കളംനിറഞ്ഞ് ചൂരലടവി; അനുഗ്രഹംതേടി ആയിരങ്ങള്‍

Posted on: 23 Dec 2012തടിയൂര്‍: തെള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ പടയണി ഉത്സവത്തിലെ പ്രധാന ഉത്സവമായ ചൂരലടവി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു.

ശനിയാഴ്ച 4ന് വേലനടവിയോടാരംഭിച്ച ചടങ്ങില്‍ 5ന് കവുങ്ങ്, പന എടുപ്പ്, 9ന് പുലവൃത്തം, തപ്പുമേളം കഴിഞ്ഞ് കുതിര, ഭൈരവി, യക്ഷി, മറുത കോലങ്ങള്‍ കളിച്ചു. രാത്രി 12ന് വച്ചൊരുക്കം, 1ന് മര അടവിക്കുംശേഷം പുലര്‍ച്ചെ 2.30ന് പ്രസിദ്ധമായ ചൂരലടവിയും നടന്നു.

ഞായറാഴ്ച വഴിപാട് കോലങ്ങളില്‍ രാത്രി 8.30ന് കോലം എതിരേല്പ്, 9ന് പുലവൃത്തത്തിനും തപ്പുമേളത്തിനുംശേഷം ഭൈരവി, മറുത, അന്തരയക്ഷി, കാലയക്ഷി, കാലന്‍കോലം എന്നിവ കളിക്കും.

തിങ്കളാഴ്ച ദിവസവും പതിവുപോലെ വഴിപാട് കോലങ്ങളില്‍ ഭൈരവി, യക്ഷി, മറുത, പക്ഷി, കാലയക്ഷി, കാലന്‍കോലം എന്നിവ കളത്തിലെത്തും.

വലിയപടയണി ദിവസമായ ചൊവ്വാഴ്ച പുലര്‍ച്ചെ 5ന് കേളികൊട്ടോടെ ചടങ്ങുകള്‍ക്ക് തുടക്കംകുറിക്കും. രാത്രി 8.30ന് തെള്ളിയൂര്‍ക്കാവ് ഭഗവതിക്ഷേത്രത്തില്‍ നിന്ന് തെള്ളിയൂരമ്മയും കാലയക്ഷിയമ്മയും സര്‍വാലംകൃത വിഭൂഷിതരായി അകമ്പടി കോലങ്ങളുടെയും താലപ്പൊലിയുടെയും വഞ്ചിപ്പാട്ടിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പടയണിക്കളത്തിലേക്ക് എഴുന്നള്ളും. രാത്രി 10ന് പുലവൃത്തം, തപ്പുമേളം, കോലങ്ങള്‍ എന്നിവ കഴിഞ്ഞ് വിനോദത്തിന് ശേഷം പുലര്‍ച്ചെ 5.30ന് മംഗളഭൈരവിയോടെ ചടങ്ങുകള്‍ സമാപിക്കും.

More News from Pathanamthitta