നമഃശിവായ മന്ത്രങ്ങള്‍ പെരിങ്ങനാടിനെ ചൈതന്യധന്യമാക്കി

Posted on: 04 Feb 2012




പെരിങ്ങനാട്(പത്തനംതിട്ട):ആയിരക്കണക്കിന് കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന നമഃശിവായ മന്ത്രജപങ്ങള്‍ക്കിടയില്‍ അടൂര്‍ പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവര്‍ക്ഷേത്രത്തിലെ നാലമ്പല സമര്‍പ്പണം. 'എന്റെ ചേന്നോത്തു മഹാദേവരേ' എന്ന പ്രാര്‍ത്ഥനയ്ക്കരികേ ദേവനും ദേവിയും പ്രസന്നരായി. നാടും നാട്ടുകാരും ധന്യരായി.

മാതാ അമൃതാനന്ദമയീമഠം ജനറല്‍സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി തിരുനടയില്‍ ഭദ്രദീപം കൊളുത്തി നാലമ്പലം നാടിനായി സമര്‍പ്പിച്ചു.

നമ്മുടെ ഉള്ളിലുള്ള ഈശ്വര ശക്തിയെ ഉണര്‍ത്താനുള്ള സംവിധാനമാണ് ക്ഷേത്രങ്ങളെന്ന് പൂര്‍ണാമൃതാനന്ദപുരി പറഞ്ഞു. ഈശ്വരനെ ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ മാത്രം ഒതുക്കുന്ന സംസ്‌കാരമല്ല ഭാരത സംസ്‌കാരം. പ്രപഞ്ചം മുഴുവന്‍ ഈശ്വരന്‍ നിറഞ്ഞുനില്‍ക്കുകയാണ്. സകലചരാചരങ്ങളെയും ആദരിക്കാനുള്ള പരിശീലനമാണ് ക്ഷേത്രങ്ങളിലൂടെ കിട്ടുന്നത്. രൂപത്തിലും അരൂപത്തിലും ഉള്ള ഈശ്വരന്‍ നമ്മുടെ സങ്കല്പങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ശക്തിയാണ്. നമ്മുടെ ശരീരവും ക്ഷേത്രമാണ്. ഒപ്പം മറ്റ് ശരീരങ്ങളെയും ക്ഷേത്രങ്ങളായി കാണാന്‍ കഴിയണമെന്നും സ്വാമികള്‍ പറഞ്ഞു. ക്ഷേത്രസമര്‍പ്പണത്തിനുശേഷം നടന്ന ഉച്ചശീവേലി തൊഴാനും ഭക്തജനത്തിരക്ക് ഏറെയായിരുന്നു. വൈകീട്ട് പൂര്‍ണാമൃതാനന്ദപുരി സ്വാമികളുടെ കാര്‍മ്മികത്വത്തില്‍ നടന്ന മഹാസര്‍വ്വൈശ്വര്യപൂജയിലും, നവഗ്രഹ ഹോമത്തിലും നൂറ് കണക്കിന് ഭക്തര്‍ പങ്കാളികളായി.

ക്ഷേത്രത്തെ ഹൃദയത്തേക്കാള്‍ സ്‌നേഹിക്കുന്ന പരശ്ശതം ആളുകളുടെ ആഗ്രഹപൂര്‍ത്തീകരണമാണ് നാലമ്പല സമര്‍പ്പണത്തിലൂടെ സാധിച്ചതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

തലമുറകളുടെയും, ഹൃദയങ്ങളുടെയും, മനസ്സിന്റെയും ശുദ്ധീകരണത്തിന്റെ കേന്ദ്രമാണ് പെരിങ്ങനാട് ക്ഷേത്രമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ക്ഷേത്രഭരണസമിതി ആരംഭിച്ച ചികിത്സാസഹായവിതരണം മന്ത്രി അഡ്വ.അടൂര്‍ പ്രകാശ് നിര്‍വ്വഹിച്ചു. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. ക്ഷേത്രശില്പികളെ ആദരിച്ചു. ക്ഷേത്രം പ്രസിഡന്റ് ടി.ആര്‍.അജിത്കുമാര്‍ അധ്യക്ഷതവഹിച്ചു. ക്ഷേത്ര മുന്‍ പ്രസിഡന്റ്മാരെ പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ബി.ഹര്‍ഷകുമാറും ക്ഷേത്ര ഊരാണ്‍മ സച്ചിദാനന്ദ ഭട്ടതിരിയെ എന്‍.എസ്.എസ്.ഡയറക്ടര്‍ ബോര്‍ഡംഗം കലഞ്ഞൂര്‍ മധുവും, ക്ഷേത്രം സ്ഥപതി ദേവദാസ് ആചാരിയെ എസ്.എന്‍.ഡി.പി. താലൂക്ക് യൂണിയന്‍ സെക്രട്ടറി അരുണ്‍ തടത്തിലും ആദരിച്ചു. എ.പി.ജയന്‍, പഴകുളം ശിവദാസന്‍, എന്‍.ഡി.രാധാകൃഷ്ണന്‍, ബി.കൃഷ്ണകുമാര്‍, നീലകണ്ഠനാചരി, ടി.സി.രാമന്‍, തെങ്ങമം ജയന്‍, തട്ടയില്‍ മോഹനന്‍, വി.അജികുമാര്‍, കെ.മാധവനുണ്ണിത്താന്‍, ഭാസ്‌കരന്‍ പുഷ്പവാടി, കേശവന്‍നായര്‍, കെ.മാധവക്കുറുപ്പ്, എന്‍.ചന്ദ്രശേഖരക്കുറുപ്പ്, ബി.ശ്രീകുമാര്‍, കെ.ചന്ദ്രശേഖരക്കുറുപ്പ് എന്നിവര്‍ പ്രസംഗിച്ചു.

ക്ഷേത്രം സെക്രട്ടറി എ.വി.അനു സ്വാഗതവും, കമ്മിറ്റിയംഗം എസ്.പ്രസന്നകുമാര്‍ നന്ദിയും പറഞ്ഞു.

More News from Pathanamthitta