സലീം പടനിലം

കുഞ്ഞാലിക്കുട്ടിയോട് കിടപിടിക്കുന്ന സ്ഥാനാർഥികളെ മത്സരിപ്പിക്കാൻ ഇടതുപക്ഷവും ബി.ജെ.പി.യും തയ്യാറാവാതിരുന്നതുകൊണ്ടു കൂടിയാണ് 1,71,023 വോട്ടിന്റെ ലീഡുനേടി മലപ്പുറത്ത് ലീഗിന് അനായാസേന  വിജയിക്കാനായത്. ബി.ജെ.പി.ക്ക് അത്രകണ്ട് സ്വാധീനമില്ലാത്ത മലപ്പുറത്തെ പാർട്ടിപ്രകടനത്തെ മുൻനിർത്തിയാണ് ഇപ്പോൾ ചർച്ചകൾ പുരോഗമിക്കുന്നത്.  മലപ്പുറത്ത് വോട്ടിങ്ങിലുണ്ടായ കുറവ് ദേശീയതലത്തിൽ ബി.ജെ.പി.യുടെ പ്രതിച്ഛായക്ക് മങ്ങലേല്പിച്ചു എന്നൊക്കെയാണ് പ്രചരിപ്പിക്കപ്പെടുന്നത്. 
സാമുദായികപിൻബലത്തിൽ ലീഗ് നേടിയ വിജയത്തിൽ ഊറ്റംകൊള്ളുന്ന കോൺഗ്രസ് നേതാക്കൾ ദേശീയതലത്തിൽ സ്വന്തം കാലിനടിയിലെ മണ്ണ് ചോർന്നുപോകുന്നത് കാണാതെ മലപ്പുറമെന്ന ഇത്തിരിവട്ടത്തിൽ ലീഗ് നേടിയ വിജയത്തോടെ ബി.ജെ.പി.യുടെ പ്രഭമങ്ങിയെന്നൊക്കെ പ്രചാരണം നടത്തുന്നത് ശുദ്ധ അസംബന്ധമാണ്. രാഷ്ട്രീയനിലപാടുകളെക്കാളേറെ ന്യൂനപക്ഷവോട്ടുകളുടെ ധ്രുവീകരണമാണ് മലപ്പുറത്തെ വീണ്ടും പച്ചപുതപ്പിച്ചിരിക്കുന്നതെന്ന യാഥാർഥ്യത്തിനുനേർക്ക് ബോധപൂർവം കണ്ണടയ്ക്കരുത്.

കണ്ണൂർ ഗാന്ധി സർക്കിളിൽ പെഡസ്ട്രിയൻ ക്രോസിങ്‌ സിഗ്നൽ വേണം

 

സുരേഷ്‌കുമാർ മാണിയത്ത്‌, തോട്ടുമ്മൽ, തലശ്ശേരി

കണ്ണൂർ ഗാന്ധി സർക്കിളിൽ (കാൽടെക്സ്‌ ജങ്‌ഷൻ) ട്രാഫിക്‌ സിഗ്നൽ സംവിധാനത്തിൽ കാൽനടയാത്രക്കാർക്കുള്ള പെഡസ്ട്രിയൻ ക്രോസിങ്ങിൽ പെഡസ്ട്രിയൻ സിഗ്നൽ സ്ഥാപിച്ചതായി കാണുന്നില്ല. 
കളക്ടറേറ്റ്‌, സിവിൽ സ്റ്റേഷൻ, താലൂേക്കാഫീസ്‌, ട്രഷറി തുടങ്ങി ഒട്ടനവധി സർക്കാർ സ്ഥാപനങ്ങളിലേക്കും മറ്റും വാഹനങ്ങളിൽ വന്നിറങ്ങിയും തിരിച്ചും പേകേണ്ട ഭിന്നശേഷിയുള്ളവരും പ്രായമായവരും കുട്ടികളും അടങ്ങിയ ആയിക്കണക്കിന്‌ കാൽനടയാത്രക്കാർക്ക്‌ പെഡസ്ട്രിയൻ സിഗ്നലില്ലാത്തതിനാൽ റോഡ്‌ മുറിച്ചുകടക്കാൻ വളരെയധികം ബുദ്ധിമുട്ടനുഭവപ്പെട്ടുവരികയാണ്‌.
കാൽനടയാത്രക്കാരുടെ സൗകര്യങ്ങൾക്ക്‌ പ്രഥമപരിഗണന നൽകേണ്ട റോഡിൽ പ്രത്യേകിച്ച്‌ നഗരത്തിരക്ക്‌ കൂടിയ ജില്ലയുടെ ട്രാഫിക്‌ സിരാകേന്ദ്രംകൂടിയായ ഗാന്ധി സർക്കിളിൽ പെഡസ്ട്രിയൻ സിഗ്നൽകൂടി ഉൾപ്പെടുത്തി സിഗ്നൽസംവിധാനം ഹൈടെക്‌ ആക്കേണ്ടിയിരിക്കുന്നു.