| |
|
|
| ഇംഗ്ലീഷറിയാത്ത പ്രീമിയര്‍ ലീഗ്
|
| |
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗെന്നു പറഞ്ഞാല്‍ എങ്ങനെയിരിക്കണം? ഇംഗ്ലണ്ടുകാരായ താരങ്ങള്‍ കളിക്കുന്ന ലീഗാകണമെന്നു പറഞ്ഞാല്‍ തെറ്റി. ഇംഗ്ലണ്ടുകാര്‍ പോയിട്ട് ഇംഗ്ലീഷ് സംസാരിക്കാനറിയുന്നവര്‍ പോലും അതില്‍ വേണമെന്നില്ല. കഴിഞ്ഞ ദിവസം നടന്ന ആഴ്‌സനല്‍ -പോര്‍ട്‌സ്‌മത്ത് മത്സരമാണ് ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ ആന്റി ഇംഗ്ലണ്ട് മത്സരമായത്. ഇരു ടീമുകളും മൈതാനത്തിറക്കിയ ആദ്യ ഇലവനില്‍ ഒരു ഇംഗ്ലീഷുകാരന്‍ പോലുമുണ്ടായിരുന്നില്ല. ചരിത്രത്തിലാദ്യമായാണ് ലീഗില്‍ ഇങ്ങനെയൊരു മത്സരം നടക്കുന്നത്. ഇരു ടീമുകളും പകരക്കാരായി ഓരോ ഇംഗ്ലീഷ് താരങ്ങളെ ഇറക്കിയതൊഴിച്ചാല്‍, മത്സരം ശരിക്കും ഇംഗ്ലണ്ടിനു പുറത്തായിരുന്നു.
അക്ഷരാര്‍ഥത്തില്‍ ഗ്ലോബല്‍ ഫുട്‌ബോളാണ് ബുധനാഴ്‌ച ഫ്രാറ്റണ്‍ പാര്‍ക്കില്‍ നടന്നത്. ഇരു ടീമുകളിലായി അണിനിരന്നത് 15 രാജ്യങ്ങളില്‍നിന്നുള്ള താരങ്ങള്‍. അതില്‍ ഏഴുപേര്‍ ഫ്രാന്‍സുകാര്‍. ടീം ലൈനപ്പ് നോക്കുക. ആഴ്‌സനല്‍: ഗോള്‍കീപ്പര്‍ മാനുവല്‍ അല്‍മുനിയ (ഫ്രാന്‍സ്), ഡിഫന്‍ഡര്‍മാര്‍: ബാക്കരി സാഗ്‌ന(ഫ്രാന്‍സ്), തോമസ് വെര്‍മലന്‍ (ബെല്‍ജിയം), വില്യം ഗാലാസ് (ഫ്രാന്‍സ്), അലക്‌സാന്‍ഡ്രെ സോങ് (കാമറൂണ്‍), അര്‍മാന്‍ഡ് ട്രവോര്‍ (ഫ്രാന്‍സ്). മിഡ്‌ഫീല്‍ഡര്‍മാര്‍: ആരോണ്‍ റംസി (വെയ്‌ല്‍സ്), അബൗ ദിയാബി (ഫ്രാന്‍സ്). സ്‌ട്രൈക്കര്‍മാര്‍: സമീര്‍ നസ്‌റി (ഫ്രാന്‍സ്), എഡ്വേര്‍ഡോ ഡാ സില്‍വ (ക്രൊയേഷ്യ), ആന്ദ്രെ അര്‍ഷാവിന്‍ (റഷ്യ). ഇനി പോര്‍ട്‌സ്‌മത്തിന്റെ ലൈനപ്പ്. ഗോള്‍കീപ്പര്‍: അസ്‌മീര്‍ ബെഗോവിച്ച് (ബോസ്‌നിയ ഹെര്‍സഗോവിന), ഡിഫന്‍ഡര്‍മാര്‍: സ്റ്റീവ് ഫിന്നന്‍ (അയര്‍ലന്‍ഡ്), യൗനസ് കാബൗള്‍ (ഫ്രാന്‍സ്), ടാല്‍ ബെന്‍ ഹെയിം (ഇസ്രായേല്‍), ഹെര്‍മന്‍ 'െയ്‌ഡാഴ്‌സണ്‍ (ഐസ്‌ലന്‍ഡ്). മിഡ്‌ഫീല്‍ഡര്‍മാര്‍: റിച്ചാര്‍ഡ് ഹ്യൂസ് (സ്‌കോട്ട്‌ലന്‍ഡ്), ആരോണ്‍ മൊക്കേന (ദക്ഷിണാഫ്രിക്ക), ഹസന്‍ യെബ്ദ (അള്‍ജീരിയ), കെവിന്‍ പ്രിന്‍സ് ബൊട്ടാങ് (ഘാന), നദിയ ബെല്‍ഹാജ് (അള്‍ജീരിയ). സ്‌ട്രൈക്കര്‍: ഫ്രെഡറിക് പിക്യോണ്‍ (ഫ്രാന്‍സ്).
