ണിതീര്‍ഥാടകര്‍ക്ക് വലിയ പ്രയോജനം ചെയ്യും. പുതിയ 53 റെയില്‍വേ പാതകള്‍ പണിയാനുള്ള നിര്‍ദേശവും ബജറ്റ് മുന്‍പോട്ട് വെക്കുന്നുണ്ട്. ഇതില്‍ മധുരയില്‍ നിന്ന് എറണാകുളത്തേക്കുള്ള പാതയും എരുമേലി-പത്തനംതിട്ട-പുനലൂര്‍-തിരുവനന്തപുരം പാതയും ഉള്‍പ്പെടുന്നു. എറണാകുളം-തിരുവനന്തപുരം-കന്യാകുമാരി റൂട്ടില്‍ 427 കിലോമീറ്റര്‍ വൈദ്യുതീകരണത്തിന്റെ തുടര്‍പ്രവര്‍ത്തനത്തിന് ഈ വര്‍ഷം 51.24 കോടിരൂപയാണ് മാറ്റിവെച്ചിരിക്കുന്നത്.
പാലക്കാട് ഡിവിഷനില്‍ പ്ലാറ്റ്‌ഫോം നവീകരണത്തിന് 40 ലക്ഷം രൂപയും കൊല്ലം- തിരുനെല്‍വേലി തിരുച്ചെണ്ടുര്‍-തെങ്കാശി-വിരുദനഗര്‍ പാതയിരട്ടിപ്പിന് 70 കോടിരൂപയും എറണാകുളം-മാവേലിക്കര പാതയി രട്ടിപ്പിന് ഒരു കോടിരൂപയും മാവേലിക്കര- കായംകുളം പാതയിരട്ടിപ്പിന് 3.50 കോടി രൂപയും ചേപ്പാട്-കായംകുളം പാതയിരട്ടിപ്പിന് 11 കോടി രൂപയും മാവേലിക്കര-ചെങ്ങന്നൂര്‍ പാതയിരട്ടിപ്പിന് 10 കോടി രൂപയുംചേപ്പാട്-ഹരിപ്പാട് പാതയിരട്ടിപ്പിന് എട്ടുകോടിയും ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്.
ഡി. ശ്രീജിത്ത്
|
| |
|
|
|
|
|
 |
|
|
|
|
|
|
|