# േഡാ. ഡോൺ തോമസ്‌, കോഴിക്കോട്‌

വിവരങ്ങളനുസരിച്ച്‌ കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസസ്‌ പരീക്ഷയെഴുതാനുള്ള പ്രായപരിധി 28 വയസ്സാണ്‌. ഇത്‌ ഒരു ഗുണകരമായ നീക്കമല്ല. പഞ്ചായത്ത്‌ മെമ്പർ മുതൽ ഇന്ത്യൻ പ്രസിഡന്റ്‌ വരെയുള്ള സ്ഥാനങ്ങളിൽ എത്തിച്ചേരുന്നവർക്ക്‌ കുറഞ്ഞ പ്രായപരിധി ഉണ്ട്‌; എന്നാൽ ഉയർന്നപ്രായപരിധി എന്നത്‌ ഭരണഘടനയിൽ പറഞ്ഞിട്ടില്ല. പ്രായവും പക്വതയും വിവിധ തൊഴിൽരംഗങ്ങളിൽ നിന്നുള്ള അനുഭവസമ്പത്തും ഭരണരംഗത്ത്‌ ഗുണകരമാണെന്നത്‌ ആർക്കും മനസ്സിലാകുന്ന കാര്യമാണ്‌.

ജീവശാസ്ത്രപരമായി നോക്കിയാൽ 50-കളിൽപ്പോലും ഭരണചാതുര്യം കുറയ്ക്കത്തക്കരീതിയിൽ എന്തെങ്കിലും ശാരീരികബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായി കാണുന്നില്ല. നമ്മുടെ നാട്ടിൽ പാർട്ടിപ്രവർത്തനങ്ങളിലൂടെ സ്ഥാനമാനങ്ങളിലെത്തുന്നവർ ഭൂരിപക്ഷവും മധ്യവയസ്കരോ അതിനും മുകളിൽ പ്രായമുള്ളവരോ ആണ്‌. ഇവരുമായി ഒത്തൊരുമിച്ച്‌ പ്രവർത്തിക്കാൻ പ്രായംകൊണ്ട്‌ ചേർച്ചയുള്ളവരായിരിക്കും സാധാരണഗതിയിൽ മെച്ചമാവുക. കൂടിയ പ്രായത്തിൽ ഒരു സർവീസിലെത്തുന്ന വ്യക്തിക്ക്‌ സർവീസ്‌ ആനുകൂല്യങ്ങൾ കുറവായിരിക്കുമല്ലോ? ഈ വസ്തുത അറിഞ്ഞുകൊണ്ടുതന്നെ ഒരാൾ ഒരു സർവീസ്‌ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുമ്പോൾ അയാളെ ഉയർന്ന പ്രായപരിധിയുടെ പേരുപറഞ്ഞ്‌ നിരുത്സാഹപ്പെടുത്തുന്നത്‌ ഒട്ടും ശരിയല്ല.


