മണ്ഡലപൂജ; സന്നിധാനത്തും പമ്പയിലും സുരക്ഷ ശക്തമാക്കി

Posted on: 23 Dec 2012ശബരിമല:മണ്ഡലപൂജയുടെ ഭാഗമായി പമ്പയിലും സന്നിധാനത്തും പോലീസ് സുരക്ഷാ നടപടികള്‍ കര്‍ശനമാക്കി. മൂവായിരത്തോളം സുരക്ഷാ സൈനികരുടെ സേവനമാണ് വരും ദിവസങ്ങളിലുണ്ടാകുക. കേരള പോലീസില്‍നിന്ന് 19 ഡിവൈ.എസ്.പി.മാര്‍, 32 സി.ഐമാര്‍, 118 എസ്.ഐ, എ.എസ്.ഐ.മാര്‍, 1320 സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരെ തിരക്ക് നിയന്ത്രിക്കാന്‍ വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ ദ്രുതകര്‍മ്മസേന, ടാസ്‌ക്‌ഫോഴ്‌സ്, രഹസ്യാന്വേഷണ വിഭാഗം, ബോംബ്‌സ്‌ക്വാഡ്, എന്‍.ഡി.ആര്‍.എഫ്. എന്നീ വിഭാഗങ്ങളില്‍ നിന്നായി 1384 ജീവനക്കാരുടെ സേവനം വിനിയോഗിക്കുമെന്ന് സ്‌പെഷല്‍ ഓഫീസര്‍ വി.കെ.രാജേന്ദ്രന്‍ പറഞ്ഞു. 15 ഡിവൈ.എസ്.പി.മാര്‍, 27 സി.ഐ.മാര്‍, 94 എസ്.ഐ.മാര്‍, 1248 സുരക്ഷാ സൈനികര്‍ എന്നിവരും വരും ദിവസങ്ങളില്‍ ഡ്യൂട്ടിയിലുണ്ടാകും.

സന്നിധാനത്ത് വിവിധ മേഖലകളായി തിരിച്ചാണ് പോലീസിനെ വിന്യസിച്ചിരിക്കുന്നത്. ഓരോ മേഖലയുടെയും ചുമതല ഓരോ ഡിവൈ.എസ്.പി.ക്കാണ്. നിരീക്ഷണം ശക്തമാക്കാന്‍ ഷാഡോ പോലീസിന്റെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്. സുരക്ഷാ പരിശോധനയുടെ ഭാഗമായി സന്നിധാനത്ത് വെള്ളമെത്തിക്കുന്ന കുന്നാര്‍ ഡാംമേഖല സ്‌പെഷല്‍ ഓഫീസര്‍ വി.കെ.രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം സന്ദര്‍ശിച്ചിരുന്നു.

വണ്ടിപ്പെരിയാര്‍, പുല്ലുമേട് വഴി എത്തുന്ന അയ്യപ്പന്മാരെ കര്‍ശന പരിശോധയ്ക്കുശേഷമാണ് സന്നിധാനത്തേയ്ക്ക് കടത്തിവിടുന്നത്. വ്യാപാരസ്ഥാപനങ്ങളില്‍ ജോലി നോക്കുന്നവര്‍ക്ക് ദേവസ്വം വിജിലന്‍സ് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

More News from Pathanamthitta