ശബരിമല ക്ഷേത്രത്തിൽ കൊടിമരനിർമാണം പൂർത്തിയാകാത്തതുകൊണ്ട്‌ ഈവർഷം ഉത്സവം ഉണ്ടായിരിക്കുന്നതല്ലെന്ന വാർത്തകണ്ടു. ഉത്സവം എന്ന വാക്കിന്റെ അർഥം മേൽപ്പോട്ടേക്ക്‌ (ദേവചൈതന്യം) ഒഴുകുക എന്നാണ്‌. ക്ഷേത്രോത്സവകാലത്ത്‌ നടക്കുന്ന വൈദികതാന്ത്രികക്രിയകളിലൂടെ പ്രതിഷ്ഠാമൂർത്തിയുടെ ചൈതന്യം വർധിപ്പിച്ച്‌ ക്ഷേത്രമതിൽക്കെട്ടുകൾ കവിഞ്ഞ്‌ ജനപഥങ്ങളിലേക്ക്‌ വ്യാപിപ്പിക്കുക എന്നതാണ്‌ വർഷംതോറും നടത്തുന്ന ക്ഷേത്രോത്സവത്തിന്റെ പ്രധാനലക്ഷ്യം.
സാമൂഹികതലത്തിൽ ചിന്തിക്കുമ്പോൾ സമൂഹത്തിൽ വിഭാഗീയചിന്തകളെ അകറ്റി എല്ലാവരിലും ആത്മചൈതന്യം നിലനിൽക്കുന്നുണ്ടെന്ന്‌ ഓർമപ്പെടുത്താൻവേണ്ടിയാണ്‌ ക്ഷേത്രോത്സവം നടത്തുന്നത്‌.

ക്ഷേത്രങ്ങളിലുയർത്തുന്ന കൊടിക്കൂറ (പതാക) മേൽപ്പോട്ടേക്ക്‌ ഉയരുന്ന യാഗാഗ്നിയെയാണ്‌ സൂചിപ്പിക്കുന്നത്‌. തന്ത്രശാസ്ത്രപ്രകാരം സൂക്ഷ്മശരീരത്തിലെ കുണ്ഡലിനീ അഗ്നിയെയാണ്‌ പതാക പ്രതിനിധാനം ചെയ്യുന്നത്‌. ക്ഷേത്രമൂർത്തി യോഗസമാധിയിലേക്ക്‌ പ്രവേശിക്കുന്നതിന്റെ ആരംഭംകുറിക്കുന്ന കുണ്ഡലീപ്രബോധനമാണ്‌ പ്രതീകാത്മകമായി ചെയ്യുന്ന കൊടിയേറ്റം (ധ്വജാരോഹണം). ജനങ്ങൾക്ക്‌ ജാതിമതലിംഗ ഭേദമന്യേ ഐശ്വര്യവും ശാന്തിയും ലഭിക്കാൻവേണ്ടിയാണ്‌ ക്ഷേത്രദേവീദേവന്മാർ വർഷംതോറും ഉത്സവകാലത്ത്‌ യോഗസമാധിയിൽ കഴിയുന്നത്‌.

ഈ പശ്ചാത്തലത്തിൽ ശബരിമലക്ഷേത്രത്തിൽ പുതിയ ധ്വജത്തിന്റെ നിർമാണം പൂർത്തിയാവാത്തതുകൊണ്ട്‌ ഈ വർഷം മീനമാസത്തിൽ നടക്കേണ്ട ഉത്സവം ഉണ്ടാവുകയില്ലെന്ന്‌ അധികൃതർ പറയുന്നത്‌ വേദനാജനകമാണ്‌. കവുങ്ങോ മറ്റു ഉചിതമായ മരംകൊണ്ടോ താത്‌കാലികമായി സ്ഥാപിച്ച ധ്വജസ്തംഭത്തിൽ കൊടിയേറ്റം വിധിപ്രകാരം നടത്തി ഉത്സവം നടത്താവുന്നതാണ്‌. ഉത്സവം മുടങ്ങുന്നത്‌ ക്ഷേത്രമൂർത്തിയുടെ അനിഷ്ടത്തിനും തദ്വാരാ ഭാവിയിൽ പല ദുരന്തങ്ങൾക്കും കാരണമായേക്കാം. ഈ കാര്യത്തിൽ ക്ഷേത്രം തന്ത്രിയുടെയും അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനീയനായ പന്തളം രാജാവിന്റെയും അഭിപ്രായം അറിയേണ്ടതാണ്‌. അവർതമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ ദേവപ്രശ്നം വഴി ദേവന്റെ ഹിതമറിയേണ്ടതാണ്‌.