കോഴിക്കോട്: നഗരവാസികളുടെ ഒന്നരവര്‍ഷം നീണ്ട കാത്തിരിപ്പിന് പരിസമാപ്‌തിയായി അരയിടത്തുപാലത്ത് നിര്‍മിച്ച ഇ.കെ. നായനാര്‍ മേല്‌പാലം ഗതാഗതത്തിനായി തുറന്നു. സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തിയാക്കി സംസ്ഥാനത്തിന്റെ നിര്‍മാണ ചരിത്രത്തില്‍ നാഴികക്കല്ലായി നായനാര്‍ മേല്‌പാലം മാറുമ്പോള്‍ കോഴിക്കോട് കോര്‍പ്പറേഷനും കെ.എസ്.യു.ഡി.പി.ക്കും കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കും പ്രശംസയുടെ പൂച്ചെണ്ടുകള്‍.
ഉത്സവാന്തരീക്ഷത്തില്‍ നടന്ന ഉദ്‌ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് സാധിച്ചില്ലെങ്കിലും മുഖ്യമന്ത്രിയുടെ റെക്കോഡ് ചെയ്‌ത പ്രസംഗം വലിയ വീഡിയോ സ്‌ക്രീനില്‍ വേദിയില്‍ കേള്‍പ്പിച്ചു.
കോഴിക്കോട് കോര്‍പ്പറേഷന്‍ കേരള സുസ്ഥിര നഗരവികസന പദ്ധതി (കെ.എസ്.യു.ഡി.പി.) പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച അരയിടത്തുപാലം ജങ്‌ഷനിലെ മേല്‌പാലം നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കുന്ന ബൃഹല്‍പദ്ധതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മാലിന്യസംസ്‌കരണം, ഗതാഗതവികസനം തുടങ്ങിയ രംഗത്ത് ഇനിയും ഒട്ടേറെ പദ്ധതികള്‍ പരിഗണനയിലുണ്ട്. നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന ഇത്തരം പദ്ധതികളും മേല്‌പാലം നിര്‍മിച്ചതുപോലെ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പുമന്ത്രി പി.ജെ. ജോസഫ് നാടമുറിച്ച് മേല്‌പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഫ്രാന്‍സിസ് റോഡ് മുതല്‍ പുതിയാപ്പ വരെയുള്ള ബീച്ച് റോഡ് 25 കോടി രൂപ ചെലവിലും പുതിയാപ്പ മുതല്‍ വെങ്ങളം വരെയുള്ള റോഡ് കേന്ദ്രറോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 10.75 കോടി രൂപ ചെലവിലും നവീകരിക്കുമെന്ന് മന്ത്രി ജോസഫ് പറഞ്ഞു.
കോതിപാലത്തിന് അപ്രോച്ച്‌റോഡ് ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്ന് വ്യവസായമന്ത്രി എളമരം കരീം പറഞ്ഞു. വികസനപദ്ധതികള്‍ വരുമ്പോള്‍ ജനങ്ങള്‍ക്ക് പ്രയാസം ഉണ്ടാവാത്ത രീതിയിലാവും നടപ്പാക്കുകയെന്ന് വനംമന്ത്രി ബിനോയ് വിശ്വം പറഞ്ഞു. ചടങ്ങില്‍ മേയര്‍ എം. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.യു.ഡി.പി. പ്രോജക്ട് ഡയറക്ടര്‍ ഡോ. ഷര്‍മിള മേരി ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
13 സ്‌പാനുകളിലായി 337 മീറ്റര്‍ നീളമുള്ള പാലത്തിന് അപ്രോച്ച്
റോഡ് ഉള്‍പ്പെടെ 637 മീറ്റര്‍ നീളമുണ്ട്. ഇതിന് 12 കോടി രൂപയാണ് നിര്‍മാണച്ചെലവെന്ന് ഷര്‍മിള മേരി ജോസഫ് പറഞ്ഞു.
മേല്‌പാലത്തിനു താഴെയുള്ള ഒഴിഞ്ഞസ്ഥലം പാര്‍ക്കിങ്ങിനായി വിട്ടുകൊടുക്കുമെന്ന് അധ്യക്ഷപ്രസംഗത്തില്‍ മേയര്‍ എം. ഭാസ്‌കരന്‍ പറഞ്ഞു.
എം.കെ.രാഘവന്‍ എം.പി., എ.പ്രദീപ്‌കുമാര്‍ എം.എല്‍.എ., പി.എം.എ.സലാം എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കുഞ്ഞമ്മദ്‌കുട്ടി, കളക്ടര്‍ ഡോ.പി.ബി.സലിം, കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ സി.കെ. രേണുകാദേവി, പി.കെ.നാസര്‍, കാനങ്ങോട്ട് ഹരിദാസ്, ഹന്‍സ ജയന്ത്, മേലടി നാരായണന്‍, പുഷ്‌പലത, കൗണ്‍സിലര്‍മാരായ പി.ടി.രാജന്‍, പി.മാമുക്കോയഹാജി, പി.ദിവാകരന്‍, പി.മമ്മദ്‌കോയ, അനിതരാജന്‍, പി.കെ.മാമുക്കോയ, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ കെ.സി.അബു, പി.മോഹനന്‍, ടി.വി.ബാലന്‍, പി.കെ.കെ.ബാവ, കെ.സാദിരിക്കോയ, കെ.സി.ചാണ്ടി, ജോബ് കാട്ടൂര്‍, കെ.പി.രാജന്‍, എന്‍.സി.മോയിന്‍കുട്ടി, കോര്‍പ്പറേഷന്‍ സെക്രട്ടറി എസ്.വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി മേയര്‍ പി.ടി.അബ്ദുള്‍ ലത്തീഫ് സ്വാഗതവും കെ.എസ്.യു.ഡി.പി. പ്രോജക്ട് മാനേജര്‍ കെ. നാരായണന്‍ നന്ദിയും പറഞ്ഞു.
പാലം നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ച കെ.എസ്.യു.ഡി.പി. ടെക്‌നിക്കല്‍ ഓഫീസര്‍ റെന്നി പി. മാത്യു, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പ്രസിഡന്റ് രമേശന്‍ പാലേരി, സൈറ്റ് എന്‍ജിനിയര്‍ ടി.പി. രാജീവന്‍, നിര്‍മാണത്തിന്റെ കണ്‍സള്‍ട്ടന്റായ വാപ്‌കോസ് ഐ.എസ്.എ. കണ്‍സോര്‍ഷ്യം എന്‍ജിനിയര്‍മാരായ സിനി ജോസഫ്, പി.ആര്‍. തുഷാര, എന്‍.എം. റിജേഷ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.