റാന്നി ബൈപ്പാസ് റോഡ് നിര്‍മ്മാണോദ്ഘാടനം ആറിന്
Posted on: 04 Feb 2012
റാന്നി: സംസ്ഥാന പൊതുമരാമത്ത് വകുപ്പ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ റാന്നി നിയോജകമണ്ഡലത്തിലെ റാന്നി ബൈപ്പാസ് റോഡിന്റെ ഒന്നാം ഘട്ടത്തിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞ് ഫിബ്രവരി ആറിന് ഉച്ചയ്ക്ക് 3. 30ന് നിര്‍വഹിക്കും. പൂവന്‍മലയില്‍ ചേരുന്ന യോഗത്തില്‍ രാജുഏബ്രഹാം എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ആന്‍േറാ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും. ഇട്ടിയപ്പാറ-പെരുമ്പുഴ ടൗണിലെ വാഹനത്തിരക്ക് ഒഴിവാക്കാനായുള്ള റോഡ് റാന്നി അങ്ങാടി പഞ്ചായത്തില്‍ കൂടി കടന്ന് അയിരൂര്‍ പഞ്ചായത്തില്‍ അവസാനിക്കും. ഈ റോഡ് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ ചെല്ലയ്ക്കാട് ജങ്ഷനില്‍ നിന്നാരംഭിച്ച് വലിയകാവ് റിസര്‍വ്വ് റോഡ്, റാന്നി ബ്രാഞ്ച് റോഡ്, റാന്നി കുമ്പളത്താനം റോഡ്, വെണ്ണിക്കുളം-റാന്നി റോഡ് എന്നീ റോഡുകള്‍ കടന്ന് ചെറുകോല്‍പ്പുഴ-റാന്നി റോഡില്‍ വരവൂര്‍ ജങ്ഷനില്‍ എത്തിച്ചേരും. നിലവില്‍ നാല് മീറ്റര്‍ മുതല്‍ എട്ട് മീറ്റര്‍ വരെ മാത്രം വീതിയുണ്ടായിരുന്ന റോഡിന് നാട്ടുകാര്‍ വിട്ടുകൊടുത്ത സ്ഥലം ഉപയോഗിച്ച് എട്ട് മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മിക്കാനും 5. 50 മീറ്റര്‍ വീതിയില്‍ ടാറിങ് നടത്തുന്നതിനുമാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഒരു വര്‍ഷമാണ് നിര്‍മ്മാണ പദ്ധതിയുടെ കാലാവധി. ഇതില്‍ എട്ട് പുതിയ കലുങ്ക്, ആറ് കലുങ്കിന്റെ വീതി കൂട്ടല്‍, ആവശ്യമായ സ്ഥലങ്ങളില്‍ സംരക്ഷണ ഭിത്തി നിര്‍മ്മാണം, ടാറിങ് ജോലികള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.