ഭക്തരുടെ സ്വീകരണം ഏറ്റുവാങ്ങി തങ്കയങ്കി ഘോഷയാത്ര

Posted on: 23 Dec 2012

ആറന്മുള: നാരായണനാമം മുഴങ്ങുന്ന പാര്‍ത്ഥസാരഥി നടയില്‍ കറുപ്പും കാവിയുമുടുത്ത് നിന്നവര്‍ക്കിടയിലേക്ക് തങ്കയങ്കി എത്തവെ ശരണംവിളികള്‍ മുഴങ്ങി.

പുലര്‍ച്ചെ 5മണിക്ക് ആറന്മുളയിലെ ശബരിമല ഭണ്ഡാരത്തില്‍നിന്ന് പുറത്തെടുത്ത അങ്കി 7മണിവരെ നടപ്പന്തലില്‍ ദര്‍ശനത്തിനായി വച്ചു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ.എം.പി.ഗോവിന്ദന്‍നായര്‍, അംഗം സുഭാഷ്‌വാസു, കമ്മീഷണര്‍ എന്‍.വാസു എന്നിവരുടെ സാന്നിധ്യത്തില്‍ 7.15ന് നടപ്പന്തലില്‍നിന്ന് തങ്കയങ്കി പ്രത്യേകമായി തയ്യാറാക്കിയ രഥത്തില്‍ കയറ്റി ഘോഷയാത്ര പുറപ്പെട്ടു.

മൂര്‍ത്തിട്ട ഗണപതി ക്ഷേത്രത്തിലെ സ്വീകരണത്തിനുശേഷം പുന്നതോട്ടം ക്ഷേത്രത്തിലെത്തിയ ഘോഷയാത്രയെ താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ചു.

ചവുട്ടുകുളം ദേവീക്ഷേത്രം, തിരുവഞ്ചാംകോട് ദേവീക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം നെടുംപ്രയാര്‍ തേവലശ്ശേരി ദേവീക്ഷേത്രത്തില്‍ പ്രഭാതഭക്ഷണവും വിശ്രമവും കഴിഞ്ഞ് നെടുംപ്രായാര്‍ ജങ്ഷന്‍വഴി കോഴഞ്ചേരിയിലെത്തി. ഘോഷയാത്രയെ ഓട്ടോ, ടാക്‌സി, ചുമട്ടുതൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ കോഴഞ്ചേരി പാലം മുതല്‍ കര്‍പ്പൂരം കത്തിച്ച് വാദ്യമേളഘോഷങ്ങളോടെ സ്വീകരിച്ചു. കോഴഞ്ചേരി പാമ്പാടിമണ്‍ കാരംവേലി വഴി ഇലന്തൂര്‍ ഭഗവതികുന്നിലെത്തിയ ഘോഷയാത്രയ്ക്ക് നൂറുകണക്കിന് ഭക്തന്മാരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

ഇലന്തൂര്‍ ഗണപതിക്ഷേത്രത്തിലും നാരായണമംഗലത്തും ഘോഷയാത്രയ്ക്ക് വന്‍ വരവേല്‍പ്പ് ലഭിച്ചു. മെഴുവേലി ആനന്ദഭൂതേശ്വരം, ഇലവുംതിട്ട ദേവീക്ഷേത്രം, ഇലവുംതിട്ട മലനട മുട്ടത്തുകോണം എസ്.എന്‍.ഡി.പി.മന്ദിരം, കൈതവന ദേവീക്ഷേത്രം, പ്രക്കാനം ഇടനാട് ഭഗവതിക്ഷേത്രം വഴി ചീക്കനാലെത്തിയ ഘോഷയാത്രയെ തീവെട്ടിയും താലപ്പൊലിയും വാദ്യമേളങ്ങളുമായി സ്വീകരിച്ച് ഊപ്പമണ്‍ വഴി ഓമല്ലൂര്‍ രക്തകണ്ഠസ്വാമിക്ഷേത്രത്തിലെത്തി ഘോഷയാത്രാസംഘം വിശ്രമിച്ചു.

തങ്കയങ്കി ഘോഷയാത്ര കടന്നുപോകുന്ന വഴികളിലെല്ലാം ഭക്തര്‍ നിലവിളക്ക് കത്തിച്ചും നെല്‍പ്പറയിട്ടും സ്വീകരണം നല്‍കി.

ഘോഷയാത്രയെ ആറന്മുളയില്‍നിന്ന് യാത്രയാക്കാന്‍ പള്ളിയോടസേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവന്‍, സെക്രട്ടറി രതീഷ് ആര്‍.മോഹന്‍, ഖജാന്‍ജി പി.മോഹനചന്ദ്രന്‍, അയ്യപ്പസേവാസംഘം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. ഡി.വിജയകുമാര്‍, മാലേത്ത് സരളാദേവി, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് അമ്പോറ്റി കോഴഞ്ചേരി, സെക്രട്ടറി കെ.പി.സോമന്‍, വിജയന്‍ അങ്കത്തില്‍, പി.ആര്‍.ഷാജി തുടങ്ങിയവര്‍ എത്തിച്ചേര്‍ന്നു.

ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ വി.ജയപ്രകാശ്, എസ്.അജിത്കുമാര്‍, ജി.അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ദേവസ്വംബോര്‍ഡ് ഉദ്യോഗസ്ഥരും പത്തനംതിട്ട അസിസ്റ്റന്റ് കമാന്‍ഡന്റ് പി.കെ.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള 17അംഗ സായുധ പോലീസ് സംഘവും ഘോഷയാത്രയ്ക്ക് അകമ്പടിയായുണ്ട്.

പത്തനംതിട്ട ഡിവൈ.എസ്.പി. ആര്‍.ചന്ദ്രശേഖരപിള്ള, കോഴഞ്ചേരി സി.ഐ. സഖറിയാ മാത്യു, ആറന്മുള എസ്.ഐ. ബി.വിനോദ്കുമാര്‍, കോയിപ്രം എസ്.ഐ. എസ്.ന്യൂമാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ലോക്കല്‍ പോലീസും ഘോഷയാത്രയുടെ സ്വീകരണവഴികളില്‍ സുരക്ഷ ഒരുക്കി.

More News from Pathanamthitta