കാരാത്ത്‌ ബാലൻ, കൂറ്റനാട്‌. 

സംസ്ഥാന വ്യവസായവകുപ്പിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന നാല്പതിൽപ്പരം പൊതുമേഖലാ സ്ഥാപനങ്ങളിൽ മുപ്പതിനും നഷ്ടത്തിന്റെ കണക്കുകൾമാത്രമേ പറയാനുള്ളൂ എന്നാണ്‌ ബ്യൂറോ ഓഫ്‌ പബ്ളിക്‌ എന്റർപ്രൈസസിന്റെ റിപ്പോർട്ട്‌ വ്യക്തമാക്കുന്നത്‌. ഇവയുടെ സഞ്ചിതനഷ്ടം കണക്കാക്കിയിരിക്കുന്നത്‌ ഏതാണ്ട്‌ പതിന്നാലായിരം കോടി രൂപയുടേതാണത്രെ!
സമൂഹത്തിന്റെ പൊതുമുതൽ സംരക്ഷിക്കുന്നകാര്യത്തിൽ സ്ഥാപന മാനേജ്‌മെന്റുകളെപ്പോലെതന്നെ തൊഴിലാളി സംഘടനകൾക്കും ഉത്തരവാദിത്വമുണ്ട്‌. കർത്തവ്യനിർവഹണത്തിന്റെ കാര്യത്തിൽ സംയുക്ത തൊഴിലാളിയൂണിയൻ അനങ്ങാപ്പാറനയം സ്വീകരിക്കുന്നതും പ്രതിഷേധാർഹമാണ്‌. അവരവരുടെ അവകാശങ്ങൾക്കുവേണ്ടിമാത്രം പോരാടുകയും സമരം നടത്തുകയും ചെയ്യുന്നവർ തങ്ങളുടെ നിലനില്പിനെപ്പറ്റി ചിന്തിക്കാതെപോകുന്നത്‌ വളരെ കഷ്ടമാണ്‌. 
   ആയതുകൊണ്ട്‌ ഒരുവിധത്തിലും പുനരുദ്ധരിക്കാൻ കഴിയാതെ നഷ്ടത്തിൽനിന്ന്‌ നഷ്ടത്തിലേക്ക്‌ കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയോ സ്വകാര്യമേഖലയ്ക്ക്‌ കൈമാറുകയോ ചെയ്ത്‌ പൊതുമുതൽ സംരക്ഷിക്കേണ്ടത്‌ സാമൂഹികക്ഷേമത്തിന്‌ അനിവാര്യമായിത്തീർന്നിരിക്കുകയാണ്‌. 

 

ജലസ്രോതസ്സുകൾ ഉപയോഗപ്രദമാക്കണം

കെ.എ. പരമേശ്വരൻ, കോറ്റേത്ത്, തുതിയൂർ 

കേരളം ഇന്ന് കുടിനീരിനുവേണ്ടി നെട്ടോടമോടുന്ന ജനലക്ഷങ്ങളുടെയും, കരിഞ്ഞുണങ്ങിയ കാർഷികവിഭവങ്ങളുടെയും നാടായി മാറിയിരിക്കുന്നു. കേരളത്തിലെ ജലസ്രോതസ്സുകൾ എല്ലാം തന്നെ ഇന്ന് കരിഓയിൽ രൂപത്തിൽ കിടക്കുകയാണ്. കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള എല്ലാ അഴുക്കുവെള്ളവും അടുത്തുള്ള ജലാശയങ്ങളിലേക്ക് രഹസ്യമായി തള്ളാം എന്ന ഗൂഢമായ സ്വാർഥ ലാഭലക്ഷ്യത്തോടെ ജലാശയതീരങ്ങൾ കേന്ദ്രീകരിച്ച് പടുത്തുയർത്തുന്ന കെട്ടിടങ്ങളുടെ  നിർമാതാക്കളും ഒരു പരിധിവരെ ഈ സാമൂഹികവിപത്തിന് കാരണക്കാരാണ്. കൂടാതെ ആയിരക്കണക്കിന് പൊതുകിണറുകൾ കോരി ഉപയോഗിക്കുവാൻ ബുദ്ധിമുട്ടെന്ന പേരിൽ  ഉപേക്ഷിച്ച് പാഴ്വസ്തുക്കൾ നിറയ്ക്കാനുള്ള ഇടമാക്കി മാറ്റി. ജലസ്രോതസ്സുകൾ ശുദ്ധീകരിച്ച് സംരക്ഷിച്ച് ഭാവി തലമുറയ്ക്ക് വേണ്ടികൂടി ഉപയോഗപ്രദമാക്കണം.