കട്ടിക്കുഴിയിലും മീന്‍മുട്ടിയിലും മൈക്രോജലവൈദ്യുത പദ്ധതി

Posted on: 04 Feb 2012



പത്തനംതിട്ട:മൂന്നു വര്‍ഷത്തിനകം അരുവാപ്പുലം ഗ്രാമപ്പഞ്ചായത്തിലെ കൊക്കാത്തോട് കട്ടിക്കുഴി, മീന്‍മുട്ടി എന്നീ രണ്ടു കേന്ദ്രങ്ങളില്‍ മൈക്രോ ജലവൈദ്യുത പദ്ധതികള്‍ സ്ഥാപിക്കാന്‍ ജില്ലാ പഞ്ചായത്ത് നടപടികള്‍ തുടങ്ങി. ജില്ലയ്ക്ക് ആവശ്യമായ മുഴുവന്‍ വൈദ്യുതിയും ഉല്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന പദ്ധതി ഇതിനുശേഷം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.

പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോര്‍ജ്ജ്, ജില്ലാ കളക്ടര്‍ പി. വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങിയ സംഘം സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. അനര്‍ട്ടിന്റെ സാങ്കേതിക സഹകരണത്തോടെയാണ് പദ്ധതിക്ക് രൂപം നല്‍കുന്നത്. ഇതിനാവശ്യമായ വിശദമായ പദ്ധതിരേഖ തയ്യാറാക്കാന്‍ ജില്ലാ കളക്ടര്‍ അനര്‍ട്ടിന് നിര്‍ദ്ദേശം നല്‍കി.

കട്ടിക്കുഴിയില്‍ ഒരു മെഗാവാട്ട് വൈദ്യുതോല്പാദനത്തിന് വൈദ്യുതി ബോര്‍ഡ് 1999ല്‍ ഒരു നിര്‍ദ്ദേശം വച്ചിരുന്നു. കട്ടിക്കുഴിയിലെ വെള്ളത്തിന്റെ ഒഴുക്കിനെക്കുറിച്ച് പഠിച്ച് വിശദമായ കണക്കുകളും ലഭ്യമാക്കിയിരുന്നു. എന്നാല്‍ പിന്നീട് ബോര്‍ഡ് ഇത്തരം പദ്ധതികളില്‍നിന്ന് പിന്മാറുകയായിരുന്നു.

അന്നത്തെ വെള്ളത്തിന്റെ ഒഴുക്ക് ഇന്ന് കാര്യമായി മാറിയിട്ടുണ്ടെന്നാണ് പരിശോധനാ സംഘത്തിന് വ്യക്തമായത്. എന്നാല്‍ അന്നത്തെ കണക്കുകള്‍ കെ. എസ്. ഇ. ബിയില്‍ നിന്ന് ലഭ്യമാക്കി വിശദമായ ഒരു പഠനം കൂടി നടത്താന്‍ അനര്‍ട്ട് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അടുത്ത മഴക്കാലത്തെ നീരൊഴുക്കുകൂടി പരിശോധിച്ചാലേ വിശദമായ പദ്ധതി രേഖ തയ്യാറാക്കാനാകൂ.

പഴയ കണക്കുകള്‍ പങ്കിടണമെന്നഭ്യര്‍ത്ഥിച്ച് ജില്ലാ കളക്ടര്‍ കെ. എസ്. ഇ. ബി ചെയര്‍മാന് കത്തയയ്ക്കും. പദ്ധതി ആരംഭിക്കുന്നതിനാവശ്യമായ ഡിപിആര്‍ തയ്യാറാക്കാന്‍ അനര്‍ട്ട് ഡയറക്ടര്‍ക്കും കത്ത് നല്‍കും. ജില്ലയില്‍ 43 സ്ഥലത്ത് അനര്‍ട്ട് മൈക്രോ ജലവൈദ്യുത പദ്ധതിക്ക് പഠനം നടത്തിയിരുന്നു.

ജില്ലാ പ്ലാനിങ് ഓഫീസര്‍ പി. കെ. ദേവാനന്ദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജി. അനില്‍, അനര്‍ട്ട് ജില്ലാ പ്രോഗ്രാം മാനേജര്‍ ചന്ദ്രമോഹന്‍, ഗ്രാമപ്പഞ്ചായത്തംഗം ഹരിദാസ്, ബ്ലോക്ക് പഞ്ചായത്തംഗം ജി. ശ്രീകുമാര്‍ എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു.

More News from Pathanamthitta