Mathrubhumi Portal
Mathrubhumi Logo
MAKE HOMEPAGE   I    ARCHIVES   I    GOOD NEWS   I    E-PAPER   I    ASTROLOGY   I    ENTERTAINMENT   I    TOURISM   I    HEALTH   I    EDUCATION   I    EVES

 
 
Date : January 02 2010
നൂതന ഇന്ത്യയുടെ സംരംഭങ്ങള്‍ കണ്ടറിഞ്ഞ്‌ ജന ജാഗ്രതീയാത്ര
 
ബാംഗ്ലൂര്‍: രാജ്യത്തെ നൂതന വികസന സംരംഭങ്ങളും അവയ്‌ക്ക്‌ നേതൃത്വംനല്‍കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും തൊട്ടറിയാന്‍ വിവിധ സംസ്ഥാനങ്ങളിലെയും വിദേശ രാജ്യങ്ങളിലെയും 400 യുവാക്കള്‍ നടത്തുന്ന ടാറ്റാ ജന ജാഗ്രതീയാത്ര ബാംഗ്ലൂരിലെത്തി.

വ്യവസായ പ്രമുഖരായ ടാറ്റയുടെയും മുംബൈയിലെ സാംസ്‌കാരിക-സാമൂഹിക സംഘടനയായ 'ജാഗ്രതി സേവാ സന്‍സ്ഥാനി'ന്റെയും നേതൃത്വത്തിലാണ്‌ യാത്ര. ഡിസംബര്‍ 24ന്‌ മുംബൈയില്‍ തുടങ്ങിയ യാത്ര അപൂര്‍വാനുഭവമാണ്‌. ആഗോളവത്‌കരണ കാലത്തെ പുതിയ ജനകീയ സംരംഭങ്ങളെക്കുറിച്ച്‌ അറിയുക, ഒപ്പം ഇന്ത്യയില്‍നിന്നുയരുന്ന ഈ സന്ദേശങ്ങള്‍ മനസ്സിലാക്കുക- ഇതാണ്‌ യാത്രയുടെ ഉദ്ദേശ്യം.

സ്‌ത്രീ ശാക്തീകരണം, ഗ്രാമീണ ഇന്ത്യയിലെ നൂതന സംരംഭങ്ങള്‍, ചെറുകിട വ്യവസായങ്ങള്‍, ഗ്രാമീണ വ്യവസായങ്ങള്‍ക്കുള്ള ധനാഗമ മാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച്‌ രാജ്യത്തെ ശ്രദ്ധേയരായ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചര്‍ച്ചകളാണ്‌ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്നത്‌.

30,000 കിലോമീറ്റര്‍ സഞ്ചരിച്ച്‌ 12 സംസ്ഥാനങ്ങള്‍ താണ്ടി ജനവരി 11 വരെയാണ്‌ യാത്ര.

കഴിഞ്ഞദിവസം ചെന്നൈക്ക്‌ സമീപം കുതുംബകം വില്ലേജിലെ മാതൃകാ ഗ്രാമം സന്ദര്‍ശിച്ചു.

ഓടുന്ന വണ്ടിയില്‍ പ്രത്യേകം തയ്യാറാക്കിയ കോണ്‍ഫറന്‍സ്‌ ഹാളില്‍ ദിവസവും പാനല്‍ ചര്‍ച്ചകളുണ്ടാകും. 16 ബോഗികളുള്ള ട്രെയിനിലാണ്‌ യാത്ര. ഭക്ഷണവും താമസവും എല്ലാം ട്രെയിനില്‍ത്തന്നെ. മുംബൈ, കൊച്ചുവേളി, കന്യാകുമാരി, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്‌, ഭുവനേശ്വര്‍, ജാംഷഡ്‌പൂര്‍, ദിയോറിയ, മിറാപൂര്‍ തുടങ്ങിയ സ്ഥലങ്ങളാണ്‌ സംഘം സന്ദര്‍ശിക്കുന്നത്‌.

സ്‌ത്രീകളും സംരംഭകത്വവും, ഗ്രാമീണ ഇന്ത്യയുടെ കരുത്താര്‍ജിക്കുന്ന മുഖം, ചെറുകിട സംരംഭവും ഊര്‍ജ പുനരുല്‌പാദനവും, ഐക്യത്തിന്റെ ശക്തി എന്നിങ്ങനെ ഓരോ കേന്ദ്രത്തിലും ഓരോ വിഷയങ്ങളിലാണ്‌ ചര്‍ച്ച.

കശ്‌മീര്‍ മുതല്‍ തമിഴ്‌നാടുവരെയും മണിപ്പൂര്‍ മുതല്‍ ഗുജറാത്തുവരെയുമുള്ള മിക്ക സംസ്ഥാനങ്ങളില്‍നിന്നും പ്രതിനിധികളുണ്ട്‌. കൂടാതെ അമേരിക്ക, ഇംഗ്ലണ്ട്‌, ആസ്‌ത്രേലിയ, ടാന്‍സാനിയ തുടങ്ങിയ രാജ്യങ്ങളിലെയും യുവാക്കള്‍. നാനൂറിലധികം യാത്രികരില്‍ എല്ലാവരും 25 വയസ്സിന്‌ താഴെയുള്ളവര്‍.

40 ശതമാനം സ്‌ത്രീകള്‍. 25 സംസ്ഥാനങ്ങളിലെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗസ്ഥരും ഇതില്‍പ്പെടുന്നു.

12,000 അപേക്ഷകരില്‍നിന്നാണ്‌ 400 യാത്രക്കാരെ തിരഞ്ഞെടുത്തത്‌. 10പേരാണ്‌ മലയാളികള്‍. 18 ദിവസത്തെ ഈ അപൂര്‍വ യാത്രയില്‍ രാജ്യത്തെ വിവിധ മാധ്യമ പ്രതിനിധികളുമുണ്ട്‌. കേരളത്തില്‍നിന്ന്‌ 'മാതൃഭൂമി'യുടെ പ്രതിനിധിയാണ്‌ പങ്കെടുക്കുന്നത്‌. ജാഗ്രതി സേവാ സന്‍സ്ഥാന്‍ ചെയര്‍മാന്‍ ശശാങ്ക്‌ മണിയാണ്‌ യാത്രയ്‌ക്ക്‌ നേതൃത്വംനല്‍കുന്നത്‌.

ബാംഗ്ലൂരിലെ യശ്വന്ത്‌പൂര്‍ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലായിരുന്നു സംഘത്തിന്റെ പുതുവര്‍ഷ ആഘോഷം. എല്ലായിടത്തും പ്രസൂണ്‍ ജോഷി രചിച്ച 'യാരോന്‍ ചലേ' എന്ന സ്വാഗതഗാനം പാടും.

ശനിയാഴ്‌ച സംഘം ഹൈദരാബാദിലെത്തും. അവിടെ നന്ദി എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശിക്കും.

ദിനകരന്‍ കൊമ്പിലാത്ത്‌
   
പ്രാദേശീക വാര്‍ത്തകള്‍

   
ഹോം
 വാരാന്തം
 മാതൃഭൂമി
 മുഖപ്രസംഗം
 ഫീച്ചറുകള്‍
 ആര്‍ക്കൈവ്‌സ്‌
 ലേഖനങ്ങള്‍
 
 

 
 
 
  About Us Contact Mathrubhumi Careers Feedback Advertisement Tariff