സംഘടനാസ്വാതന്ത്ര്യമാണ് ജിഷ്ണുവിനോടുള്ള രാഷ്ട്രീയനീതി

# മുഹമ്മദ് ഇബ്രാഹിം

‘രണ്ട് സ്വാശ്രയകോളേജ് സമം ഒരു സർക്കാർ കോളേജ്’ എന്ന മനോഹരമായ സമവാക്യം അവതരിപ്പിച്ചുകൊണ്ടാണ് എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തെ കച്ചവടത്തിന് തുറന്നുകൊടുത്തത്. എല്ലാത്തിനും പണം മാനദണ്ഡമായപ്പോൾ പoനം മാത്രമല്ല ജീവിതംതന്നെ അവസാനിപ്പിക്കേണ്ടിവന്നവർവരെയുണ്ട്. രജനി എസ്. ആനന്ദിൽ തുടങ്ങുന്ന ചരിത്രം ആവർത്തിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ, ഇതുമാത്രമായിരുന്നില്ല ആ കാമ്പസുകളിലെ അപകടങ്ങൾ. വിദ്യാർഥികളുടെ സംഘടനാപ്രവർത്തനമെന്നാൽ അക്രമമാണെന്നുള്ള പ്രചാരണവും കോടതികളുടെ അരാഷ്ട്രീയനിലപാടുകളുംകൂടിയായപ്പോൾ കാമ്പസുകളിൽനിന്ന് സംഘടനകൾ പുറത്താക്കപ്പെട്ടു. സോജൻ ഫ്രാൻസിസ് v/s സ്റ്റേറ്റ് ഓഫ് കേരള ഒരുദാഹരണംമാത്രം. മാനേജ്‌മെന്റിന്റെ നോമിനിയായ പ്രിൻസിപ്പലിന് ചോദ്യംചെയ്യപ്പെടാനാവാത്ത അധികാരം നൽകിയതിലൂടെ ഇത്തരം കാമ്പസുകളിൽ എന്തെങ്കിലും പ്രവർത്തനങ്ങൾ നടത്തുന്നവരൊക്കെ വലിയ കുറ്റവാളികളായി. പരീക്ഷകൾ വൈകുന്നതിനെതിരെ ജിഷ്ണു സമരംചെയ്യാൻ ശ്രമിച്ചിരുന്നെന്നും അതിനായി എസ്.എഫ്.ഐ. നേതൃത്വത്തെയടക്കം സമീപിച്ചിരുന്നുവെന്നതും കൂട്ടിവായിക്കണം. സംഘടനകളില്ലാത്ത കാമ്പസുകൾ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കുകൾപോലെയാണ് പ്രവർത്തിക്കുന്നത്. അവിടത്തെ അധികൃതരോട് വിയോജിച്ച് അവിടെ തുടരാനാവില്ല എന്നതാണ് വാസ്തവം.
കേരളം ഭരിക്കുന്നത് ഒരു ഇടതുപക്ഷ സർക്കാറായതുകൊണ്ടുതന്നെ ഈ സാഹചര്യങ്ങളിൽ ഇടപെടേണ്ട വലിയ ഉത്തരവാദിത്വമുണ്ട്. സാശ്രയവിദ്യാഭ്യാസത്തിന് കടിഞ്ഞാണിടണമെന്ന നിർദേശമുള്ള ഡോ. രാജൻ ഗുരുക്കൾ കമ്മിഷൻ റിപ്പോർട്ടും സർക്കാർതന്നെ നിയമിച്ച ജസ്റ്റിസ് ദിനേശൻ കമ്മിറ്റിയുടെ കണ്ടെത്തലുകളും സർക്കാരിന്റെ മുമ്പിലുണ്ട്. സംഘടനാസ്വാതന്ത്ര്യത്തിനുള്ള നിയമനിർമാണമാണ്  പോംവഴി.  വിദ്യാർഥികൾക്ക് സ്വാതന്ത്ര്യം അനുവദിക്കാത്തതിന് ഒരു പ്രിൻസിപ്പൽ ചാനൽചർച്ചയിൽ പറഞ്ഞ ന്യായം, അത് ഭാവിയിൽ ജോലിചെയ്യുമ്പോൾ ഉപകാരപ്പെടുമെന്നാണ്. ഒരു ചോദ്യവും ചോദിക്കാത്ത തൊഴിലാളികളെ ഉത്പാദിപ്പിക്കലാണ് ഈ കാമ്പസുകളുടെ ധർമമെന്നാണ് അതിന്റെ മറ്റൊരർഥം. തൊഴിലാളിപ്രക്ഷോഭങ്ങളിലൂടെ ഉയർന്നുവന്ന ഒരു പ്രസ്ഥാനത്തിന് അവയെ മുളയിലേ നുള്ളുന്ന ആശയങ്ങൾതന്നെ അലോസരപ്പെടുത്തേണ്ടതാണ്.