ലിജു വധശ്രമക്കേസ്: മൂന്നു പേര്‍ കൂടി അറസ്റ്റില്‍
Posted on: 04 Feb 2012
പത്തനംതിട്ട: വിവാദമായ ലിജു വധശ്രമക്കേസില്‍ ക്വട്ടേഷന്‍ സംഘത്തിലെ മൂന്നു പേരെക്കൂടി പോലീസ് അറസ്റ്റുചെയ്തു.
ഓമല്ലൂര്‍ ഐമാലി മുണ്ടപ്പള്ളി കിഴക്കേതില്‍ ജിതേഷ് (26), പ്രക്കാനം കോയിപ്പുറത്ത് ലിജോ കെ.ബാബു (29), പന്തളം കക്കാട്ട്‌വീട്ടില്‍ ശ്യാംമോഹന്‍ (32) എന്നിവരെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റുചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
ഓമല്ലൂര്‍ മഞ്ഞനിക്കരയില്‍ കഴിഞ്ഞ ആഗസ്ത് അഞ്ചിന് റാന്നി മുക്കാലുമണ്‍ ചാക്യാനക്കുഴിയില്‍ ലിജുവിനെയാണ് ഇവര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വിദ്യാര്‍ഥി സംഘട്ടനത്തിന്റെ തുടര്‍ച്ചയായിരുന്നു വധശ്രമം.
അടൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ നിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് ലിജോ കെ.ബാബുവിനെയും ജിതേഷിനെയും പത്തനംതിട്ട സി.ഐ. നസീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ബാംഗ്‌ളൂരിന് കടക്കാന്‍ അടൂരിലെത്തിയെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് ഇവര്‍ വലയിലായത്.
കണ്ടാലറിയാവുന്ന പ്രതികളുടെ പട്ടികയില്‍പ്പെട്ടിരുന്ന ശ്യാംമോഹനെ പിടിയിലായവര്‍ നല്‍കിയ വിവരമനുസരിച്ച് വൈകീട്ട് ഏഴ് മണിയോടെ അടൂരില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.
ആഗസ്ത് അഞ്ചിന് പുലര്‍ച്ചെയാണ് ഓമല്ലൂര്‍ മഞ്ഞിനിക്കര പള്ളിക്ക് സമീപം വഴിയരികില്‍ ലിജുവിനെ വെട്ടേറ്റനിലയില്‍ കണ്ടെത്തിയത്. റാന്നി സെന്റ് തോമസ് കോളേജിലുണ്ടായ സംഘട്ടനത്തെ തുടര്‍ന്നായിരുന്നു ലിജുവിനെതിരായ ആക്രമണം.
കോളേജിലെ പാര്‍ക്കിങ്‌ഷെഡ്ഡില്‍ വാഹനം പാര്‍ക്ക്‌ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കമാണ് സംഭവങ്ങളുടെ തുടക്കം. ഇതേ തുടര്‍ന്ന് കേസിലെ രണ്ടും മൂന്നും പ്രതികളായ ഡേവിഡിനെയും അരുണിനെയും കോളേജിന് പുറത്തുനിന്നും വന്ന ലിജുവും കോളേജ് വിദ്യാര്‍ഥിയായ അമ്പിയും ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു.
ഇതിന്റെ പ്രതികാരമായി ഡേവിഡ് അഞ്ചാംപ്രതി ജിതേഷിന്റെയും ആറാം പ്രതി ലിജോയുടെയും സഹായത്തോടെ ആക്രമണത്തിന് പദ്ധതിയിട്ടു. ഇത് ഒന്നാംപ്രതിയായ ദിലീപിനെ ഏല്പിച്ചു. ഇവര്‍ നാലാംപ്രതി മിത്രയുടെ സഹായത്തോടെ ആഗസ്ത് നാലിന് അര്‍ധരാത്രിയില്‍ ലിജുവിനെ മഞ്ഞിനിക്കരയില്‍ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. ശ്യാംമോഹന്റെ ജീപ്പായിരുന്നു ആക്രമണത്തിന് ഉപയോഗിച്ചത്. ഇയാള്‍ കേസിലെ ഏഴാംപ്രതിയാണ്.
അയ്യായിരം രൂപയ്ക്കാണ് ദിലീപ് ക്വട്ടേഷന്‍ ഏറ്റതെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.
കേസിലെ പ്രതിയായ മിത്ര സൂസന്‍ എബ്രഹാമിന്റെ അറസ്റ്റ് വൈകിയതും ഇപ്പോള്‍ അറസ്റ്റിലായ പ്രതികള്‍ ജിതേഷിനെയും ലിജോ കെ.ബേബിയെയും കോഴഞ്ചേരി പോലീസ് പത്തനംതിട്ട ഡിവൈ.എസ്.പി. ഓഫീസില്‍ ഹാജരാക്കിയിട്ടും അറസ്റ്റ് ചെയ്യാതെ വിട്ടയച്ചതും വിവാദമായിരുന്നു. മിത്ര ഇപ്പോള്‍ തിരുവനന്തപുരം വനിതാ ജയിലിലാണ്.
കേസില്‍ കണ്ടാലറിയാവുന്ന ഒരാള്‍കൂടി അറസ്റ്റിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. പത്തനംതിട്ട സി.ഐ.യെ കൂടാതെ എ.എസ്.ഐ. ഗോപകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സി.പി. രാധാകൃഷ്ണന്‍, ഗോപന്‍, സാബു എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതികളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.