അവര്‍ക്ക് ക്രിസ്മസ് വെളിച്ചമില്ലാത്ത മൂന്നാം വര്‍ഷം

Posted on: 23 Dec 2012മല്ലപ്പള്ളി (പത്തനംതിട്ട): രണ്ടുമലയാളികള്‍ ഉള്‍പ്പെടെ ഏഴ് ഇന്ത്യാക്കാര്‍ സോമാലിയയിലെ കടല്‍ക്കൊള്ളക്കാരുടെ തടവറയിലായിട്ട് മൂന്ന് വര്‍ഷം കഴിയുന്നു. നിരപരാധികളായ മത്സ്യ തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ പിടിയിലായ ഇറ്റാലിയന്‍ നാവികരെ ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടിലേക്ക് അയച്ചപ്പോഴും ഇവരുടെ മോചനത്തിന് നടപടികളില്ല.

മല്ലപ്പള്ളി പരിയാരം താഴത്തുവീട്ടില്‍ ഉണ്ണിക്കൃഷ്ണനും കൂത്താട്ടുകുളം പുതിയാകുന്നേല്‍ ജോര്‍ജ് ജോസഫും ഉള്‍പ്പെടെയുള്ള ഏഴ് ഇന്ത്യാക്കാര്‍ക്ക് വെളിച്ചം കാണാത്ത മൂന്നാമത്തെ ക്രിസ്മസാണിത്. 2010 സപ്തംബര്‍ 28 ന് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിലെ സെക്കന്‍ഡ് ഓഫീസറായിരുന്നു ഉണ്ണി. എന്‍ജിനിയറാണ് ജോര്‍ജ്. മൂന്നര ദശലക്ഷം ഡോളര്‍ നല്‍കി 2011 ഏപ്രില്‍ 15 ന് ഉടമസ്ഥര്‍ കപ്പല്‍ മോചിപ്പിച്ചെങ്കിലും ഇവരെ വിട്ടയയ്ക്കാന്‍കൊള്ളക്കാര്‍ കൂട്ടാക്കിയില്ല. ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന കൂട്ടാളികളെ വിട്ടയയ്ക്കണമെന്നതായിരുന്നു ഇവരുടെആവശ്യം.

മത്സ്യ തൊഴിലാളികളെ വെടിവച്ചുകൊന്ന ഇറ്റലിക്കാര്‍ നക്ഷത്ര സൗകര്യത്തില്‍ കേരളത്തില്‍ കഴിഞ്ഞപ്പോള്‍ അവരുടെ സുഖവിവരം അന്വേഷിക്കാന്‍ അവിടത്തെ മന്ത്രിമാര്‍ മൂന്ന് തവണയാണ് വന്നത്. എന്നാല്‍ ഒരു കുറ്റവും ചെയ്യാതെ സോമാലിയയില്‍ കഴിയുന്ന തങ്ങളുടെ പ്രിയപ്പെട്ടവരുടെ കാര്യം പറയുന്നതിന് ഇവിടത്തെ മന്ത്രിമാരെ കാണാന്‍ ചെന്ന വീട്ടുകാര്‍ക്ക് ഡല്‍ഹി പോലീസിന്റെ മര്‍ദനമായിരുന്നു ആദ്യം കിട്ടിയത്.

ഇറ്റലിക്കാരോട് കാട്ടിയ സൗമനസ്യം സോമാലിയയിലെ തുറുങ്കില്‍ കഴിയുന്ന ഇന്ത്യക്കാരോടും വേണമെന്നും ഇവരെ രക്ഷിക്കാനായി നടപടികള്‍ എടുക്കണമെന്നും വീട്ടുകാര്‍ ആവശ്യപ്പെടുന്നു.

More News from Pathanamthitta