കവിയൂരിലെ മഞ്ഞപ്പിത്തബാധ; പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ചു
Posted on: 04 Feb 2012
കവിയൂര്‍: ഗ്രാമപ്പഞ്ചായത്തിലെ കമ്മാളത്തകിടി പ്രദേശത്തെ മഞ്ഞപ്പിത്തരോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടൊപ്പം ആറുപേര്‍ക്ക് രോഗലക്ഷണങ്ങളും കണ്ടിട്ടുണ്ട്. ഇതിന്റെ ഫലമായി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി.
ഇവിടങ്ങളിലെ വിവിധ കിണറുകളിലെ ജലം സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി. രോഗബാധയ്ക്ക് കാരണമായ കുടിവെള്ളം എടുത്ത സംശയാസ്പദമായ കിണറ്റിലെ ജലം പരിശോധനയ്ക്കായി പത്തനംതിട്ടയിലെ ലാബിലേക്ക് അയച്ചു.
കവിയൂര്‍ ടി.ടി.ഐ.യിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കും മറ്റും ബോധവത്കരണ ക്ലാസുകള്‍ നടത്തി.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്ത് പ്രസിഡന്റ് റ്റി.കെ. സജീവിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തിച്ചു വരുന്നു. തുറസ്സായ സ്ഥലത്തെ മലമൂത്ര വിസര്‍ജ്ജനം ഒഴിവാക്കുക, തിളപ്പിച്ചാറിച്ച വെള്ളം ഉപയോഗിക്കുക, പഴകിയതോ തണുത്തതോ ആയ ആഹാരങ്ങള്‍ ഒഴിവാക്കുക എന്നിവ പാലിക്കണമെന്ന് പി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജീവ് അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീകൃഷ്ണന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റ്റി.ജി. വിനോദ്, ശാന്തമ്മ, സിന്ധു കെ. പിള്ള, സുലേഖ, ബിന്ദു എന്നിവര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.