# നിഹാരിക പി.വി., പ്ളസ്‌വൺ, നന്മണ്ട എച്ച്‌.എസ്‌.എസ്‌.

കേരളത്തിലെ പൊതുവിദ്യാഭ്യാസസമ്പ്രദായവും സമൂഹവും പത്രങ്ങളും വിദ്യാർഥികളോടുചെയ്യുന്ന ഒരു വിവേചനം വ്യക്തമാക്കുന്നതിനാണ്‌ ഈ കുറിപ്പ്‌. എസ്‌.എസ്‌.എൽ.സി., ഹയർെസക്കൻഡറി പരീക്ഷകൾ ആരംഭിച്ചെങ്കിലും എസ്‌.എസ്‌.എൽ.സി. പരീക്ഷയ്ക്കാണ്‌ സമൂഹവും പത്രങ്ങളും അമിതപ്രാധാന്യം കല്പിച്ചിരിക്കുന്നത്‌. ഈ അമിതപ്രാധാന്യം വിദ്യാർഥികളെ വലിയ അപകടത്തിലേക്കാണ്‌ തള്ളിവിടുന്നത്‌.
പത്താംക്ളാസ്‌ പരീക്ഷയിൽ സമ്പൂർണ വിജയത്തിനായും ഫുൾ എ പ്ളസ്‌ വിജയത്തിനായും മോണിങ്‌, റെഗുലർ, ഈവിനിങ്‌, നൈറ്റ്‌, സ്പെഷ്യൽ തുടങ്ങി എത്രയോപേരുകളിൽ ദിവസംമുഴുവൻ ക്ളാസുകളാണ്‌. കൂടുതൽ പഠിക്കാനുണ്ട്‌ എന്നുകൂടിപറഞ്ഞ്‌ പഠനഭാരമുണ്ടാക്കുമ്പോൾ പിന്നെ ചിന്ത, എങ്ങനെയെങ്കിലും ഈ പരീക്ഷകഴിഞ്ഞാൽ മതിയെന്നാകും. ഫുൾ എ പ്ളസ്‌ കിട്ടുന്ന കുട്ടിയും പാസ്‌മാർക്ക്‌ വാങ്ങുന്ന കുട്ടിയും പത്താംക്ളാസ്‌ പരീക്ഷ കഴിഞ്ഞ ആശ്വാസത്തിലാണ്‌ തുടർപഠനത്തിലേക്ക്‌ കടക്കുന്നത്‌. എന്നാൽ ഹയർസെക്കൻഡറിയിലെത്തുന്ന വിദ്യാർഥികൾ, രണ്ടുവർഷവും എഴുതേണ്ടത്‌ പബ്ളിക്‌ പരീക്ഷയാണെന്നതും പത്താംക്ളാസിൽ പഠിച്ചതിന്റെ പത്തിരട്ടി പഠിക്കാനുണ്ടെന്നതും പ്ളസ്‌വൺ-പ്ളസ്‌ടു പരീക്ഷകളിലെ മാർക്കാണ്‌ തന്റെ ഭാവി തീരുമാനിക്കുന്നതെന്നും മറന്നുപോകുന്നു.