പകരക്കാരായി ഇറങ്ങിയ ആറുപേരില്‍ നാലുപേരും വിദേശികള്‍. ആഴ്‌സനലിനായി തോമസ് റോസിക്കി (ചെക്ക് റിപ്പബ്ലിക്), കാര്‍ലോസ് വെല(മെക്‌സിക്കോ) എന്നിവരും പോര്‍ട്‌സ്‌മത്തിനായി നുവാന്‍കോ കാനു (നൈജീരിയ), ആന്റണ്‍ വെന്‍ഡാന്‍ ബോറെ (ബെല്‍ജിയം) എന്നിവരുമിറങ്ങി. റിസര്‍വ് താരം ക്രെയ്‌ഡ് ഈസ്‌റ്റ്‌മണ്ട് (ആഴ്‌സനല്‍), മൈക്കല്‍ ബ്രൗണ്‍(പോര്‍ട്‌സ്‌മത്ത്) എന്നിവര്‍ മാത്രമാണ് കളത്തില്‍ കളിക്കാനിറങ്ങിയ ഇംഗ്ലീഷുകാര്‍. ഈസ്‌റ്റ്‌മണ്ട് അഞ്ചുമിനിറ്റും ബ്രൗണ്‍ ഇഞ്ചുറി ടൈമും മാത്രമാണ് കളിച്ചതും. പകരക്കാരായി രണ്ട് ടീമുകളും അണിനിരത്തിയിരുന്ന 14 പേരില്‍ ഇംഗ്ലണ്ടുകാര്‍ നാലുപേര്‍ മാത്രമായിരുന്നു.
ആഴ്‌സനലിന് പണ്ടേ വിദേശ ടീം എന്ന പേരുള്ളതാണ്. പതിനൊന്ന് ഫ്രഞ്ച് താരങ്ങളുമായി കളിച്ചിട്ടുള്ള ചരിത്രം പോലും അവര്‍ക്കുണ്ട്. ആഴ്‌സന്‍ വെങ്ങര്‍ വന്നശേഷം ആഴ്‌സനലിലെ ഇംഗ്ലീഷ് താരങ്ങളുടെ ശക്തി വല്ലാതെ ക്ഷയിച്ചു. ഇപ്പോഴത്തെ ഫസ്റ്റ് ടീമില്‍, തിയോ വാല്‍ക്കോട്ടും ജാജ് വില്‍ഷേറും കീറന്‍ ഗിബ്‌സും മാത്രമാണ് ഇംഗ്ലീഷുകാരായുള്ളത്. സ്‌പെയിന്‍കാരനായ സെസ്‌ക് ഫാബ്രിഗസാണ് ടീം ക്യാപ്‌റ്റന്‍.
