ഓട അടച്ചതായി ആക്ഷേപം

Posted on: 23 Dec 2012അടൂര്‍: അടൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയ്ക്കകത്തുകൂടി ഒഴുകുന്ന ഓട സമീപത്തെ സ്ഥലം ഉടമ മതില്‍കെട്ടി അടച്ചതായി പരാതി. എന്നാല്‍ വര്‍ഷങ്ങളായി ഇതുവഴി ഓടനിലവിലില്ലെന്ന് സ്ഥലം ഉടമ പറഞ്ഞു. കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ ഗാരേജിനും പമ്പിനും ഇടയില്‍ക്കൂടി ഒഴുകുന്ന ഓടയാണ് ശനിയാഴ്ച രാവിലെ സിമന്റ് കട്ട കൊണ്ട് മതില്‍ കെട്ടിയടച്ചത്. പണി നടക്കുമ്പോള്‍തന്നെ കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ നിലവില്‍ ഇതുവഴി ഓടയുള്ളതാണെന്നും അത് തടസപ്പെടുത്തിയാല്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നും വസ്തുഉടമസ്ഥരെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് അവഗണിച്ചാണ് മതില്‍ പണിതത്. ഓയിലും ഗ്രീസും മറ്റ് മാലിന്യങ്ങളും കൊണ്ട് നിറഞ്ഞുകിടക്കുന്ന ഓടയിലെ വെള്ളം ദുര്‍ഗന്ധം വമിക്കുകയാണ്. ഇത് ഒഴുകിപോകാന്‍ സ്ഥലമില്ലാത്തതിനാല്‍ സ്റ്റാന്‍ഡിലെ പമ്പിന് അരികിലായി കെട്ടിക്കിടക്കുകയാണ്. തൊട്ടരികിലുള്ള കിണറുകള്‍ ഉപയോഗിക്കാന്‍ കഴിയാതായി.

ഓടയടച്ചയാളും കെ.എസ്.ആര്‍.ടി.സി. അധികൃതരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായപ്പോള്‍ നഗരസഭയില്‍നിന്ന് ആളുകളെത്തി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

More News from Pathanamthitta