സുലോചന കൊലക്കേസ്; തെളിവെടുപ്പ് നടത്തി
Posted on: 04 Feb 2012
റാന്നി: സുലോചന കൊലക്കേസ്സിലെ പ്രതി ഷിജുവിനെയുംകൊണ്ട് പോലീസ് കൊമ്പനോലിയിലെത്തി തെളിവെടുപ്പ് നടത്തി. സി.ഐ. മാരായ അബ്ദുള്‍ റഹീം, വടശ്ശേരിക്കര സി.ഐ. വി.ആര്‍. രവികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പോലീസ് കാവലിലാണ് പ്രതിയെ കൊമ്പനോലിയില്‍ കൊണ്ടുവന്നത്.
കൊമ്പനോലി ആദര്‍ശ ഭവനില്‍ സുലോചനയെ (52) ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസ്സില്‍ റിമാന്‍ഡിലായിരുന്ന കൊമ്പനോലി പുന്നപ്ര താഴത്തേതില്‍ ഷിജുവിനെ തെളിവെടുപ്പിനായി വ്യാഴാഴ്ചയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയത്. വെള്ളിയാഴ്ച രാവിലെ 10.30ഓടെ ഇയാളെ കൊമ്പനോലിയില്‍ എത്തിച്ചു. സുലോചനയുടെ വീട്ടിനുള്ളില്‍ ഓടിളക്കി കടന്നതുമുതല്‍ കൊലപാതകം നടത്തിയതും മരിച്ചോയെന്ന് ഉറപ്പുവരുത്തിയ രീതിയുമൊക്കെ ഷിജു പോലീസിന് കാട്ടിക്കൊടുത്തു. ഷിജുവിന്റെ വീട്ടിലും കമ്മല്‍ പണയംവയ്ക്കാന്‍ പോയവീട്, ഇതിന് സഹായിച്ച സുഹൃത്തിന്റെ വീട് എന്നിവിടങ്ങളില്‍ പോലീസ് തെളിവെടുപ്പ് നടത്തി. ശനിയാഴ്ച രാവിലെ തെളിവെടുപ്പ് ഏതാണ്ട് പൂര്‍ത്തിയാവുമെന്നും അതിനുശേഷം ഷിജുവിനെ കോടതിയില്‍ തിരികെ ഏല്പിക്കുമെന്നും സി.ഐ. അബ്ദുള്‍ റഹീം പറഞ്ഞു. എസ്.ഐ.മാരായ ജി.പി. മനുരാജ്, കെ.ജി. ശശി, സീനിയര്‍ സി.പി.ഒ വിക്രമന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. തെളിവെടുപ്പിനായി ഷിജുവിനെ കൊണ്ടുവന്നതറിഞ്ഞ് നിരവധിയാള്‍ക്കാര്‍ ഇവിടെയെത്തി. കഴിഞ്ഞ 27ന് രാത്രിയിലാണ് ഒറ്റയ്ക്ക് താമസിച്ചിരുന്ന സുലോചനയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്.