ഇംഗ്ലണ്ടുകാരനായ മൈക്കല്‍ ബ്രൗണ്‍ നയിക്കുന്ന ടീമാണ് പോര്‍ട്‌സ്‌മത്ത്. ആഴ്‌സനലിനെ അപേക്ഷിച്ച് ഇംഗ്ലീഷ് പങ്കാളിത്തവും ക്ലബ്ബിനുണ്ട്. എന്നാല്‍, ഇസ്രായേല്‍ക്കാരനായ കോച്ച് അവ്‌റാം ഗ്രാന്റ് പരിശീലകനായെത്തിയതോടെ ഇംഗ്ലീഷ് താരങ്ങള്‍ക്ക് പഴയപോലെ സ്വാധീനമില്ലെന്നുമാത്രം. ഗോള്‍കീപ്പര്‍ ഡേവിഡ് ജെയിംസും ജാമി ഒ. ഹാരയുമടക്കം ഒമ്പത് ഇംഗ്ലണ്ട് താരങ്ങള്‍ പോര്‍ട്‌സ്‌മത്ത് നിരയിലുണ്ട്.
ഇംഗ്ലണ്ടുകാരില്ലാതെ നടന്ന മത്സരം ഇതിനകംതന്നെ ഇംഗ്ലീഷ് ഫുട്‌ബോള്‍വൃത്തങ്ങളില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇംഗ്ലണ്ടിന് നേട്ടമുണ്ടാക്കാനാവാത്തത് പ്രീമിയര്‍ ലീഗ് വെറും കച്ചവടലീഗായതുകൊണ്ടാണെന്ന വിമര്‍ശനം ശരിവയ്‌ക്കുന്നതാണ് ഈ മത്സരം. ഇംഗ്ലണ്ട് ദേശീയ ടീമിന്റെ ഭാവി ഇരുളടഞ്ഞതാണെന്ന് ബ്ലാക്ക്‌ബേണ്‍ റോവേഴ്‌സ് കോച്ച് സാം അല്ലാര്‍ഡീസ് തുറന്നടിക്കുന്നു. രാജ്യത്തെ രക്ഷിക്കണമെങ്കില്‍ പ്രീമിയര്‍ ലീഗ്, എഫ്.എ അധികൃതര്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വിദേശസാന്നിധ്യം നിയന്ത്രിക്കണമെന്നാവശ്യപ്പെടുന്നവര്‍ ഇംഗ്ലണ്ടുകാര്‍ മാത്രമല്ല. ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ ഇവിടെ ആറ് ഇംഗ്ലണ്ട് താരങ്ങള്‍ക്കൊപ്പം അഞ്ച് വിദേശതാരങ്ങളെ മാത്രമേ ഒരു ടീമില്‍ അനുവദിക്കാവൂ എന്ന നിര്‍ദേശം നേരത്തേതന്നെ ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍, യൂറോപ്യന്‍ തൊഴില്‍നിയമങ്ങള്‍ ഏതു രാജ്യത്തും ജോലിചെയ്‌ത് ജീവിക്കാന്‍ താരങ്ങള്‍ക്ക് അവകാശം നല്‍കുന്നതിനാല്‍, ബ്ലാറ്ററുടെ 'സിക്‌സ് പ്ലസ് ഫൈവ് റൂള്‍' നടപ്പാക്കുന്നതിന് സാങ്കേതികതടസ്സമാകുന്നു.
ബ്ലാറ്ററടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടുന്ന പ്രതിസന്ധി ഇംഗ്ലീഷ് ഫുട്‌ബോളിനെ എങ്ങനെയാണു ബാധിക്കുന്നതെന്നു തെളിയിക്കുന്നതാണ് ഈ മത്സരം. മുഴുവന്‍ വിദേശതാരങ്ങള്‍ അണിനിരന്ന ടീമിനെ ചെല്‍സിയാണ് ആദ്യം ഇറക്കിയത്. 1999 ഡിസംബര്‍ 26ന് സതാംപ്‌ടണിനെതിരെയായിരുന്നു അത്. അതിന്റെ പത്താം വാര്‍ഷികമായപ്പോള്‍ രണ്ടു ടീമുകളിലും വിദേശതാരങ്ങള്‍ മാത്രമായൊരു മത്സരവുമരങ്ങേറി!
|
| |
|
|
|
|
|
 |
|
|
|
|
|
|
|