കൊളക്കാടൻ സൽമാൻ, 
പരപ്പനങ്ങാടി

കേരളത്തിൽ ഉന്നതവിദ്യാഭ്യാസചിന്തയെന്നും  സർക്കാർകോളേജുകളിലും എയ്‌ഡഡ്‌ കോളേജുകളിലും ഒതുങ്ങിനിൽക്കുന്നു. വിദ്യാഭ്യാസപ്രവർത്തനങ്ങളും   വിദ്യാർഥിജീവിതവും ഇത്തരം കോളേജുകളിൽ മാത്രമെന്നാണ്‌ പൊതുചിന്ത. ഇവിടെ പാർശ്വവത്‌കരിക്കപ്പെട്ട ഒരു വിഭാഗമാണ്‌ പാരലൽകോളേജുകൾ. അവിടെ വിദ്യ അഭ്യസിക്കുന്നവർ രണ്ടാംകിട വിദ്യാർഥികളായി സമൂഹം വിലയിരുത്തുന്നു.   യു.ജി.സി.യുടെ നിർദേശപ്രകാരം യൂണിവേഴ്‌സിറ്റികൾ അവസാനവർഷ ബിരുദവിദ്യാർഥികൾക്ക്‌ നൽകിവരുന്ന പ്രോജക്ട്‌ വർക്കുകൾ ഈവർഷംമുതൽ വിദൂരവിദ്യാഭ്യാസവിഭാഗത്തിലെ  വിദ്യാർഥികൾക്കും ബാധകമാക്കി. ഗവേഷണപ്രബന്ധങ്ങളും  അനുബന്ധവർക്കുകളുമെല്ലാം ചില ബുക്ക്‌ സ്റ്റാളുകളിലും ഡി.ടി.പി.സെന്ററുകളിലും വിൽക്കാൻ തയ്യാറാക്കിവെച്ചിരിക്കുന്നുവെന്നും ആയിരംരൂപ മുതൽ നാലായിരംരൂപവരെ വിലയ്ക്ക്‌ സുലഭമാണെന്ന വിവരം എത്തിച്ചതിൽ സന്തോഷമുണ്ട്‌.   

യു.ജി.സി.യുടെ പുതിയനീക്കം വിദൂരവിദ്യാഭ്യാസ വിദ്യാർഥികളെ ഒരിക്കൽക്കൂടി ആശങ്കയിലാക്കുന്നു. യൂണിവേഴ്‌സിറ്റി ഡിഗ്രി സർട്ടിഫിക്കറ്റുകളിൽ റെഗുലർ വിദ്യാർഥികളുടെയും വിദൂരവിദ്യാഭ്യാസ വിദ്യാർഥികളുടെയും സർട്ടിഫിക്കറ്റുകൾ വേർതിരിച്ചറിയാൻ പ്രത്യേക അടയാളം വേണമെന്ന നിർദേശം ഇത്തരം വിദ്യാർഥികളുടെ വിദ്യാഭ്യാസത്തെപ്പോലും രണ്ടാംകിടയാക്കും. കേരളത്തിലെ  ഹയർസെക്കൻഡറി വിദ്യാഭ്യാസം കഴിഞ്ഞുവരുന്ന വിദ്യാർഥികൾക്ക്‌ നമ്മുടെ സർക്കാർകോളേജുകളിൽ എത്രത്തോളം സീറ്റുണ്ട്‌ എന്ന്‌ നാം പരിശോധിക്കണം. പാരലൽ കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾ അധികംപേരും സാമ്പത്തികപരാധീനത അനുഭവിക്കുന്നവരാണ്‌.  സർക്കാർകോളേജുകളിൽ സീറ്റുലഭിക്കാത്തതുമൂലമാണ്‌ വിദ്യാർഥികൾ പാരലൽകോളേജുകളിൽ അഭയം കണ്ടെത്തുന്നത്‌. പതിനായിരങ്ങൾ മുടക്കി  സ്വാശ്രയകോളേജുകളിലേക്ക്‌ പറഞ്ഞയക്കാൻ അവരുടെ മാതാപിതാക്കളുടെ സാമ്പത്തികസ്ഥിതി അനുവദിക്കുന്നില്ല. ഞാനൊരു പാരലൽകോളേജ്‌ വിദ്യാർഥിയാണ്‌. യൂണിവേഴ്‌സിറ്റി അഫിലിയേഷനുള്ള എയ്‌ഡഡ്‌ കോളേജുകളിലുള്ളതിനേക്കാൾ സമർഥരായ വിദ്യാർഥികൾ എന്റെ സഹപാഠികളായുണ്ട്‌ എന്നെനിക്ക്‌ പറയാനാകും.യൂനിവേഴ്‌സിറ്റിയുടെ തിരിച്ചറിയൽരേഖയുള്ളവരാണ്‌ ഞങ്ങളും. ഞങ്ങളെപ്പോലുള്ള വിദ്യാർഥികളെ പരിപോഷിപ്പിക്കുന്ന ഒരു പദ്ധതിയും  മുഖ്യധാരയിൽനിന്ന്‌ ഉയർന്നുവരുന്നില്ല. ഞങ്ങളുടെ കഴിവുകൾ ഉയർന്നുവരരുതെന്ന്‌ ആരെങ്കിലും ആഗ്രഹിക്കുന്നുവോ?