# ആർ. ഹരിശങ്കർ, വാഴപ്പള്ളി, ചങ്ങനാശ്ശേരി

2019-ലെ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഭരണത്തുടർച്ചയ്ക്കായി തന്ത്രങ്ങൾ മെനയുകയാണ് ബി.ജെ.പി. നിർഭാഗ്യകരമെന്നുപറയട്ടെ, പരമ്പരാഗത വോട്ടുബാങ്കായ മുന്നാക്കവിഭാഗങ്ങളെ പാടേ അവഗണിക്കുകയാണ്‌ അവർ ചെയ്യുന്നത്. ഗുജറാത്തിൽ ഉൾപ്പെടെ ഇവർ ഭരിക്കുന്ന പല സംസ്ഥാനത്തും മുന്നാക്കവിഭാഗങ്ങൾ ഈ അവഗണനയിൽ അസ്വസ്ഥരാണ്. പട്ടേൽ, ഗുജ്ജർ സമരങ്ങൾ ഓർക്കുക. വൈകാരികബന്ധത്തിന്റെ പേരിൽ അവർ ബി.ജെ.പി.ക്ക്‌ വോട്ടുചെയ്യുന്നു എന്നുമാത്രം.  മുന്നാക്കവിഭാഗങ്ങളുടെ ആവശ്യങ്ങളെ, സംഘടനകളെ പരിഗണിക്കാത്തിടത്തോളംകാലം കേരളം ബി.ജെ.പി.ക്ക്‌ കിട്ടാക്കനിയായി തുടരും.


ഫോറസ്റ്റ് സർവേ ട്രെയ്‌നിങ് എന്ന പാഴ്‌വേല

# എൻ.സി. അബ്ദുസ്സലാം, കൊടുവള്ളി

രണ്ടുവർഷമായി വനംവകുപ്പ്‌ സംരക്ഷണവിഭാഗത്തിലെ 30 പേരുൾപ്പെടുന്ന നാല് ബാച്ചിനാണ് തിരുവനന്തപുരം ഫോറസ്റ്റ് ട്രെയ്‌നിങ്  സെന്ററിൽ സർവേ ട്രെയ്‌നിങ് നൽകിവന്നത്.
തുടക്കത്തിൽ മൂന്നുബാച്ചിലായി 90 പേർക്കായിരുന്നു സർവേ ട്രെയ്‌നിങ് ഉദ്ദേശിച്ചിരുന്നതെങ്കിലും മോശമായ വിജയശതമാനവുംമറ്റും കാരണം ഒരു ബാച്ചിനുകൂടി ട്രെയ്‌നിങ് നൽകുകയായിരുന്നു. ഒരു മാനദണ്ഡവുമില്ലാതെ, പലപ്പോഴും റെയ്ഞ്ചിലും മറ്റും ‘ബാധ്യത’യായിത്തീർന്നവരെയാണ് സർവേ ട്രെയ്‌നിങ്ങിനെന്നുപറഞ്ഞ് തിരുവനന്തപുരത്തേക്ക് അയയ്ക്കുന്നത്. ട്രെയ്‌നിങ് വിജയകരമായി പൂർത്തീകരിച്ചാൽ ഭാരിച്ച ഉത്തരവാദിത്വത്തിനുപുറമേ പിടിപ്പതുപണിയാണ്‌ ഇവരെ കാത്തിരിക്കുന്നതെന്നതിനാൽ കോഴ്‌സ് വിജയകരമായി പൂർത്തീകരിക്കാൻ അധികമാരും മെനക്കെടാറില്ല. 
സർവേ ട്രെയിനിങ് പൂർത്തീകരിക്കുന്നവർക്ക് തുടർപരിശീലനത്തിനോമറ്റോ ഒരവസരവും നൽകുന്നില്ല. പലരെയും ഒരു ബന്ധവുമില്ലാത്ത വനസംരക്ഷണസമിതിയുടെയും (VSS) ‘ജിമ്മി’ന്റെയും മറ്റും ചുമതലകളാണ് പിന്നീട് ഏൽപ്പിക്കുന്നത്.
റവന്യൂ ഓഫീസർമാർക്ക് നൽകിവരുന്ന അതേ സർവേ ട്രെയ്‌നിങ്ങും സിലബസുമാണ് വനംവകുപ്പ് ജീവനക്കാർക്കും നൽകുന്നത്. പുറമേ അവർക്കില്ലാത്ത മോഡേൺ സർവേ ട്രെയ്‌നിങ്ങും. അവരേക്കാൾ അഞ്ചുമാർക്ക് അധികംവേണം വിജയിക്കാൻ. പക്ഷേ, എല്ലാം പാഴ്‌വേലയാവുകയാണ്.  ദീർഘവീക്ഷണമോ വ്യക്തമായ ധാരണയോ ഇല്ലാതെ സർവേ പരിശീലനത്തിന് ജീവനക്കാരെ പറഞ്ഞുവിടുന്നതിനാൽ പലരും ട്രെയിനിങ്ങിനുശേഷം മറ്റുജോലി ലഭിച്ച് വനംവകുപ്പിനോടുതന്നെ വിടപറയുകയാണ്.
സർവേവകുപ്പിലെ ഉദ്യോഗസ്ഥരെയാണ് ഡെപ്യൂട്ടേഷനിൽ വർഷങ്ങളായി വനംവകുപ്പ് സർവേ ജോലികൾക്കുവേണ്ടി നിയമിച്ചിരിക്കുന്നത്. ഇവിടത്തെ സുഖസൗകര്യങ്ങൾ കാരണം പലർക്കും തിരിച്ചുപോകാൻ മടി. 
സർവേജോലിയെ സംബന്ധിച്ച് വ്യക്തമായ ധാരണയും പ്ലാനും വനംവകുപ്പിനുണ്ടോ എന്നകാര്യം സംശയമാണ്. 
ട്രെയ്‌നിങ് കഴിഞ്ഞവരെക്കൊണ്ട് എന്തുജോലിയാണ് ചെയ്യിക്കേണ്ടത് എന്നതിനെ സംബന്ധിച്ചും ഒരു ധാരണയുമില്ല. വനംവകുപ്പിനെ സംബന്ധിച്ചിടത്തോളം സർവേ ഒരു പ്രത്യേക വിങ്ങായി പ്രവർത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.